ദുബായ്: ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ച മലയാളിതാരം സഞ്ജു സാംസണ് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വൻ മുന്നേറ്റം. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗിൽ സഞ്ജു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 22-ാം സ്ഥാനത്തെത്തി. ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ അർധസെഞ്ച്വറിയോടെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ 875 റേറ്റിംഗ് പോയൻറുമായി ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പിൽ 317 റൺസുമായി വമ്പൻ തിരിച്ചുവരവ് നടത്തിയ ഇഷാൻ കിഷനാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്ത്.
ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു ആരാധകരെ നിരാശപ്പെടുത്തിയതോടെ ബാറ്റിംഗ് റാങ്കിംഗിൽ 65-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ 43 സ്ഥാനങ്ങൾ മറികടന്നാണ് സഞ്ജു 22 ലെത്തിയത്. ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറികൾ നേടിയ താരം ടോപ് 10 ൽ എത്തിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തെത്തി. തിലക് വർമ്മ ഒരു സ്ഥാനം നഷ്ടപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ, ഇന്ത്യൻ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിൽ സൂര്യകുമാർ യാദവിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ഫൈനലിൽ ഗോൾഡൺ ഡെക്കായിട്ടാണ് സൂര്യ മടങ്ങിയത്.
English Summary: Indian wicketkeeper-batter Sanju Samson made a major jump in the latest ICC T20 batting rankings after his impressive performance in the ICC Men's T20 World Cup.