മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങളെ തരംതാഴ്ത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കാനുള്ള ശുപാര്‍ശ സെലക്ഷന്‍ കമ്മറ്റി ബിസിസിഐയ്ക്ക് കൈമാറിയിരുന്നു, പിന്നാലെയാണ് മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയെയും വിരാട് കൊഹ്‌ലിയെയും തരംതാഴ്ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
നിലവില്‍ എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരു താരങ്ങളെയും ഗ്രേഡ് ബിയിലേക്ക് തരംതാഴ്ത്താനാണ് സെലക്ഷന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ഇരു താരങ്ങളും ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്, മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്ന താരങ്ങളെ മാത്രം എ പ്ലസ് ഗ്രേഡില്‍ നിലനിര്‍ത്താനാണ് സെലക്ഷന്‍ കമ്മറ്റിയുടെ നിര്‍ദേശം.
വാര്‍ഷിക കരാര്‍ എ, ബി, സി എന്നീ വിഭാഗങ്ങള്‍ മാത്രമാക്കി ചുരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റവും പ്രീമിയം താരങ്ങള്‍ക്ക് മാത്രം ലഭിച്ചിരുന്ന എ പ്ലസ് കാറ്റഗറി ഇല്ലാതാവുന്നതോടെ മുന്‍നിര താരങ്ങളെല്ലാം എ ഗ്രേഡിലേക്ക് ഒതുങ്ങും. എന്നാല്‍ വേതനം എ പ്ലസ് കാറ്റഗറിയിലേതിന് സമാനമായിരിക്കുമോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
English Summary: Kohli and Rohit, who have retired from Tests and T20Is, might be demoted to the ‘B’ category for the first time in over a decade.