Sachin Suresh - interview image credits: Madism Digital
Sports Special

ഗ്യാലറിയില്‍ ഇരുന്ന് കമന്റടി എളുപ്പമാണ്, പക്ഷേ മൈതാനത്തിറങ്ങിയാല്‍ അങ്ങനല്ല; സച്ചിൻ സുരേഷ് അഭിമുഖം

'കളി കണ്ടുകൊണ്ടിരിക്കുമ്പോൾ എല്ലാം എളുപ്പമാണെന്ന് തോന്നും. ഞാനും പണ്ട് ​ഗാലറിയിൽ ഇരുന്ന് കമന്റ് പറയുമായിരുന്നു. പക്ഷെ ഇന്ന് എനിക്കതിന്റെ വ്യത്യാസം അറിയാം' - സച്ചിൻ സുരേഷ്

Meera Thilakan

വിമർശിച്ചവരെ കൊണ്ടും, കളിയാക്കിയവരെ കൊണ്ടും കയ്യടിപ്പിച്ച്, 'കാവൽ മാലാഖ'യെന്ന് വിളിപ്പിച്ച താരമാണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം കാവല്‍ക്കാരന്‍ സച്ചിൻ സുരേഷ്. ഐഎസ്എൽ അരങ്ങേറ്റത്തിൽ തന്നെ ഫുട്ബോൾ ആരാധകരുടെ മനം കവർന്നെടുക്കാൻ സച്ചിനെന്ന ഗോൾ കീപ്പർക്ക് സാധിച്ചു. നിലവിലെ ഐഎസ്എൽ അനിശ്ചിതം തുടർന്ന് പോകാതെ ടൂർണമെന്‍റ് ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചും, മഞ്ഞപ്പടയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോൾ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ചും, ഐഎസ്എൽ അനുഭവങ്ങളെക്കുറിച്ചു, താരം മനസുതുറക്കുന്നു..

ആദ്യമായി മഞ്ഞ ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങിയ അനുഭവം എന്തായിരുന്നു?

കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അവർ ഐഎസ്എൽ കളിക്കാൻ തുടങ്ങിയ കാലം മുതൽ മുടങ്ങാതെ, എല്ലാ മാച്ചുകളും മഞ്ഞപ്പടയുടെ കൂടെയിരുന്ന് കാണാൻ ഞാൻ പോകാറുണ്ടായിരുന്നു. എന്റെ ഐഎസ്എൽ ആദ്യ മാച്ച് കൊച്ചിയിൽ വെച്ചാണ് നടന്നത്. അന്ന് ബാംഗ്ലൂരിനെ നേരിട്ടപ്പോൾ, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം കൂടെയായിരുന്നു അത്. അന്ന് ഒരുപാട് അഭിമാനം തോന്നി.

ഐഎസ്എല്‍ പോലൊരു ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് ഇല്ലാതാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് എത്രത്തോളം നഷ്ടമുണ്ടാക്കും?

ഈ വിഷയത്തിൽ വ്യക്തമായ ഉത്തരം എന്റെ പക്കലില്ല. ഐഎസ്എല്ലിന്റെ കോൺട്രാക്ട് പൂർത്തിയായതിന്റെ ബുദ്ധിമുട്ടാണ് നിലവിൽ ഉള്ളത്. എഐഎഫ്എഫും, എഫ്എസ്ഡിഎൽ റിലൈൻസുമായി ഉണ്ടായ കരാർ ഡിസംബറിൽ കഴിഞ്ഞിരുന്നു. എന്നാൽ അത് എന്തുകൊണ്ടോ പുതുക്കിയില്ല. അതുകൊണ്ടാണ് ഈ സീസൺ തുടങ്ങാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ആളുകളുടെ ജോലി വരെ പ്രതിസന്ധിയിലാണ്. കളിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഇത് മൂലമുള്ളത്. അവസാന സീസൺ കഴിഞ്ഞിട്ടിപ്പോൾ 6-7 മാസത്തോളമായി. ഇത്രകാലം പ്രൊഫഷണൽ ഫുട്ബോൾ മാച്ചുകൾ ഇല്ലാതെ കളിക്കാർ വെറുതെ ഇരിക്കുന്നത് നല്ലതല്ല. നല്ല ട്രെയിനിങും, മാച്ചുകളും ഇല്ലാതിരിക്കുന്നത് ഞങ്ങളുടെ ഭാവിയെ രൂക്ഷമായി ബാധിക്കും. അനിശ്ചിതത്വം മാറി ഐഎസ്എൽ പുനരാരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

