Podcast

എന്നെ പേടിച്ച് ആരും വരില്ല! ഞാൻ ഓടിച്ചു വിടും

Anusha Andrews

ജുവൽ മേരി: സ്റ്റേജ്, റിയാലിറ്റി ഷോകൾ വഴിയും, സിനിമകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജുവൽ മേരി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്,' ഏഷ്യാനെറ്റിലെ 'സ്റ്റാർ സിംഗർ,' തുടങ്ങിയ പരിപാടികളിലൂടെ ജുവൽ പ്രേക്ഷക ശ്രദ്ധ നേടി. സലിം അഹമ്മദ് സംവിധാനം ചെയ്ത 'പത്തേമാരി' എന്ന ചിത്രത്തിലാണ് ജുവൽ ആദ്യമായി അഭിനയിച്ചത്. തന്റെ ജീവതത്തിലുണ്ടായ കഷ്ടതകളെ കുറിച്ചും, കാൻസറിനെ അതിജീവിച്ചതിനെ കുറിച്ചും, വിവാഹമോചനത്തെ കുറിച്ചും, ജുവൽ അടുത്തിടെ മനസ്സ് തുറന്നിരുന്നു.

മാഡിസം ഡിജിറ്റലിന് നൽകിയ പോഡ്കാസ്റ്റിൽ, പെൺകുട്ടികളുടെ വിവാഹപ്രായം, വിവാഹമോചനത്തിന് ഒരുങ്ങുന്ന ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങൾ, മാധ്യമങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം, മത വിശ്വാസം, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. പല രസകരമായ കഥകളും ഈ അഭിമുഖത്തിൽ ജുവൽ പറയുന്നുണ്ട്.

ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ചും, കാൻസറിനെ അതിജീവിച്ചതിനെ കുറിച്ചും തുറന്ന് പറഞ്ഞ് ജുവൽ എല്ലാവരേയും ഞെട്ടിച്ചു. അതിന് ശേഷം ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ?

സത്യം പറഞ്ഞാൽ ആ അഭിമുഖം ഞാൻ ധന്യയോട് അങ്ങോട്ട് ആവശ്യപ്പെട്ടതാണ്. എനിക്ക് പറയാൻ ഒരുപാട് വർഷത്തെ കഥകളുണ്ടായിരുന്നു. എല്ലാം തുറന്ന് പറഞ്ഞതിന് ശേഷമാണ് ഞാൻ സ്വതന്ത്രയായത്. കാരണം അതുവരെ ഞാൻ ഒരുപാട് നുണകൾ പറഞ്ഞാണ് മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിന്നത്. എന്റെ കഴുത്തിൽ ഓപ്പറേഷൻ ചെയ്ത പാടുകൾ ഉണ്ടായി. അത് മറച്ചു പിടിച്ചാണ് ഇത്ര കാലം ഞാൻ നടന്നത്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല എന്നതിൽ എനിക്ക് അഭിമാനമുണ്ട്. മാത്രമല്ല, എന്റെ അഭിമുഖം കാൻസറിനെ പൊരുതുന്ന പലർക്കും കരുത്ത് നൽകി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം.

വിവാഹമോചനത്തിന്റെ വാർത്ത പ്രേക്ഷകർ എങ്ങനെയാണ് സ്വീകരിച്ചത്?

പലരും എന്റെ ധൈര്യത്തെ പ്രശംസിച്ചിരുന്നു. വിവാഹമോചനത്തിലൂടെ കടന്നു പോകുന്ന ചില സ്ത്രീകൾ എന്നോട് സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ ഞാൻ അവരോട് സംസാരിക്കാൻ തയ്യാറായില്ല. ആളുകൾ അവരുടെ പ്രശ്നങ്ങളെ നേരിടുന്നതിൽ വരുത്തുന്ന എറ്റവും വലിയ വീഴ്ച്ചയാണ് അത് മറ്റുള്ളവരോട് പറഞ്ഞ് ആശ്വാസം കണ്ടെത്തുന്നത്. ഞാൻ വിവാഹമോചനം നേടിയെങ്കിലും, അത് എന്നെ അതിന്റെ 'മാസ്റ്റർ' ആക്കുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ മറ്റുള്ളവരെ ഈ വിഷയത്തിൽ ഉപദേശിക്കാറുമില്ല. നമ്മുക്ക് തീരുമാനം എടുക്കേണ്ട ഇടങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കുത്തിനിറയ്ക്കുന്നത് ആരോഗ്യപരമായ പ്രവണതയല്ല.

ബന്ധുക്കളുടെ ഉപദേശം കൂടി കാണുമല്ലോ?

എന്റെയടുത്ത് ആരും ഉപദേശവുമായി വരാറില്ല. ഞാൻ തിരിച്ച് എന്തെങ്കിലും പറയും എന്ന് ഒന്ന് രണ്ടു അനുഭവങ്ങളിൽ നിന്നും അവർ തന്നെ പഠിക്കും. കാരണം ഞാൻ നന്നാവണം എന്നതല്ല, മറിച്ച്, എന്നെ തകർക്കുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ഉദ്ദേശം. അതുകൊണ്ട് തന്നെ ഞാൻ അത് ശ്രദ്ധിക്കാറില്ല. എന്നെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ, 'അയ്ന്' എന്ന് തിരിച്ച് ചോദിച്ച് ഞാൻ അവരെ തകർക്കും. മനുഷ്യരെ തകർക്കാൻ വളരെ എളുപ്പമാണ്. അതിന് നൂറ് വഴികളുമുണ്ട്. എന്നെ ദ്രോഹിക്കാനും അപമാനിക്കാനും വരുന്ന മനുഷ്യർക്ക് ഞാൻ എന്റെ നോട്ടം പോലും കൊടുക്കാറില്ല. കാരണം എന്റെ യാഥാർത്ഥ്യത്തിൽ അവരില്ല.

Actress Jewel Mary, one of Malayalam cinema and TV’s most loved faces, opens up in this exclusive Madism Digital podcast about her journey from reality shows to cinema. She speaks candidly about society’s ideas of “marriageable age,” the stigma around divorce, media intrusion, and the faith that helped her survive cancer, while also sharing warm and fun stories from her life and career.