Pop culture

ചെരുപ്പ് കോപ്പിയടിച്ച് പ്രാഡ, കിങ് ഖാൻ മെറ്റ് ​ഗാലയിൽ; 2025 ഇന്ത്യൻ 'പോപ്പ് കൾച്ചർ' നിമിഷങ്ങൾ

കല്ല്യാണി പ്രിയദർശൻ, 'ചന്ദ്ര' എന്ന സൂപ്പർഹീറോ വേഷത്തിലെത്തിയ 'ലോക: ചാപ്റ്റർ 1 ചന്ദ്ര,' റെക്കോർഡുകൾ ഭേദിച്ചത്, 2025ലെ സുപ്രധാനമായ ഇന്ത്യൻ 'പോപ്പ് കൾച്ചർ' നിമിഷങ്ങളിലൊന്നാണ്

Entertainment Desk

കിങ് ഖാന്റെ മെറ്റ് ​ഗാല അരങ്ങേറ്റം

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ കറുപ്പ് നിറത്തിലുള്ള കോട്ടും സില്‍ക്ക് ഷര്‍ട്ടും ട്രൗസേഴ്‌സും ധരിച്ച്‌ ബോളീവുഡ് താരം ഷാരൂഖ് എത്തിയത് ഈ വർഷത്തെ മികച്ച പോപ്പ് കൾച്ചർ നിമിഷമായിരുന്നു. അങ്ങനെ മെറ്റ് ഗാലയുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യന്‍ നടനായി മാറി ഷാരൂഖ് ഖാന്‍. കിങ് ഖാൻ ധരിച്ചിരുന്ന വസ്ത്രം ഡിസൈന്‍ ചെയ്തത് സബ്യാസാചിയാണ്. മക്കളുടെ ആ​ഗ്രഹപ്രകാരമാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് അദ്ദേ​ഹം മെറ്റ് ​ഗാല വേദിയിൽ വെച്ച് വോ​ഗ് മാ​ഗസിനോട് പറഞ്ഞു.

ഷാനൽ ഷോ സംഘടിപ്പിച്ച ആദ്യ ഇന്ത്യൻ മോഡലായി മാറി ഭവിത മാണ്ടവ

2025ൽ, 25 വയസ്സുകാരി ഭവിത മാണ്ടവ ഷാനൽ ഷോ സംഘടിപ്പിച്ച ആദ്യ ഇന്ത്യൻ മോഡൽ എന്ന സ്ഥാനത്തിന് അർഹയായി. ന്യൂയോർക്കിലെ ഒരു സബ് വേ സ്റ്റേഷനിലാണ് ഭവിത, ഷാനൽ ആർട്ട് ഷോ നടത്തിയത്. അതേ സബ് വേയിൽ വെച്ചാണ് തന്നെ ഒരു പ്രമുഖ ബ്രാന്റ്, മോഡലായി തിരഞ്ഞെടുത്തത് എന്ന് ഭവിത പിന്നീട് തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യക്കാർക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചരിത്ര നിമിഷം തന്നെയായാണ് ഭവിതയുടെ ഈ നേട്ടത്തെ ഫാഷൺ ലോകം നോക്കി കാണുന്നത്. 2025ലെ ഒരു മികച്ച പോപ്പ് കൾച്ചർ നിമിഷം കൂടിയായിരുന്നു അത്.

കോലാപുരി ചെരുപ്പുകൾ കോപ്പിയടിച്ച് പ്രാഡ

മിലൻ ഫാഷൻ വീക്കിനു വേണ്ടി പ്രശസ്ത ഇറ്റാലിയൻ വസ്ത്രധാരണ കമ്പനിയായ പ്രാഡ, ഇന്ത്യയിലെ പരമ്പരാ​ഗത കോലാപുരി ചെരുപ്പുകളെ കോപ്പിയടിച്ചതാണ്, 2025ലെ മറ്റൊരു പ്രധാനപ്പെട്ട പോപ്പ് കൾച്ചർ നിമിഷം. കോലാപുരി ചെരുപ്പുകൾ ധരിച്ചെത്തിയ മോഡലുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. ഇന്ത്യൻ സംസാകാരത്തേയും, പരമ്പരാ​ഗത വസ്ത്രങ്ങളേയും, പാശ്ചാത്യ രാജ്യങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനെതിരെ നിരവധി പേരാണ് വിമർശനങ്ങൾ ഉന്നയിച്ചത്.

