ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത നാളുകളുമായി ചാമ്പ്യസ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യന്‍സമയം രാത്രി 12:30 ന് തുടങ്ങുന്ന മത്സരങ്ങളില്‍ യൂറോപ്യന്‍ ശക്തികളായ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ ലീഗിന്റെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ്ങിനെ നേരിടും.
കണക്കു ചോദിക്കാന്‍ ബവേറിയന്‍സ്
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം മികച്ച മത്സരങ്ങളാണ് പിറന്നിട്ടുള്ളത്. 2024 ലെ സെമി ഫൈനലിലായിരുന്നു അവസാന മുഖാമുഖം. അന്ന് ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറിലാണ് റയല്‍ ജയിച്ചുകയറിയത്. എന്നാല്‍ ഇപ്രാവശ്യം മുന്‍തൂക്കം ബയേണിനാണെന്ന് സമ്മതിക്കേണ്ടിവരും. മൈക്കിള്‍ ഒലീസെ, ഹാരി കെയ്ന്‍, ലൂയിസ് ഡയസ് എന്നിവരടങ്ങുന്ന മുന്നേറ്റത്രയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പടകളില്‍ ഒന്നാമതാണ്. സീസണില്‍ റയല്‍ മാഡ്രിഡിന്റെ കളി അത്ര മികച്ചതല്ലെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് എന്ന ടീമിനെ ഒരിക്കലും തള്ളിക്കളയാനാവില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് അത് തെളിയിച്ചതുമാണ്. എന്നിരുന്നാലും സ്ഥിരതയില്ലാത്ത പ്രതിരോധം ബയേണ്‍ പോലൊരു ആക്രമണ ശൈലി പിന്തുടരുന്ന ടീമിനെതിരെ റയലിന് വലിയൊരു തലവേദനയാണ്.
കരുത്തുകാട്ടാന്‍ ആഴ്‌സണല്‍
സ്‌പോര്‍ട്ടിങ്ങിനെതിരെ ആഴ്‌സണല്‍ ലിസ്ബണിന്റെ മണ്ണിലിറങ്ങുമ്പോള്‍ ആശങ്കകളേറെയാണ് മൈക്കിള്‍ അര്‍ട്ടേറ്റക്കും കൂട്ടര്‍ക്കും. സ്‌പോര്‍ട്ടിങ്ങുമായി താരതമ്യേന വലിയൊരു മുന്‍തൂക്കം ഇംഗ്ലീഷ് ടീമിനുണ്ട്. എന്നിരുന്നാലും ടീമിന്റെ ഫോമിലാണ് ആശങ്ക. അവസാന രണ്ട് കളികളായ കരബാവോ കപ്പ് ഫൈനലിലും, എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും യഥാക്രമം മാഞ്ചസ്റ്റര്‍ സിറ്റിയോടും സൗത്താംപ്ടണോടും പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതോടെ സീസണിലെ ക്വാഡ്രപ്പിള്‍ മോഹങ്ങളും ആഴ്‌സണലിന് നഷ്ടമായി. ക്ലബ് ചരിത്രത്തിലെ കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് നേടാനുറച്ചിറങ്ങുന്ന ആഴ്‌സണല്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെ ഇറക്കുമെന്ന് ഉറപ്പ്.
ടൂര്‍ണമെന്റിലെ ഏറ്റവും അപ്രതീക്ഷിത കുതിപ്പ് നടത്തിയ ബോഡോയെ തകര്‍ത്താണ് സ്‌പോര്‍ട്ടിങ്ങിന്റെ വരവ്. കളിക്കളത്തിലെ മനപ്പൊരുത്തമാണ് ടീമിന്റെ കരുത്ത്. മറ്റെല്ലാ മേഖലയിലും ശക്തരായ ആഴ്‌സണലിന്റെ ആശങ്ക ആക്രമണനിരയിലാണ്. വിക്റ്റര്‍ ഗ്യോകറസല്ലാതെ മറ്റൊരു കളിക്കാരനും സീസണില്‍ മികച്ച ഫോമിലല്ല കളിക്കുന്നത്.
നാളെ നടക്കുന്ന സൂപ്പര്‍ പോരാട്ടങ്ങളില്‍ ക്യാമ്പ് നൂവില്‍ വെച്ച് ബാഴ്‌സലോണ അറ്റ്‌ലറ്റിക്കോ മാഡ്രിഡിനേയും, ഫ്രാന്‍സിലെ പാര്‍ക് ഡി പ്രിന്‍സെസില്‍ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ലിവര്‍പൂളിനേയും നേരിടും.
English Summary: Champions League quarter-finals begin with Real Madrid vs Bayern Munich and Arsenal facing Sporting in crucial clashes.