ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി അപമാനിക്കാൻ ശ്രമിച്ചതിലൂടെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് സത്യഭാമ. വിഷയത്തിൽ കലാമേഖലയിൽ നിന്നും നിരവധി ആളുകൾ രാമകൃഷ്ണന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ അഭിനേത്രിയും ഓട്ടൻതുള്ളൽ കലാകാരിയുമായ സ്നേഹ ശ്രീകുമാർ നടത്തിയ പ്രതികരണത്തിൽ സ്നേഹയെ അത്യന്തം അപമാനകരമായ രീതിയിൽ അധിക്ഷേപിച്ചു കൊണ്ട് വീണ്ടും രംഗത്തു വന്നിരിക്കുകയാണ് സത്യഭാമ.
'നല്ല കുടുംബത്തിൽ നല്ല പിതാവിന് ഉണ്ടായ ഒരാളും തന്നെ മോശം പറയില്ല' എന്ന വിവാദ പരാമർശമാണ് സ്നേഹക്കെതിരെ സത്യഭാമ നടത്തിയത്. കൂടാതെ കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണമെന്ന താക്കീതും തന്റെ സോഷ്യൽ മീഡിയയിലൂടെ അവർ നൽകുന്നുണ്ട് .
ആർഎൽവി രാമകൃഷ്ണനെ അപമാനിക്കാൻ ശ്രമിച്ച സംഭവം നാളുകൾ കഴിഞ്ഞിട്ടും, അന്ന് തനിക്കെതിരെ സംസാരിച്ചവർക്ക് ഇപ്പോൾ മറുപടി നൽകുന്നത് ശ്രദ്ധ പിടിച്ചു വാങ്ങുന്നതിനു വേണ്ടിയാണെന്ന തരത്തിലുള്ള രൂക്ഷ വിമർശനങ്ങളാണ് സത്യഭാമയ്ക്ക് എതിരെ ഉയരുന്നത്.
തന്റെ സോഷ്യൽ മീഡിയയിലൂടെ സത്യഭാമ പങ്കുവെച്ച വീഡിയോയിൽ സ്നേഹയുടെ തൊഴിലിനേയും ശരീരത്തെയും കളിയാക്കുന്ന പദപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. സ്നേഹയുടെ വ്യക്തിപരമായ കാര്യങ്ങളെ വലിച്ചിഴച്ചും ശരീരഘടനയെയും കലാജീവിതത്തെയുമെല്ലാം പരിഹസിച്ചുമാണ് സത്യഭാമ വീഡിയോയിലൂടെ സംസാരിച്ചത്.
English Summary: Sathyabhama has sparked fresh controversy after making highly offensive and body-shaming remarks against actress Sneha Sreekumar.