Jeevan Job Thomas Image: Madism Digital
Art and Literature

ഒരല്പം ബഹുമാനം

പെണ്ണായാലും ആണായാലും കറുത്തവനായാലും വെളുത്തവനായാലും ഹിന്ദുവായാലും മുസ്ലീമായാലും ഈഴവനായാലും നായരായാലും പുലയനായാലും ആത്യന്തികമായി മറ്റുള്ളവനോട് ആവശ്യപ്പെടുന്നത് ബഹുമാനം തന്നെയാണ്

ജീവൻ ജോബ് തോമസ്
“All I'm asking, is for a little respect when you come home (just a little bit).”

ഒരല്പം ബഹുമാനം. അത് മാത്രം മതിയെനിക്ക്. ജീവിതത്തിൽ ആകെ എനിക്ക് വേണ്ടത് അത് മാത്രമാണ്. ഞാനുണ്ടാക്കിയ പണം മുഴുവനും നിങ്ങൾക്ക് തരാം. ആ മൂലധനത്തിന്റെ ലാഭമായി എനിക്ക് ബഹുമാനം മാത്രം തിരിച്ചു തരൂ.

ഇത് പാടിയത് അമേരിക്കൻ പാട്ടുകാരി അരീത്ത ഫ്രാങ്ക്ലിനാണ്. ആത്മാവിൽ നിന്നും ഒഴുകിയിറങ്ങുന്ന മുറിവുകളുടെ നദികളെ ആവേശത്തിന്റെ കടലിലേക്ക് ചാലുകീറിയൊഴുക്കുന്ന വേദനയോടെയാണ് അരീത്ത ഫ്രാങ്ക്ലിൻ തന്റെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ റസ്പെക്റ്റ്‌ എന്ന ഗാനം ആലപിച്ചിട്ടുള്ളത്. R-E-S-P-E-C-T എന്ന അക്ഷരങ്ങൾ തീവ്രമായ ആത്മവിശ്വാസത്തിന്റെ തീപുരട്ടിയാണ് അരീത്ത കേള്‍വിക്കാരിലേക്ക് വലിച്ചെറിയുന്നത്. ആ തീയാണ് നമ്മുടെ ആത്മാവിൽ കിടന്ന് പൊള്ളുന്നത്.

റസ്പെക്റ്റ് എന്ന ഗാനം അരീത്ത ഫ്രാങ്ക്ളിൻ പാടി അവതരിപ്പിച്ചത് അവരുടെ I Never Loved a Man the Way I Love You എന്ന 1967 പുറത്തിറങ്ങിയ ആല്‍ബത്തിലാണ്. അരീത്തയുടെ ശബ്ദത്തിൽ ആ ഗാനം പുറത്തുവന്നതോടെ അത് ഇന്‍സ്റ്റന്റ് ഹിറ്റാവുകയായിരുന്നു. രണ്ട് ഗ്രാമി അവാർഡുകളോടെ അമേരിക്കയിൽ ആകെ പടര്‍ന്ന ആ ഗാനം ഫെമിനിസത്തിന്റെ ദേശീയ ഗാനം എന്ന മട്ടിൽ പ്രചരിക്കപ്പെടുകയും അരീത്ത ക്യൂൻ ഓഫ് സോൾ എന്ന പേരിൽ അറിയപ്പെടാൻ കാരണമാവുകയും ചെയ്തു. യഥാര്‍ഥത്തിൽ ആ ഗാനം എഴുതിയതും ആദ്യം റെക്കോഡ് ചെയ്ത് മാർക്കറ്റിൽ എത്തിച്ചതും ഓറ്റിസ് റിഡിങ്ങ് എന്ന ഗായകനാണ്. 1965 ൽ. റിഡിങ്ങിന്റെ റസ്പെക്റ്റും അരീത്തയുടെ റസ്പെക്റ്റും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. റിഡിങ്ങിന്റേത്, അതുവരെ നീയെന്ത് ചെയ്താലും എനിക്ക് കുഴപ്പമില്ല,  ഞാൻ പണിയെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ, എനിക്കല്പം ബഹുമാനം തരണം എന്നാണ് പറയുന്നത്. നിരാശനായ ആണിന്റെ മുഖമാണതിന്. അരീത്തയുടേതിൽ, ആത്മവിശ്വാസം തുളുമ്പുന്ന പെണ്ണിന്റെ കരുത്താണുള്ളത്.

