Anantharaman Ajay image : Madism Digital
Podcast

ഇതൊക്കെ വെറും നിസ്സാരം!!!

Anusha Andrews

അനന്തരാമൻ അജയ്: 'Appuppan and the boys,' 'Nissaram,' എന്നീ യൂട്യൂബ് ചാനലുകൾ വഴി മലയാളികൾക്ക് സുപരിചിതനാണ് അനന്തരാമൻ. ആളുകൾ അധികം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പഴയ സിനിമകളെ 'forgotten malayalam movies' എന്ന പരിപാടിയിലൂടെ വിലയിരുത്തി, ആനന്ത് പ്രേക്ഷകരെ ചിരിപ്പിക്കുന്നു. തമാശയും, കൗണ്ടറുകളും, ട്രോളും നിറഞ്ഞതാണ് 'Appuppan and the boys' എങ്കിൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'Nissaram'. നാം സ്കൂളുകളിൽ പഠിച്ചിട്ടുള്ള, 'ബുദ്ധിമുട്ടുള്ളത്' എന്ന് തോന്നിപ്പിക്കുന്ന പല തിയറികളും, ഫോർമുലകളും, അടിസ്ഥാന പാഠങ്ങളും യഥാർത്ഥത്തിൽ എത്രമാത്രം എളുപ്പമാണെന്ന് ആനന്ത് 'Nissaram' വഴി നമ്മെ ഓർമ്മിപ്പിക്കുന്നു.

മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളെ കുറിച്ചും, പഠിപ്പിക്കുന്ന വിഷയങ്ങളെ കുറിച്ച് അധ്യാപകർക്ക് അഭിനിവേശം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, കുട്ടികൾ എന്തുകൊണ്ട് സ്കൂളിലെ പാഠങ്ങൾ പഠിക്കുന്നില്ല എന്നതിന്റെ കാരണങ്ങളെ കുറിച്ചും നിരിശ്വരവാദത്തിന്റെ പാളിച്ചകളെ കുറിച്ചും, ആനന്ത് ചർച്ച ചെയ്യുന്നുണ്ട്. തന്റെ സ്വപ്നങ്ങൾ, സിനിമകൾ, രീതികൾ, വിശ്വാസങ്ങൾ, കുടുംബം തുടങ്ങിയ കാര്യങ്ങളും അനന്ത് ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

ആനന്തിന്റെ നിസ്സാരം യൂട്യൂബ് ചാനൽ വളരെ പ്രശസ്തമാണ്. ഒരുപാട് പേർ ആനന്ത് പഠിപ്പിക്കുന്ന ശൈലിയെ ഇഷ്ടപ്പെടുന്നുണ്ട്. യൂട്യൂബിലെ ഒരു 'ക്രിയേറ്റീവ് അധ്യാപകൻ' എന്ന നിലയിലേക്ക് എത്തിപ്പെടുന്നത് എങ്ങനെയാണ്?

എന്റെ കുടുംബത്തിൽ അച്ഛനും അമ്മയുമടക്കം ഒട്ടുമിക്ക പേരും അധ്യാപകരാണ്. അതുകൊണ്ട് തന്നെ അവർ കുട്ടികളെ പഠിപ്പിക്കുന്ന രീതികൾ ഞാൻ കണ്ടു മനസിലാക്കാറുണ്ട്. സ്കൂളിൽ ഞാൻ നന്നായി പഠിക്കുമായിരുന്നു. എന്നാൽ കോളേജ് എത്തിയപ്പോൾ ഉഴപ്പാനും ക്ലാസ് കട്ട് ചെയ്യാനും തുടങ്ങി. എന്റെ കോളേജിൽ അറ്റന്റൻസ് നിർബന്ധം ഇല്ലാത്തതിനാൽ ആരും തന്നെ ക്ലാസിൽ പോകാറില്ല. അങ്ങനെയിരിക്കേ ഉഴപ്പ് മതിയാക്കാൻ തീരുമാനിച്ച്, ഞാൻ ക്ലാസ്സിൽ പോകാൻ ആരംഭിച്ചു. എന്നാൽ പതിവു പോലെ ക്ലാസിൽ ഞാനും അധ്യാപകനും മാത്രം. അദ്ദേഹം എനിക്ക് മാത്രമായി 'ക്വാണ്ടം മെക്കാനിക്സി'ന്റെ ക്ലാസുകൾ എടുത്ത് തന്നിട്ടും, എനിക്കത് മനസിലാകുന്നുണ്ടായില്ല.

പിന്നീട് കോളേജ് പൂർത്തിയാക്കി വെറുതെ ഇരുന്നപ്പോൾ, ഒരിക്കൽ യൂട്യൂബിൽ ഗുരുത്വാകർഷണത്തെ കുറിച്ച് പഠിപ്പിക്കുന്ന 26 മിനുറ്റ് നീണ്ട ഒരു വീഡിയോ കാണാനിടയായി. മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചിട്ടും മനസിലാകാത്ത ഫിസിക്സിന്റെ അടിസ്ഥാന പാഠങ്ങൾ എന്നെ പഠിപ്പിക്കാൻ ആ ഒറ്റ വീഡിയോയ്ക്ക് കഴിഞ്ഞു. അപ്പോഴാണ് അധ്യാപനം എത്രത്തോളം രസകരമാക്കാമെന്നും, അത് വിദ്യാർത്ഥികളെ എത്രമാത്രം സഹായിക്കുമെന്നും മനസിലാക്കിയത്. ആ തിരിച്ചറിവിനെ തുടർന്നാണ് 'നിസ്സാരം' ആരംഭിക്കുന്നത്.

