ഹോളീവുഡ് സംസ്കാരത്തിനിടയിൽ തന്റെ മക്കളെ വളർത്താനാകില്ല എന്ന കാരണത്തെ ചൊല്ലി, ഹോളിവുഡ് സൂപ്പർ താരവും സംവിധായകനുമായ ജോർജ് ക്ലൂണിക്കും, രാജ്യാന്തര അഭിഭാഷകയായ ഭാര്യ അമാലിനും, അവരുടെ മക്കൾക്കും, ഫ്രഞ്ച് പൗരത്വം നൽകി സർക്കാർ. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ പുതിയ ഫ്രഞ്ച് പൗരത്വം ലഭിച്ചവരുടെ പട്ടികയിൽ ജോർജ് ക്ലൂണിയെയും, ഭാര്യ അമാൽ ക്ലൂണിയെയും, അവരുടെ മക്കളായ അലക്സാണ്ടറിനേയും, എലയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പൗരത്വവും കൈവശമുള്ള ക്ലൂണിയും, ബ്രിട്ടീഷ്-ലെബനീസ് വംശജയായ അമാൽ ക്ലൂണിയും, ഇതിനോടകം തന്നെ ഫ്രാൻസിനെ തങ്ങളുടെ സ്വന്തം രാജ്യമായി സ്വീകരിച്ചു കഴിഞ്ഞു. ഇരുവർക്കും ഇംഗ്ലണ്ടിലും കെന്റക്കിയിലും വീടുകളുണ്ടെങ്കിലും, തങ്ങളുടെ പ്രധാന വസതി ഫ്രാൻസിലെ ഒരു 'ഫാം' ആണെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, നടൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു. കെന്റക്കിയിൽ ജനിച്ചു വളർന്ന തനിക്ക് ഫാമിൽ നിന്നും പുറത്തു കടക്കണം എന്ന് മാത്രമായിരുന്നു ആഗ്രഹം, എന്നാൽ ഇപ്പോൾ സമാധാനപരമായ ഫാം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താൻ എന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ തന്റെ കൃഷിഭൂമിയിൽ, ട്രാക്ടർ ഓടിക്കുന്നത് മുതലുള്ള സകല ജോലികളിലും താൻ ഏർപ്പെടുമെന്നും സാധാരണക്കാരനെ പോലെ ജീവിതം നയിക്കാൻ ഇതാണ് മികച്ച മാർഗമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2021 മുതൽ ക്ലൂണി തന്റെ കുടുംബത്തിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശങ്ങളെ കുറിച്ച് ഏറെ വാചാലനായിരുന്നു. ആ വർഷം തന്നെ തന്റെ മക്കളുടെ സുരക്ഷക്കായി, അവരുടെ മുഖചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു. തന്റെ മക്കളെ ലോസ് ആഞ്ജലസിൽ വളർത്താൻ താൽപര്യമില്ലെന്ന് ജോർജ് ക്ലൂണി പല വേദികളിലായി പറഞ്ഞിട്ടുണ്ട്. ഹോളീവുഡ് സംസ്കാരത്തിലും പ്രശസ്തിയിലും പാപ്പരാസ്സികൾക്കിടയിലും കുട്ടികൾ വളരുന്നതിൽ പല അപകടങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഫ്രാൻസിൽ പ്രശസ്തിയ്ക്ക് പ്രാധാന്യമില്ലെന്നും, മക്കൾ സാധാരണക്കാരെ പോലെ വളരുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
ഫ്രാൻസിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. സ്വകാര്യ ഇടങ്ങളിൽ വെച്ച് ഒരാളുടെ ഫോട്ടോ എടുക്കുന്നതും, അവരുടെ വീടിന്റെ വിലാസം, ഫോൺ നമ്പർ പോലുള്ള വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുന്നതും ഫ്രാൻസിൽ നിയമവിരുദ്ധമാണ്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ലെങ്കിൽ, പൊതുസ്ഥലങ്ങളിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനത്തിനും അവിടെ നിരോധനമുണ്ട്. അത്തരം പ്രവർത്തികൾ പാപ്പരാസ്സികളുടെ ഭാഗത്തു നിന്നും ഉണ്ടായാൽ ഉടൻ തന്നെ ശക്തമായ നടപടികളാണ് ഫ്രെഞ്ച് സർക്കാർ സ്വീകരിക്കുക.
English Summary: George Clooney and Amal Clooney have officially been granted French citizenship, according to a newly released gazette notice.