ആണിന്റെയും പെണ്ണിന്റെയും അനുഭവതലങ്ങൾ തമ്മിലുള്ള ചെറിയ വ്യത്യാസങ്ങളെ ഒരു പാട്ടിന്റെ തന്നെ ഈ രണ്ടു വേർഷനുകൾ തമ്മിലുള്ള വ്യത്യാസത്തിലൂടെ തിരിച്ചറിയാനാകും. പക്ഷെ രണ്ടനുഭവങ്ങളും ഒരേബിന്ദുവിൽ സന്ധിക്കുന്നു. അത് ബഹുമാനത്തിനു വേണ്ടിയുള്ള ആവശ്യപ്പെടലിലാണ്. പെണ്ണായാലും ആണായാലും കറുത്തവനായാലും വെളുത്തവനായാലും ആഫ്രിക്കനായാലും ചൈനാക്കാരനായാലും ഹിന്ദുവായാലും മുസ്ലീമായാലും ഈഴവനായാലും നായരായാലും പുലയനായാലും ആത്യന്തികമായി മറ്റുള്ളവനോട് ആവശ്യപ്പെടുന്നത് ബഹുമാനം തന്നെയാണ്. മുകളിൽ നിന്നും താഴോട്ട് അത് എളുപ്പമാണ്. താഴേ നിന്നും മുകളിലേക്ക് അത് തീവ്രമായ വേദനയോടെയുള്ള ആവശ്യപ്പെടലാണ്. മനുഷ്യാസ്തിത്വത്തിന്റെ നിർവചന ബിന്ദുവായിട്ട് വേണമെങ്കിൽ നിങ്ങൾക്കതിനെ സൂചിപ്പിക്കാനാകും.

ആണിന്റെയും പെണ്ണിന്റെയും അനുഭവതലങ്ങൾ തമ്മിലുള്ള ചെറിയ വ്യത്യാസങ്ങളെ ഒരു പാട്ടിന്റെ തന്നെ ഈ രണ്ടു വേർഷനുകൾ തമ്മിലുള്ള വ്യത്യാസത്തിലൂടെ തിരിച്ചറിയാനാകും. പക്ഷെ രണ്ടനുഭവങ്ങളും ഒരേബിന്ദുവിൽ സന്ധിക്കുന്നു. അത് ബഹുമാനത്തിനു വേണ്ടിയുള്ള ആവശ്യപ്പെടലിലാണ്. പെണ്ണായാലും ആണായാലും കറുത്തവനായാലും വെളുത്തവനായാലും ആഫ്രിക്കനായാലും ചൈനാക്കാരനായാലും ഹിന്ദുവായാലും മുസ്ലീമായാലും ഈഴവനായാലും നായരായാലും പുലയനായാലും ആത്യന്തികമായി മറ്റുള്ളവനോട് ആവശ്യപ്പെടുന്നത് ബഹുമാനം തന്നെയാണ്. മുകളിൽ നിന്നും താഴോട്ട് അത് എളുപ്പമാണ്. താഴേ നിന്നും മുകളിലേക്ക് അത് തീവ്രമായ വേദനയോടെയുള്ള ആവശ്യപ്പെടലാണ്. മനുഷ്യാസ്തിത്വത്തിന്റെ നിർവചന ബിന്ദുവായിട്ട് വേണമെങ്കിൽ നിങ്ങൾക്കതിനെ സൂചിപ്പിക്കാനാകും.