സച്ചിന്‍ സുരേഷ്
മെസ്സി വരുന്നത് പ്രമാണിച്ച് ചിലവഴിച്ച പണം, മറ്റുള്ള ആവശ്യങ്ങൾക്കും വേണ്ടി ഉപയോ​ഗിക്കാമായിരുന്നു എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിരുന്നു. ആ പണം അക്കാദമിയുടെ വളർച്ചയ്ക്കും, മറ്റ് സൗകര്യങ്ങൾക്കുമായി ചിലവഴിക്കാമായിരുന്നു.

മെസ്സിയെപ്പോലുള്ള താരങ്ങളുടെ വരവ് കേരളത്തിലെ ഫുട്‌ബോള്‍ സംസ്‌കാരത്തെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്?

മെസ്സിയെ നേരിട്ട് കാണുക എന്നത് ഒരുപാട് പേർക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. നമ്മുടെ നാട്ടിൽ മെസ്സി ഫാൻസ്‌ ധാരാളമുണ്ടല്ലോ, അവർക്കൊക്കെ ആ​ഗ്രഹം കാണില്ലേ മെസ്സിയെ കാണാൻ? മെസ്സിയും അർജന്റീന ടീമും കേരളത്തിൽ വന്നു കളിക്കുകയെന്നത് വലിയ കാര്യം തന്നെയാണ്. അതിനായി സ്റ്റേഡിയം പുതുക്കി പണിയുന്നതും നല്ലത് തന്നെ. ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനും, മറ്റു ടീമുകൾക്കും, അത് ​ഗുണം ചെയ്യും. എന്നാൽ, മെസ്സി വരുന്നത് പ്രമാണിച്ച് ചിലവഴിച്ച പണം, മറ്റുള്ള ആവശ്യങ്ങൾക്കും വേണ്ടി ഉപയോ​ഗിക്കാമായിരുന്നു എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിരുന്നു. ആ പണം അക്കാദമിയുടെ വളർച്ചയ്ക്കും, മറ്റ് സൗകര്യങ്ങൾക്കുമായി ചിലവഴിക്കാമായിരുന്നു.

ഇവിടെ നമുക്കിന്നും നല്ല നാച്ചുറൽ ഗ്രാസ് കോർട്ട് ഇല്ല. അത്തരം സൗകര്യങ്ങളും, ട്രെയിനിങ്ങും, നല്ല ഗ്രൗണ്ടും, ഭാവിയിലേക്ക് നല്ല കളിക്കാരെ ഇന്ത്യൻ ഫുട്ബോളിന് നൽകും.

ഫുട്‌ബോളിനെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് എന്ന് കരുതുന്നുണ്ടോ?

പണ്ടത്തേക്കാൾ മികച്ച സൗകര്യങ്ങൾ ഇന്നുണ്ട്. അക്കാദമിയും ​ഗ്രൗണ്ടുമെല്ലാം ഒരുപാട് മെച്ചപ്പെട്ടു. ഇതൊന്നും കുറച്ച് കാലം മുൻപ് വരെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇല്ലായിരുന്നു. ആ അവസ്ഥയിൽ നിന്നാണ് വിജയേട്ടൻ (ഐ എം വിജയൻ) വലിയ കളിക്കാരനായത്. ഞാൻ ഒരു മാച്ചിന് വേണ്ടി 4 വർഷം മുൻപ് യു.കെയിൽ പോയപ്പോൾ, അവിടെ ഒരു ടീമിന് വേണ്ടി മാത്രം ഒരു കോമ്പൗണ്ടിൽ എട്ട് ട്രെയിനിങ് ഗ്രൗണ്ട്, അതും ഗ്രാസ് ഗ്രൗണ്ട്. ഇവിടെ നമുക്കിന്നും നല്ല നാച്ചുറൽ ഗ്രാസ് കോർട്ട് ഇല്ല. അത്തരം സൗകര്യങ്ങളും, ട്രെയിനിങ്ങും, നല്ല ഗ്രൗണ്ടും, ഭാവിയിലേക്ക് നല്ല കളിക്കാരെ ഇന്ത്യൻ ഫുട്ബോളിന് നൽകും.

