ഒരു ജോഡിക്ക് 1.2 ലക്ഷം രൂപ വിലയിട്ട കോലാപൂരി ചെരുപ്പിനു ശേഷമാണ് മസാല ചായയുടെ ഗന്ധമുള്ള പെർഫ്യുമുമായി പ്രാഡ എത്തിയിരിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തെ മുഴുവനായും ഉൾക്കൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ലക്ഷ്വറി ബ്രാൻഡാണ് പ്രാഡ.
ക്യാമൽ നിറത്തിലുള്ള സഫിയാനോ-ടെക്സ്ചർ അടപ്പോടു കൂടിയ തവിട്ടു നിറത്തിലുള്ള ഗ്ലാസ് ബോട്ടിലിലാണ് പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നത്.
'ഇൻഫ്യൂഷൻസ് ദു സാന്തല്‍ ചായ് പ്രാഡ' എന്ന പേരില്‍ അവതരിപ്പിച്ച പെർഫ്യൂം ജനുവരി 5നാണ് വിപണിയിലിറക്കിയത്. 190 യുഎസ് ഡോളർ അഥവാ 17000 രൂപയിലധികം ഇന്ത്യൻ രൂപയാണ് വിലയിട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ബ്രാൻഡിന് ലഭിക്കുന്നത്. ചായപ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട ചായയുടെ ഗന്ധം ആസ്വദിക്കാൻ പറ്റുമോ എന്നു തുടങ്ങി രസകരമായ ചോദ്യങ്ങളാണ് ഉയരുന്നത്. ദിവസം മുഴുവൻ ചായയുടെ മണം പിടിച്ച് ചായയ്ക്ക് കൊതി തോന്നുന്നത് എന്തിനാണ്, മസാല ചായയുടെ സുഗന്ധം ആസ്വദിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നിങ്ങനെയാണ് കമെന്റുകൾ.
അതേസമയം, ചായയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആദ്യത്തെ സൗന്ദര്യവർധക ഉൽപ്പന്നമല്ല പ്രാഡ എന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്. ഇന്ത്യൻ വംശജയായ ദീപ ഖോസ്ലയുടെ 'മസാല ചായ ഡിഎൽടി' എന്ന പേരിൽ ഒരു ലിപ് പ്രൊഡക്റ്റും ഇതിന് മുമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നായിരുന്നു ഉപയോക്താവിൻ്റെ പ്രതികരണം.
English Summary: Luxury fashion brand Prada has launched a masala chai–inspired perfume priced at $190, drawing mixed reactions on social media for blending Indian tea aromas with high-end fragrance design.