Lullaby (Chanson douce, France 2019) – itp Global Film

“ചാന്‍സോൻ ഡൂസ്”  എന്ന പേരിൽ ഒരു ഫ്രഞ്ച് നോവലുണ്ട്. 2016 ൽ ഫ്രാൻസിലെ  പ്രി ഗോൺകോർ അവാർഡിനർഹമായ ഈ നോവൽ എഴുതിയത് ഫ്രാങ്കോ –മൊറോക്കൻ എഴുത്തുകാരി ലെയ്ല സ്ലൈമാനിയാണ്. ലോകമെമ്പാടും വിവർത്തനങ്ങൾ വന്ന് ഒരു പബ്ലിഷിങ്ങ് സെൻസേഷനായി മാറിയ അത് “ലാലബൈ” എന്നും “പെർഫെറ്റ് നാനി” എന്നും ഉള്ള രണ്ടു പേരുകളിൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യാവസ്ഥയെ കുറിച്ചുള്ള സൂക്ഷ്മമായ ഒരു അവലോകനമാണ് ഈ നോവൽ. പോളും മെറിയാമും പാരീസിൽ ജീവിക്കുന്ന നോർത്താഫ്രിക്കൻ വംശജരായ ദമ്പതികളാണ്. അവർക്ക് രണ്ടു കുട്ടികളുണ്ട്. മില എന്ന പെൺകുട്ടിയും ആദം എന്ന ആൺകുട്ടിയും. ആദം ജനിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ മെറിയാമിന് ഒരു ജോലി ഓഫർ വരുന്നു. തന്റെ ജീവിതാഗ്രഹമായിരുന്ന വക്കീൽ പണി ചെയ്യാനുള്ള ഒരു നല്ലവസരം. വിവാഹത്തിന് ശേഷം കുട്ടികളെ നോക്കി വീട്ടമ്മയായിരുന്ന മെരിയാമിന് ആ ഓഫർ ഒഴിവാക്കാൻ തോന്നിയില്ല. അങ്ങനെ പോളും മെരിയാമും ഒരു നാനിയെ അന്വേഷിക്കുന്നു. അവരുടെ അന്വേഷണം ചെന്നവസാനിച്ചത് ലൂയിസ് എന്ന അതി മിടുക്കിയായ ഒരു സ്ത്രീയിലാണ്. ചെറുപ്രായത്തിൽ തന്നെ അമ്മയായ ലൂയിസിന്റെ മകൾ ഇപ്പോൾ ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തയായിക്കഴിഞ്ഞു. ഒരുപാട് സ്ത്രീകളെ തങ്ങളുടെ കുട്ടികളെ വളര്‍ത്താൻ സഹായിച്ചിട്ടുള്ള ലൂയിസിനെ കുറിച്ച് അവരെ പരിചയമുള്ള എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. ലൂയിസ് ഞങ്ങളുടെ വീട്ടിൽ നിന്നും പോകാറായി എന്ന് തോന്നിയപ്പോൾ ഒരു പുതിയ കുട്ടിയെ കൂടിയുണ്ടാക്കി അവളെ ഞങ്ങളുടെ വീട്ടിൽ പിടിച്ചു നിര്‍ത്തിയാലോ എന്ന് ഞാൻ ആഗ്രഹിച്ചു പോയി എന്ന് മെരിയാമിനോട് ഒരു സുഹൃത്ത് പറയുന്നുണ്ട്. ലൂയിസ് അങ്ങനെ പോളിന്റെയും മെരിയാമിന്റെയും കുടുംബത്തിൽ കുട്ടികളെ നോക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു.

രണ്ടു വര്‍ഷത്തോളമുള്ള ലൂയിസിന്റെ ആ വീട്ടിലെ ജീവിതവും ആദത്തിന്റെയും മിലയുടെയും വളർച്ചയിൽ അവളുടെ ഇടപെടലും പോളും മെരിയാമും ആയുള്ള ലൂയിസിന്റെ ബന്ധവും എല്ലാമാണ് ലാലബൈയുടെ കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്.

എന്നാൽ കഥയുടെ ഞെട്ടിപ്പിക്കുന്ന സംഗതി മറ്റൊന്നാണ്. ഒരു ദിവസം ജോലി സ്ഥലത്ത്‌ നിന്നും പോലീസിന്റെ വിളി കേട്ട് വീട്ടിലെത്തുന്ന മെരിയം കാണുന്നത് തന്റെ രണ്ടു കുട്ടികളും രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്നതാണ്. രണ്ടു വര്‍ഷത്തോളം കുട്ടികളെ നോക്കി വളര്‍ത്തിയ ലൂയിസ് ഈ രണ്ടു കുട്ടികളെയും ഒരു ചെറിയ കത്തി കൊണ്ട് കുത്തിക്കൊന്നിരിക്കുന്നു!

The baby is dead. It took only few seconds. The doctor said he didn’t suffer.