മണ്ണിൽ കളിച്ച് പഠിച്ച ഒരാൾക്ക്, പെട്ടന്ന് പുല്ലിൽ കളിക്കുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ടാകും. ഇവിടുത്തെ ആർട്ടിഫിഷ്യൽ ടർഫുകൾ തമ്മിലും ആ വ്യത്യാസം ഉണ്ട്. അതുകൊണ്ട്, ചെറുപ്പം മുതൽ അത്തരം സൗകര്യങ്ങളിൽ കളി പഠിക്കാൻ അവസരം ഉണ്ടാകണം. അത്തരമൊരു വളർച്ചയ്ക്ക് ഇനിയും സമയമെടുക്കും എന്നാണ് തോന്നുന്നത്. കാരണം, നിലവിലുള്ള ഗ്രൗണ്ടുകളിൽ കെട്ടിടങ്ങൾ കൊണ്ടുവരികയാണല്ലോ? അതുകൊണ്ട് ​ഗ്രാസ് കോർട്ട് ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

കളി കണ്ടുകൊണ്ടിരിക്കുമ്പോൾ എല്ലാം എളുപ്പമാണെന്ന് തോന്നും. അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പറയാൻ തോന്നും. ഞാനും പണ്ട് ​ഗാലറിയിൽ ഇരുന്ന് കമന്റ് പറയുമായിരുന്നു. പക്ഷെ ഇന്ന് എനിക്കതിന്റെ വ്യത്യാസം അറിയാം.

കളിക്കിടയിൽ പറ്റുന്ന വീഴ്ചകൾക്കെതിരെ വരുന്ന വിമർശനങ്ങളെ എങ്ങനെയാണ് നേരിടുന്നത്?

ഒരു ഫുട്ബോളർ എന്ന നിലയിൽ, അതെല്ലാം കളിയുടെ ഭാഗമാണ് എന്ന് മാത്രമാണ് പറയാൻ കഴിയുക. എന്നെ കുറ്റം പറഞ്ഞാലും സാരമില്ല, കാരണം ഫാൻസിനു അതിനുള്ള അവകാശമുണ്ട്. നമ്മൾ എപ്പോഴും 100 ശതമാനം കൊടുത്താണ് കളിയ്ക്കുന്നത്. പക്ഷെ മനുഷ്യരല്ലേ? മനഃപൂർവം അല്ല, നിർഭാഗ്യവശാൽ തെറ്റുകൾ പറ്റും. ഗോളിയെ സംബന്ധിച്ച് കളിക്കളത്തിൽ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ട് വിമർശനങ്ങൾ മനസിലേക്കെടുത്താൽ നന്നായി കളിക്കാനാവില്ല.

കളി കണ്ടുകൊണ്ടിരിക്കുമ്പോൾ എല്ലാം എളുപ്പമാണെന്ന് തോന്നും. അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പറയാൻ തോന്നും. ഞാനും പണ്ട് ​ഗാലറിയിൽ ഇരുന്ന് കമന്റ് പറയുമായിരുന്നു. പക്ഷെ ഇന്ന് എനിക്കതിന്റെ വ്യത്യാസം അറിയാം.

കേരള സൂപ്പർ ലീഗ് മത്സരങ്ങൾ ഏറ്റെടുത്ത ഫുട്ബോൾ പ്രേമികളുടെ ആവേശത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഇന്ത്യയിൽ ഫുട്ബാളിനെ സ്നേഹിക്കുന്നവരിൽ കൂടുതൽ പേരും കേരളത്തിലാണെന്നാണ് എന്റെ അഭിപ്രായം. കെഎസ്എൽ കണ്ടപ്പോൾ അത് മനസിലായി. നിലവിൽ ഐഎസ്എല്‍ നടക്കാത്തതിനാൽ ഫുട്ബോൾ കാണാനും ആസ്വദിക്കാനും കഴിയില്ലല്ലോ. എന്നാൽ ഫാൻസിന്റെ ആവേശവും സ്നേഹവും ഒരിക്കലും വിട്ടു പോകില്ലെന്ന് കെഎസ്എൽ കാണിച്ചു തന്നു. എല്ലാ ഗ്രൗണ്ടും എല്ലായിടത്തും ഫുൾ ആയിരുന്നു. ഗംഭീരമായാണ് ടൂർണമെന്റ് നടത്തിയത്. കേരളത്തിൽ വളർന്നു വരുന്ന കളിക്കാർക്ക് കെഎസ്എൽ വളരെയധികം സഹായകമാകും.

