കൊച്ചി: ശബരിമല സ്വർണക്കൊളള കേസിൽ ദേവസ്വം ബോർഡിനെയും പത്മകുമാറിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനങ്ങൾ. ദേവസ്വം ബോർഡ് അധ്യക്ഷനായിരിക്കെ എ പത്മകുമാർ അതിന്റെ ഉത്തവാദിത്തം കാണിച്ചില്ലെന്നും എല്ലാ ജോലികളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചാൽ ദേവസ്വം ബോർഡിന് എന്താണ് ജോലിയൊന്നും കോടതി ചോദിച്ചു. കേസിൽ എസ്ഐടി കണ്ടെത്തിയ എ പത്മകുമാർ, ഗോവർധൻ, മുരാരി ബാബു എന്നീ പ്രധാനപ്പെട്ട മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിശോധിച്ചത്. ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം റിമാൻഡിൽ കഴിയുന്ന പതിമൂന്നാം പ്രതി തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ കിട്ടാൻ എസ് ഐ ടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലും ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരാൾ പ്രതിചേർക്കപ്പെട്ട അന്ന് മുതൽ ആശുപത്രിയിലാണ്, ആ പ്രതിയുടെ മകനൊരു എസ്പിയാണ് അതാണ് ആശുപത്രിയിലേക്ക് പോയതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. അതേസമയം കെപി ശങ്കരദാസിന് സംസാരിക്കാൻ പോലുമുള്ള ശേഷിയില്ലെന്ന് ചിത്രങ്ങൾ ഉൾപ്പെടെ ഹാജരാക്കി എസ്ഐടി ടീം കോടതിയിൽ വാദിച്ചു. ജാമ്യഹരജിയിൽ വിധി പറയാനായി മാറ്റിയിട്ടുണ്ട്. അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികളിലും ഹൈക്കോടതി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പതിമൂന്നാം പ്രതി തന്ത്രി കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും അടുത്ത സുഹൃത്തുക്കളാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. 2018 മുതൽ ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും, കൂടാതെ ഉണ്ണി കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്കെത്തിച്ചതിന് പിന്നിൽ തന്ത്രിയുടെ ഇടപെടലുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അന്വേഷണവും നിലവിൽ ശക്തമാക്കിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രതികളായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സ്വർണപ്പാളികൾ ഉരുക്കി കടത്താൻ സഹായിച്ച സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും, സ്വർണം വാങ്ങിയ ഗോവർധൻ തുടങ്ങിയവരുടെ അക്കൗണ്ടുകളും സ്വത്തുക്കളും ഇ ഡി പരിശോധിച്ച് വരികയാണ്.
English Summary: The Kerala High Court strongly criticized the Travancore Devaswom Board and former president A Padmakumar while hearing bail pleas in the Sabarimala gold theft case, citing serious lapses in responsibility.