കൊച്ചി: മലയാള വാർത്താ മാധ്യമ ചരിത്രത്തിലെ ആദ്യ വനിത ചീഫ് എഡിറ്ററായി ചുമതലയേറ്റ് പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവതി. പുത്തൻ മലയാളം വാർത്താ ചാനലായ ബിഗ് ടിവിയുടെ ലോഞ്ചിലാണ്, ചാനലിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് സുജയ ഔദ്യോഗികമായി അധികാരമേറ്റത്. സുജയയുടെ ഈ നേട്ടം എല്ലാ വനിതകൾക്കും പ്രചോദനമാകട്ടെയെന്ന് ബിഗ് ടിവിയുടെ എംഡി അനിൽ അയിരൂർ സുജയയെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. സ്ത്രീയായതുകൊണ്ടല്ല, മറിച്ച് സുജയ ഈ പദവിക്ക് എന്തുകൊണ്ടും അർഹയാണെന്നും, മാധ്യമരംഗത്ത് ഒരു ടീമിനെ നയിക്കാനുള്ള അസാമാന്യ കഴിവ് സുജയ്ക്കുണ്ടെന്നും അനിൽ അയിരൂർ പറഞ്ഞു.
ചാനൽ ലോഞ്ചിന്റെ അവതാരികയായിരുന്ന രഞ്ചിനി ഹരിദാസ്, സ്ത്രീകൾ സമൂഹത്തിൽ ഉയർന്നുവരുന്നതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. സുജയയുടെ നേട്ടം ഒറ്റത്തവണയായി ഒതുങ്ങരുതെന്നും, ഇത്തരം നേട്ടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടണമെന്നും രഞ്ചിനി പറഞ്ഞു.
തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സുജയ പാർവതിയുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താവായനക്കാരിയായി കരിയർ ആരംഭിച്ച തന്നെ ഒരു സമ്പൂർണ മാധ്യമപ്രവർത്തകയാക്കി വളർത്തിയതിൽ അനിൽ അയിരൂരിന്റെ പങ്ക് നിർണായകമാണെന്നും, അദ്ദേഹമാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും സുജയ പറഞ്ഞു. “ബിഗ് ടിവിക്ക് മുൻപും ശേഷവും എന്ന രീതിയിൽ മലയാളം വാർത്താ ചാനലുകൾ അടയാളപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം. അതുതന്നെയാണ് ബിഗ് ടിവിയുടെ ബിഗ് വിഷൻ,” എന്ന് സുജയ പറഞ്ഞവസാനിപ്പിച്ചു.
റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ്, 24 ന്യൂസ്, തുടങ്ങിയ വമ്പൻ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന സുജയ, മലയാളം ദൃശ്യമാധ്യമ രംഗത്ത് പുത്തൻ വഴിത്തിരിവായി മാറാൻ പോകുന്ന ബിഗ് ടിവിയുടെ ചുമതലയേറ്റത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ഗോപാലകൃഷ്ണനാണ് ബിഗ് ടിവിയുടെ ന്യൂസ് ഡയറക്ടർ. ജോഷി കുര്യൻ, എസ് വിജയകുമാർ, എന്നിവരാണ് ചാനലിന്റെ എക്സിക്യൂടീവ് എഡിറ്റേഴ്സ്. സിനിയർ കോർഡിനേറ്റർ - അപർണ കുറുപ്പ്, കോർഡിനേറ്റിംഗ് എഡിറ്റർ - ലക്ഷ്മി പദ്മ. ചാനൽ ഉടൻ സംപ്രേഷണം ആരംഭിക്കുമെന്നാണ് സൂചന.
English Summary: Sujaya Parvathy has made history as the first woman Chief Editor in Malayalam news media, taking charge of the newly launched Big TV news channel