Sophie Turner, RRR
Pop culture

'ആർആർആർ ഒരുപാട് ഇഷ്ടമായി, ബോളിവുഡ് സിനിമയിൽ അഭിനയിക്കണം'; 'ഗെയിം ഓഫ് ത്രോൺസ്' താരം സോഫി ടർണർ

വെസ്റ്റേൺ സിനിമകളിൽ സാധാരണയായി കാണാത്ത തരത്തിലുള്ള പ്രൊഡക്ഷൻ ഡിസൈൻ ബോളിവുഡ് ചിത്രങ്ങളിൽ ഉണ്ടെന്നും, ഒരിക്കൽ എങ്കിലും അത്തരമൊരു സിനിമയിൽ അഭിനയിക്കണമെന്നും നടി വ്യക്തമാക്കി

Entertainment Desk

ആഗോള ശ്രദ്ധ നേടിയ ടെലിവിഷൻ സീരിസ് ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്തയായ നടിയാണ് സോഫി ടർണർ. സീരിസിൽ അവതരിപ്പിച്ച സാൻസാ സ്റ്റാർക് എന്ന കഥാപാത്രത്തിലൂടെയാണ് സോഫി ലോകവ്യാപകമായ അംഗീകാരം നേടിയത്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെക്കുറിച്ച് പ്രത്യേകിച്ച് ബോളിവുഡിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ സിനിമ ഏറെ ഇഷ്ടമായെന്നും, ബോളിവുഡ് സിനിമകളിലെ ഗംഭീര ദൃശ്യഭംഗിയും നൃത്ത സങ്കേതങ്ങളും തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് സോഫി. വെസ്റ്റേൺ സിനിമകളിൽ സാധാരണയായി കാണാത്ത തരത്തിലുള്ള പ്രൊഡക്ഷൻ ഡിസൈൻ ബോളിവുഡ് ചിത്രങ്ങളിൽ ഉണ്ടെന്നും, ഒരിക്കൽ എങ്കിലും അത്തരമൊരു സിനിമയിൽ അഭിനയിക്കണമെന്നും നടി വ്യക്തമാക്കി.

എസ് എസ് രാജമൗലി ഒരുക്കിയ ആർആർആർ ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. രാംചരൺ തേജയും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക-വിമർശക പ്രതികരണമാണ് ലഭിച്ചത്. സ്വാതന്ത്ര്യസമര പശ്ചാത്തലത്തിൽ, ഫാന്റസിയുടെ ഘടകങ്ങൾ ചേർത്താണ് രാജമൗലി ചിത്രം ഒരുക്കിയത്. അജയ് ദേവ്ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയ മോറിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തി. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്കർ പുരസ്‌കാരം ലഭിച്ചതോടെ ആർആർആർ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനം നേടിയിരുന്നു.

English Summary: Game of Thrones star Sophie Turner praises SS Rajamouli’s RRR, calling it one of her favorite films, and expresses interest in acting in a Bollywood movie.