Kerala

സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ

ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

Madism Desk

സിപിഐഎം മുൻ എംഎൽഎ, എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ദേവികുളത്ത് നിന്ന് മൂന്ന് തവണ സിപിഐഎം ടിക്കറ്റിൽ എംഎൽഎയായ നേതാവാണ് ബിജെപിയിലെത്തിയിരിക്കുന്നത്. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്ന് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചു. ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍നിന്നും രാജേന്ദ്രനെ സ്സപെന്‍ഡ് ചെയ്തിരുന്നു. അതിനു ശേഷം പാർട്ടിയുമായി രാജേന്ദ്രൻ അകൽച്ചയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി, എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു രാജേന്ദ്രൻ. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ്‌ ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും അദ്ദേഹം നടത്തിയിരുന്നു.

ബിജെപിയിൽ ചേരുന്നതിന് പ്രത്യേക അജണ്ടയില്ല എന്ന് രാജേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും, മത്സരിക്കാൻ ആഗ്രഹം ഇല്ലെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ മാറ്റമെന്നും, ഹൈറേഞ്ചിലെ പ്രശ്നങ്ങൾ തീർക്കാൻ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, അദ്ദേഹം പറഞ്ഞു. ഒപ്പം, താനാരെയും കൂടെ ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രൻ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി രാജേന്ദ്രൻ വോട്ടഭ്യർത്ഥിച്ചത് വലിയ വാർത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രൻ വോട്ടു തേടിയിറങ്ങിയത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി മോഹം ഇല്ലെന്ന് രാജേന്ദ്രൻ പറയുമ്പോഴും, തോട്ടം മേഖലയിലെ അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്. അതുകൊണ്ട് തന്നെ, ബിജെപി സ്ഥാനാർഥിയായി അദ്ദേഹം ദേവികുളം മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യത മുഴുവനായും തള്ളിക്കളയാനാകില്ല.

English Summary: Former CPIM MLA S. Rajendran officially joins BJP in Thiruvananthapuram.