Sports News

അഭിഷേക് ശര്‍മ്മയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവും; സഞ്ജു വീണ്ടും ഒന്നാം സ്ഥാനത്തേക്ക്‌

പാക്കിസ്ഥാനെതിരായ മത്സരം നടക്കാനിരിക്കെ അഭിഷേകിന്റെ ആരോഗ്യസ്ഥിതി ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്

Sports Desk

അണുബാധയെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎസിനെതിരായ മത്സരത്തിനു ഇറങ്ങുന്നതിനു മുൻപ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും, മത്സരത്തിനു ഇറങ്ങിയതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു എന്നുമാണ് വിവരം. കടുത്ത പനിയെ തുടർന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പികയും ‘ഡ്രിപ്’ നല്കുകകയും ചെയ്തിരുന്നു. നാളെ നടക്കുന്ന രണ്ടാം മത്സരത്തിന് മുന്നോടിയായി ഡൽഹിയിലെ അരുണ്‍ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലനത്തിനെത്താന്‍ അഭിഷേകിന് സാധിച്ചിട്ടില്ല.

താരത്തിന് പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിയെത്താൻ രണ്ട് ദിവസം കൂടി വേണ്ടിവരുമെന്ന് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ദൊഷാട്ടെ ചൊവ്വാഴ്ച അറിയിച്ചിരുന്നു. യുഎസിനെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. ബാറ്റിങ്ങിനു ശേഷം താരത്തിനു ഫീൽ‍ഡിങ്ങിന് ഇറങ്ങുവാനും സാധിച്ചിരുന്നില്ല. അഭിഷേകിനു പകരം സഞ്ജു സാംസണായിരുന്നു ഫീൽഡറായി കളത്തിലെത്തിയത്. നമീബിയയ്ക്കെതിരെ അഭിഷേക് ഇറങ്ങുന്ന കാര്യം സംശയമാണെന്ന് റയാൻ ടെൻ ദൊഷാട്ടെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മത്സരത്തിനു മുന്നോടിയായി ഇഷാനും സഞ്ജുവും ഒരുമിച്ച് ബാറ്റിങ് പരിശീലനം നടത്തി വരുകയാണ്. വരുന്ന 15ന് പാക്കിസ്ഥാനെതിരായ മത്സരം നടക്കാനിരിക്കെ അഭിഷേകിന്റെ ആരോഗ്യസ്ഥിതി ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. അതേസമയം പരുക്ക് ഭേദമായ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ടീമിനൊപ്പം ചേർന്നു. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയും ഇന്നലെ നെറ്റ്സിൽ ഏറെ നേരം പന്തെറി‍ഞ്ഞു. ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുമ്പോൾ മുഹമ്മദ് സിറാജ്, അർഷ്‍ദീപ് സിങ് എന്നിവരിലൊരാൾക്ക് വിശ്രമം അനുവദിച്ചേക്കും.

English Summary: Indian cricketer Abhishek Sharma has been hospitalised due to infection and fever, making him likely to miss upcoming World Cup matches, with Sanju Samson returning as India’s opening option.