Sports News

'ഋതുരാജിന് സഞ്ജുവും ധോണിയുമുണ്ട്, ഐപിഎല്‍ എളുപ്പമായിരിക്കും'; ഇര്‍ഫാന്‍ പഠാന്‍

മഹേന്ദ്ര സിങ് ധോണിയെ ഇംപാക്ട് പ്ലെയറായി നിലനിര്‍ത്തി സഞ്ജുവിന് ഗ്ലൗ ഏല്‍പ്പിക്കാനും മാനേജ്‌മെന്റ് മുതിര്‍ന്നേക്കും

Madism Desk

ഇത്തവണ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദിന് സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മഹേന്ദ്ര സിങ് ധോണി കെട്ടിപടുത്തിരിക്കുന്ന പാരമ്പര്യം നിലനിര്‍ത്തുക ശ്രമകരമായ കാര്യമാണ്. ഗെയ്ക്വാദിന് മുന്നിലുള്ള ദൗത്യവും അതു തന്നെയാണ്. സഞ്ജു സാംസണും എംഎസ് ധോണിയും ഗെയ്ക്വാദ് നേരിടുന്ന ഈ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

2025 സീസണില്‍ ഏറ്റവും പിന്നില്‍ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇത്തവണ സഞ്ജുവിനെ ടീമിലെടുത്ത് മുന്‍നിര ശക്തിപ്പെടുത്താനാണ് മാനേജ്‌മെന്റ് ആദ്യം നടത്തിയ നീക്കങ്ങള്‍. മഹേന്ദ്ര സിങ് ധോണിയെ ഇംപാക്ട് പ്ലെയറായി നിലനിര്‍ത്തി സഞ്ജുവിന് ഗ്ലൗ ഏല്‍പ്പിക്കാനും മാനേജ്‌മെന്റ് മുതിര്‍ന്നേക്കും. സഞ്ജു മുന്‍നിരയെ ശക്തിപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ ടീമിന് വമ്പന്‍ തിരിച്ചുവരവ് നടത്താനാവുമെന്ന് പ്രതീക്ഷ ആരാധകര്‍ക്കമുണ്ട്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും ക്രിക്കറ്റ് ആരാധകരുള്ള താരമാണ് ലോകകപ്പിന് ശേഷം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായക പദവിയിലിരുന്ന കാലത്തേക്കാള്‍ ഖ്യാതിയാണ് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ പ്രകടനം സഞ്ജു 'ചേട്ടന്' നേടികൊടുത്തിരിക്കുന്നത്. ആരാധക പ്രീതി നന്നായി ഉപയോഗപ്പെടുത്തിയാല്‍ ചെന്നൈക്ക് ഫ്രാഞ്ചൈസി എന്ന നിലയിലുള്ള മൂല്യം വര്‍ധിപ്പിക്കാനാവുമെന്നും കണക്കുകൂട്ടലുകളുണ്ട്.

English Summary: Former Indian cricketer Irfan Pathan said Ruturaj Gaikwad will have an easier time leading Chennai Super Kings in the Indian Premier League with experienced players like Sanju Samson and MS Dhoni in the squad. He noted their presence could reduce pressure on the young captain during the season.