റായ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരങ്ങള്‍ നല്‍കുമെന്ന സൂചന നല്‍കി ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍. സഞ്ജുവിന് പഴയ ഫോം കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല, നിലവിലെ കാര്യങ്ങള്‍ മാറിമറിയാന്‍ ഒരു മത്സരത്തിന്റെ പിന്‍ബലം മാത്രം മതിയെന്നും മോണി മോര്‍ക്കല്‍ ചൂണ്ടിക്കാണിച്ചു. കിവീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളില്‍ വെറും 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ്, രണ്ടാം മത്സരത്തില്‍ വെറും ആറ് റണ്‍സ്, മൂന്നാം മത്സരത്തില്‍ ഗോള്‍ഡണ്‍ ഡെക്ക്, നാലാം മത്സരത്തില്‍ 24 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
'സഞ്ജു കഠിനമായി പരിശീലിക്കുന്നുണ്ട്. മികച്ച രീതിയില്‍ പന്തുകള്‍ നേരിടുന്നുണ്ട്. ഫോമിലേക്ക് മടങ്ങിയെത്താന്‍ ചുരുങ്ങിയ സമയം മാത്രമെ ആവശ്യമുള്ളു. ഞങ്ങള്‍ ലോകകപ്പിന് തയ്യാറെടുക്കുകയാണ്, കളിക്കാര്‍ എല്ലാവരും താളം കണ്ടെത്തേണ്ടത് പ്രധാനമാണ്.' മോണി മോര്‍ക്കല്‍ വ്യക്തമാക്കി.
അതേസമയം കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സഞ്ജുവിന് വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെറിയ സ്‌കോറുകള്‍ക്ക് തുടര്‍ച്ചയായി പുറത്തായ ശേഷം വലിയ തിരിച്ചുവരവ് താരത്തിന്റെ കരിയറില്‍ പതിവാണ്, ഇക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവ്, ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ എന്നിവരുടെ നിരയിലാണ് സഞ്ജുവിന്റെ സ്ഥാനം. സമാനരീതിയില്‍ ലോകകപ്പിന് മുന്നോടിയായി സഞ്ജു തിരികെയെത്തുമെന്നാണ് ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്.
അതേസമയം ഇന്ന് നടക്കുന്ന നാലാം ട്വന്റി 20യില്‍ താരം കളിക്കുമെന്ന് വ്യക്തതയില്ല. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ പരീക്ഷണ അടിസ്ഥാനത്തില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ആഴ്ച്ചകള്‍ മാത്രം ബാക്കിയുള്ള ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് ഗൗതം ഗംഭീറും സംഘവും. റിഹേഴ്‌സല്‍ എന്ന തരത്തില്‍ നടക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത താരങ്ങള്‍ക്ക് ബെഞ്ചിലായിരിക്കും സ്ഥാനം. തിലക് വര്‍മ്മ തിരികെയെത്തിയാല്‍ ഇഷാന് ഓപ്പണര്‍മാരുടെ ദൗത്യം നല്‍കാനും സെലക്ടര്‍മാര്‍ തീരുമാനിച്ചേക്കും.
English Summary: Bowling coach Morne Morkel expressed strong confidence in Sanju Samson, stating the Kerala wicketkeeper-batsman is working hard in practice and needs just one good match to regain form.