ഓറഞ്ച് നിറത്തിൽ മിന്നുന്ന എന്തോ ഒന്ന് ഡിസബർ 29ന് അമേരിക്കയിലെ ടെക്സസിലെ സാൻ അന്റോണിയോയ്ക്ക് മുകളിൽ വന്നു നിന്നു. അവിടുത്തെ താമസക്കാർ അത് പക്ഷിയാണോ, ഫ്ലൈറ്റ് ആണോ, ഇനി വല്ല അന്യഗ്രഹജീവിയാണോ എന്നറിയാതെ പതറി. ആ ഓറഞ്ച് വെളിച്ചം താഴേക്ക് ഇറങ്ങി വരുന്നത് നോക്കി നിന്നവർ, പതിയെ, അതിൽ രണ്ട് വാക്കുകൾ തെളിഞ്ഞ് വരുന്നത് കണ്ടു. 'മാർട്ടി സുപ്രീം' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. 'മാർട്ടി സുപ്രീം' എന്ന ചിത്രത്തിന്റെ വരവറിയിച്ചുകൊണ്ട്, അതിന്റെ അണിയറപ്രവർത്തകർ നടത്തിയ മാർക്കറ്റിംഗ് കാമ്പയിനായിരുന്നു അത്.
തിമോത്തി ചലമെറ്റും, ഗ്വിനെത്ത് പാൾട്രോയും ഒരുമിച്ച് അഭിനയിച്ച സ്പോർട്സ് ഡ്രാമ ഴോണറിൽ പുറത്തിറങ്ങിയ ചിത്രമാണ് 'മാർട്ടി സുപ്രീം'. മാർട്ടി മൗസർ എന്ന പ്രതിഭാധനനായ പിംഗ് പോങ് കളിക്കാരനെയാണ്, തിമോത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോഷ് സഫ്ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തുടക്കം മുതൽ നടത്തി വന്നിട്ടുള്ള പ്രൊമോഷൻ പരിപാടികൾക്കെല്ലാം തന്നെ ആരാധകർ ഏറെയാണ്.
പിംഗ് പോങിന്റെ നിറമായ ഓറഞ്ച് ആണ് ചിത്രത്തിന്റെ കാമ്പയിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഒന്നു രണ്ട് വേദികളിൽ തിമോത്തി ചലമെറ്റ് ഓറഞ്ച് നിറത്തിലുള്ള ഹുഡി ധരിച്ചെത്തിയത് ചിത്രത്തെ കുറിച്ച് കൂടുതൽ ചർച്ചകൾക്ക് വഴി വെച്ചു. ഒപ്പം, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ പേജുകൾ വഴി, പിംഗ് പോങ് കളിക്കുന്നതിന്റെ വീഡിയോകളും മറ്റും പങ്കു വെക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് വേണ്ടി, #MartySupremeChristmas എന്ന ഹാഷ്ടാഗും വൈറലായിരുന്നു.
English Summary: A mysterious orange light hovering over San Antonio on December 29 turned out to be a bold marketing stunt for the film Marty Supreme.