സച്ചിന്റെ ആദ്യ ഗുരു അച്ഛനാണ്, ഓരോ മാച്ച് കഴിയുമ്പോളും എന്താണ് ആദ്യ കോച്ച് തരുന്ന ഫീഡ് ബാക്ക്?

തീർച്ചയായും, എല്ലാ മാച്ച് കഴിയുമ്പോളും അച്ഛൻ വിളിച്ച് സംസാരിക്കാറുണ്ട്. ചെറുപ്പത്തിൽ പ്രാക്ടീസ് ചെയ്യുമ്പോൾ അച്ഛൻ നല്ല ചീത്തപറയുമായിരുന്നു. അന്ന് അതൊക്കെ ഒരുപാട് വിഷമമായിരുന്നെങ്കിലും, അച്ഛൻ അന്ന് തന്ന വഴക്ക് എനിക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളു. അച്ഛൻ എന്റെ ഉയർച്ച സ്വപ്നം കണ്ടാണ് എന്നെ ഫുട്ബോൾ പഠിപ്പിച്ചത്. ആ ട്രെയിനിങ് തന്നെയാണ് എനിക്ക് വളമായതും. ട്രോളുകളൊന്നും എന്നെ ബാധിക്കാത്തതും അതുകൊണ്ടാണ്. അച്ഛന്റെ ചെറുപ്പത്തിൽ അദ്ദേഹത്തിന് വേണ്ട വിധത്തിൽ സപ്പോർട്ട് ലഭിച്ചില്ല. അച്ഛന് സെവൻസ് ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്നു. അതുകൊണ്ടാകണം, എന്നെ സെവൻസ് കളിക്കാൻ അച്ഛൻ സമ്മതിക്കാതിരുന്നത്. അച്ഛന് ഞാൻ പ്രൊഫഷണൽ ഫുട്ബോളർ ആയി കാണുന്നതായിരുന്നു സ്വപ്നം.

രാഹുൽ കെ പിയുടെ നീക്കങ്ങൾ സുഹൃത്തെന്ന നിലയിൽ മനസിലാക്കാനാവും എന്ന ആത്മവിശ്വാസം ഉണ്ടോ?

ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ് ഞങ്ങൾ. അവന്റെ ഓരോ നീക്കവും എനിക്കറിയാം. എന്നാൽ, എതിർ ടീമിൽ ഞങ്ങൾ ഇതുവരെ കളിച്ചിട്ടില്ല. രാഹുൽ ഒഡീഷ ടീമിൽ പോയതിനു ശേഷം സീസൺ കിട്ടിയില്ല. ഇനി വരാനിരിക്കുന്ന സീസണിലാണ് ഞങ്ങൾ നേർക്കുനേർ വരുന്നത്, അപ്പോൾ നോക്കാം... (പുഞ്ചിരിയോടെ)

മെസ്സി or റൊണാള്‍ഡൊ?

അയ്യോ! അതൊരു കുഴപ്പിക്കുന്ന ചോദ്യമാണല്ലോ (ചിരി) എനിക്ക് രണ്ടു പേരെയും ഇഷ്ട്ടമാണ്. ഇരുവരും ഫുട്ബോൾ ഇതിഹാസങ്ങളല്ലേ! ഒരാൾ കഠിനാധ്വാനം കൊണ്ടും, മറ്റെയാൾ കഴിവ് കൊണ്ടും ഇവിടെവരെയെത്തി. വ്യക്തിപരമായി മെസ്സിയാണ് എന്റെ ​ഹീറോ! 'കംപ്ലീറ്റ് ഫുട്ബോളർ' എന്ന് എനിക്ക് തോന്നിയത് മെസ്സിയെയാണ്. നല്ല സ്‌ട്രൈക്കർ, ലിങ്ക് ഗോൾ കോർണർ, ഫിനിഷർ, എന്ന നിലയിൽ റൊണാള്‍ഡൊ നല്ല പ്ലെയറാണ്. പക്ഷെ മെസ്സി ക്രിയേറ്റ് ചെയ്യും, ഫിനിഷ് ചെയ്യും! അതുകൊണ്ട് മെസ്സിയാണ് എനിക്ക് പ്രിയപ്പെട്ടവൻ.

English Summary: Exclusive interview with Sachin Suresh