Sports News

റിക്കിള്‍ട്ടന്റെ ക്യാച്ച് ഒറ്റകൈയ്യിലൊതുക്കി ആരാധകന്‍; സമ്മാനം ഒരു കോടി, വീഡിയോ

ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ ഡര്‍ബണ്‍ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സ് കേപ് ടൗണും തമ്മിലെ ആദ്യ മത്സരത്തിനിടെയാണ് ആരാധകനെ തേടി അപ്രതീക്ഷിത സമ്മാനമെത്തിയത്

Madism Desk

ഗ്യാലറിയില്‍ നിന്ന് ക്യാച്ചെടുത്താല്‍ ചെറിയൊരു ആവേശമല്ലാതെ മറ്റൊന്നുമുണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം, പക്ഷേ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗ് ഈ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. ഒരു കോടി എട്ട് ലക്ഷം രൂപയാണ് ഗ്യാലറിയില്‍ നിന്ന് ക്യാച്ചെടുത്ത ആരാധകന് സംഘാടകര്‍ സമ്മാനമായി നല്‍കിയത്! എല്ലാവരും ആദ്യഘട്ടത്തില്‍ ഇതൊരു 'ഇന്റര്‍നെറ്റ്' തമാശയാണെന്ന് കരുതിയെങ്കിലും സംഭവം വാസ്തവമായിരുന്നു. ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക മത്സരം വഴിയായിരുന്നു വന്‍തുക ക്യാച്ചെടുത്തയാളിന് ലഭിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ ഡര്‍ബണ്‍ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സ് കേപ് ടൗണും തമ്മിലെ ആദ്യ മത്സരത്തിനിടെയാണ് ആരാധകനെ തേടി അപ്രതീക്ഷിത സമ്മാനമെത്തിയത്. ക്രീസില്‍ തകര്‍ത്തടിക്കുന്ന റിക്കിള്‍ട്ടണ്‍. ആരാധകരെ ആവേശത്തിലാക്കി വിസ്‌ഫോടന ബാറ്റിങിനാണ് താരം തിരികൊളുത്തിയത്. 12 ഓവറിലെ നാലാം പന്ത്, ഒതുക്കത്തില്‍ കിട്ടിയപ്പോള്‍ തൂക്കിയടിച്ച റിക്കിള്‍ട്ടണ്‍ പന്ത് ഗ്യാലറിയിലേക്ക് പായിച്ചു. പന്ത് കൃത്യമായി നിരീക്ഷിച്ച ആരാധകന്‍ ഒറ്റകൈകൊണ്ട് ക്യാച്ചെടുത്തു. കേപ്ടൗണ്‍ മുംബൈയ്ക്ക് 6 റണ്‍സും ആരാധകന് ഒരു കോടിയിലേറെ രൂപയും പോക്കറ്റില്‍.

മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച റിക്കിള്‍ട്ടണിന് ടീമിനെ പക്ഷേ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് 15 റണ്‍സിന് മുംബൈയെ കീഴടക്കി.

English Summary: In the South African Premier League match between Durban Super Giants and MI Cape Town, fan catches Ryan Rickelton’s massive hit one-handed in the stands, winning a staggering prize of over ₹1 crore through a special promotion.