ബുക്കർ പ്രൈസ് നേടുന്ന ആദ്യ കന്നഡ എഴുത്തുകാരിയായി ബാനു മുഷ്താഖ്

അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ കന്നഡ എഴുതത്തുകാരിയായി ബാനു മുഷ്താഖ് തിരഞ്ഞെടുക്കപ്പെട്ട വർഷം കൂടിയാണ് 2025. 'Heart Lamp' എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ഈ പുസ്തകത്തിൽ ദക്ഷിണേന്ത്യയിലെ, മുസ്ലീം സമൂദായത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതത്തെ ബാനു മുഷ്താഖ് അതിമനോഹരമായി പകർത്തി. ഇന്ത്യൻ സാഹിത്യലോകത്തിന് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചരിത്ര നിമിഷമായിരുന്നു ഇത്.

ലോകകപ്പ് നേടി ഇന്ത്യൻ പെൺപട

2025-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് അഭിമാനകരമായ വിജയം നേടിക്കൊടുത്തു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യമായി കിരീടം സ്വന്തമാക്കി. കൂടാതെ, 2025-ൽ തന്നെ അണ്ടർ-19 വനിതാ ലോകകപ്പും ബ്ലൈൻഡ് വനിതാ ടി-20 ലോകകപ്പും ഇന്ത്യ നേടി. കായികരംഗത്ത് വനിതാ ലോകകപ്പുകൾ നേടുന്നതിൽ ഇന്ത്യ മുന്നേറിയ ഒരു പ്രാധന വർഷമായിരുന്നു 2025.

മെസ്സി ഇന്ത്യയിലെത്തിയ വർഷം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യ സന്ദർശിച്ച വർഷമായിരുന്നു 2025. നീലയും വെള്ളയും നിറങ്ങളാൽ നിറഞ്ഞ സ്റ്റേഡിയത്തിലേക്കു പിങ്ക് ടീഷർട്ട് ധരിച്ച് ചെറുചിരിയോടെയായിരുന്നു മെസ്സിയുടെ വരവ്. ലോകഫുട്ബോളിലെ മിശിഹയെ കണ്‍മുന്നില്‍ കണ്ട സന്തോഷത്തിൽ ആരാധകർ ആവേശത്താൽ ഇളകിമറിഞ്ഞു. മെസ്സി ഇന്ത്യയിൽ ചിലവഴിച്ച 72 മണിക്കൂറുകളിലെ ഓരോ നിമിഷവും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏക്കാലവും ഓർമിക്കപ്പെടുമെന്ന് തീർച്ചയാണ്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നാലുനഗരങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുത്താണ് മെസ്സി മടങ്ങിയത്.

ഇത് കൂടാതെ, ​നോ‍ർവേ ഓപ്പണ്‍ ചെസിന്‍റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്പ്യനായി മാറിയ ഡി ഗുകേഷ് 2025ൽ ചരിത്രം കുറിച്ചു. അതുപോലെ കോൾഡ്പ്ലേ കോൺസേർട്ട് ഇന്ത്യക്കാരുടെ കീശ കാലിയാക്കിയതും, സൗത്ത് ആഫ്രിക്കൻ പോപ്പ് ​ഗായിക ടൈല ഇന്ത്യയിലെത്തിയതും. കല്ല്യാണി പ്രിയദർശൻ, 'ചന്ദ്ര' എന്ന സൂപ്പർഹീറോ വേഷത്തിലെത്തിയ 'ലോക: ചാപ്റ്റർ 1 ചന്ദ്ര,' റെക്കോർഡുകൾ ഭേദിച്ചതും, നീരജ് ഗെയ്‌വാന്റെ 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായതുമെല്ലാം 2025ലെ മറക്കാനാവാത്ത പോപ്പ് കൾച്ചർ നിമിഷങ്ങളാണ്.

English Summary: A quick roundup of India’s biggest pop-culture moments in 2025