മണിക്കൂറുകളോളം സമയം ഇൻസ്റ്റ​ഗ്രാം റീലുകൾക്ക് വേണ്ടി ചിലവഴിക്കുന്ന തലമുറയാണ് നമ്മുടേത്. ഒരേ കാര്യത്തിൽ സ്ഥിരതയോടെ ശ്രദ്ധ ചെലുത്താൻ കഴിയാത്ത നാം, ​ഗ്രാവിറ്റി, അസ്ട്രോണമി, ക്വാണ്ടം മെക്കാനിക്സ്, ബ്ലാക്ക് ഹോൾ, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആനന്ത് സംസാരിക്കുന്നത് ഇമ വെട്ടാതെ കണ്ടിരിക്കുന്നു. 'നിസ്സാര'വും ആനന്തും ആളുകളെ പിടിച്ചിരുത്തുന്നതിന് പിന്നിലെ രഹസ്യം എന്താണ്?

സമൂഹ മാധ്യമങ്ങളിലെ ട്രെന്റുകളും, ആൽ​ഗോരിതവും പിൻതുടരുന്നതിന് എതിരാണ് ഞാൻ. വ്യത്യസ്ഥമായ ആശയങ്ങളും, അതിൻമേലുള്ള പരിശ്രമവുമാണ് എന്നെ എക്കാലവും സഹായിച്ചിട്ടുള്ളത്. ഒഴുക്കിനൊപ്പം നീങ്ങുന്നതിൽ കാര്യമില്ല. വരും കാലങ്ങളിലും ലോകം നമ്മെ ഓർത്തിരിക്കണമെങ്കിൽ വ്യത്യസ്ഥമായ ആശയങ്ങൾ തന്നെ കൊണ്ടു വരണം. ശ്രദ്ധ തീരെ ഇല്ലാത്ത തലമുറയെ, അവർ ബോറടിയാണ്, താൽപ്പര്യമില്ല, എന്നൊക്കെ പറഞ്ഞ് തള്ളിക്കളയുന്ന വിഷയങ്ങളെ കുറിച്ച് പഠിപ്പിക്കുക എന്നതാണ് 'നിസ്സാര'ത്തിന്റെ ആശയം. 'നിസ്സാരം' മാത്രമല്ല, എന്റെ ആദ്യത്തെ ചാനൽ 'Appuppan and the boys' ഇതുപോലെ വേറിട്ട ആശയം മുന്നോട്ട് കൊണ്ടുവന്ന ചാനലാണ്. മറ്റു ചാനലുകൾ എന്റെ ആശയത്തെ പ്രസക്തമായ സിനിമകളിൽ ഉപയോഗിക്കുമ്പോൾ ഞാൻ ആരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സിനിമകളെ കുറിച്ച് മാത്രം സംസാരിക്കുന്നു. ഈ രണ്ടു ചാനലുകളിലേക്കും കുറേ കാലം കഴിഞ്ഞാലും ആളുകൾ തിരികെ പോകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ 'സയൻസ്' എന്നത് ഉത്തരക്കടലാസിൽ മാർക്ക് വാങ്ങാനുള്ള വെറുമൊരു വിഷയം മാത്രമാണ് എന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും, സയൻസിനെ ശരിയായി മനസിലാക്കാതെയാണ് നമ്മുടെ നാട്ടിലെ സ്കൂളുകളും ആധ്യാപകരും അത് പഠിപ്പിക്കുന്നത്. അടിസ്ഥാന തത്ത്വങ്ങൾ ഉൾക്കൊള്ളാൻ പോലും പലരും തയ്യാറല്ല. അധ്യാപകരെ സംബന്ധിച്ചെടുത്തോളം, പരീക്ഷയ്ക്ക് മുൻപ് പാഠഭാ​ഗങ്ങൾ എങ്ങനെയെങ്കിലും തീർക്കണം എന്നത് മാത്രമാണ് ലക്ഷ്യം. മാത്രമല്ല, കുട്ടികൾ എത്രമാത്രം അറിവ് നേടി എന്നതിലുപരി എത്ര A+ നേടി എന്നാണ് അധ്യാപകരും മാതാപിതാക്കളും അന്വേഷിക്കുക. നാം ബുദ്ധിമുട്ടാണ് എന്ന് കരുതുന്ന പല വിഷയങ്ങളും യഥാർത്ഥത്തിൽ എത്രമാത്രം എളുപ്പമായിരുന്നു എന്ന് ഒരു നല്ല അധ്യാപികയ്ക്ക് നിമിഷനേരം കൊണ്ട് നമുക്ക് പറഞ്ഞു തരാൻ കഴിയും. പക്ഷെ അത്തരം അധ്യാപകരും, അവരുടെ അഭിരുചികളെ പിൻതാങ്ങുന്നവരും നമ്മുടെ സമൂഹത്തിൽ വിരളമാണ് എന്നതാണ് സത്യം.

In his interview with Madism Digital, Anand opens up about the flaws in India’s education system, the importance of teachers having a passion for the subjects they teach, and why children struggle to learn at school. He also discusses the shortcomings of atheism, along with his dreams, films, methods, beliefs, and family life.