എന്നു പറഞ്ഞാണ് നോവൽ ആരംഭിക്കുന്നത് തന്നെ. നോവൽ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. എന്തിനാണ് രണ്ടുവർഷം താൻ വളർത്തിയ കുട്ടികളെ ഒരായ കുത്തിക്കൊല്ലുന്നത്. ആ ചോദ്യത്തിന്റെ ഉത്തരം നീണ്ടു കിടക്കുന്നത് ആധുനിക ജീവിതത്തിന്റെയും മാതൃത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതിസന്ധികളിലാണ്. മിലയുടെയും ആദമിന്റെയു ജീവിതത്തെ പതിയെ പതിയെ കരുപ്പിടിപ്പിച്ചു കൊണ്ടിരിക്കെ പോളിൽ നിന്നും മെരിയാമിൽ നിന്നും താൻ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ലൂയിസ്‌ ഓരോ നിമിഷവും ചിന്തിക്കുന്നത് കാണാം. ആ വീടിനെ സ്വന്തം വീടായി കണ്ട് അതിന്റെ മായാലോകത്ത് സ്വന്തം അസ്തിത്വം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ലൂയിസ്, ഒരിക്കൽ താൻ ഈ വീട്ടിൽ നിന്നും പുറത്താക്കപ്പെടും എന്ന സാധ്യതയെ തടയാനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ ശ്രമങ്ങളുടെ അവസാനമാണ് പോളിന്റെ സുഹൃത്ത് ജപ്പാനിൽ പോയി വന്നപ്പോൾ വിശിഷ്ടമായി കൊണ്ട് വന്നു സമ്മാനിച്ച, അടുക്കളയിൽ കുട്ടികൾ കാണാതെ സൂക്ഷിച്ചു വച്ചിരുന്ന, ആ കത്തിയിലേക്ക് മെരിയാമിന്റെ കൈകൾ നീണ്ടത്.

“പെര്‍ഫെക്റ്റ്‌ നാനി”യുടെ വായന ദിവസങ്ങൾ നീണ്ട അസ്വസ്ഥതയാണ് മനസിന്‌ സമ്മാനിക്കുന്നത്. എന്താണ് മനുഷ്യൻ ആത്യന്തികമായി ആവശ്യപ്പെടുന്നത് എന്ന ചോദ്യം അത് വീണ്ടും വീണ്ടും നമ്മളിൽ ഉയര്‍ത്തുന്നു.

ആ സമയത്താണ് ഞാൻ അരീത്ത ഫ്രാങ്ക്ലിനിൽ രക്ഷപ്രാപിക്കുന്നത്. R-E-S-P-E-C-T എന്ന് ഉച്ചത്തിൽ തീയിൽ നിന്ന് മുളച്ചു വന്നത് പോലെ അവർ പാടുന്നു. കുട്ടികളെ കൊലയ്ക്ക് കൊടുക്കാൻ മടിക്കാത്ത അമ്മമാർ കേരളത്തിലും അത്ഭുതകരമായ സംഭവമായി ഉയര്‍ന്നു വരുന്ന സമകാലീന സാഹചര്യമാണ് എന്നൊക്കെ ചിലർ എഴുതിയത് വായിക്കുന്നു. എന്തുകൊണ്ടാണ് ഒരമ്മ സ്വന്തം കുഞ്ഞിനെ കൊല്ലാൻ വിട്ടുകൊടുക്കുന്നത് എന്ന ചോദ്യത്തിന് മനശാസ്ത്രപരവും സാമൂഹികശാസ്ത്രപരവും ഒക്കെയായ പല വിധ ഉത്തരങ്ങൾ പറയുന്നവരെ കാണുന്നു. പെർഫെക്റ്റ് നാനിയിലൂടെ പക്ഷെ ഇതിന് വളരെ വ്യത്യസ്തമായ ഒരു പാഠം ലെയ്ല സ്ലൈമാനി നിർമ്മിച്ചെടുക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളുടെ കാലത്ത് അമ്മ എന്ന വാക്ക് എങ്ങനെയാണ് പുനർനിർവച്ചിക്കപ്പെടുന്നത് എന്ന് സ്ലൈമാനി സൂക്ഷ്മമായി അവതരിപ്പിക്കുന്നു. യുത്യധിഷ്ഠിതമായ ഉത്തരങ്ങളെക്കാൾ കൂടുതൽ അനുഭൂതികളിലൂടെ നിർമ്മിക്കപ്പെടുന്ന സാധ്യതകളിലൂടെ ഒരു വലിയ നിയമം അത് നമ്മെ ഓർമ്മിപ്പിക്കുന്നു. ആ നിയമം അരീത്ത ഫ്രാങ്ക്ലിൻ അലറിവിളിച്ച് ലോകത്തോട് പറഞ്ഞതാണ്.

ആകെ എനിക്ക് വേണ്ടത് ബഹുമാനം മാത്രമാണ്. ഈ ഭൂമിയിൽ ഓരോ പുൽക്കൊടിയും നിരന്തരം ആവശ്യപ്പെടുന്നത് അത് മാത്രമാണ്. അത് കിട്ടാതെ വരുമ്പോൾ ഓരോരുത്തരും പ്രവർത്തിക്കുന്ന വഴികളെ നമുക്ക് പ്രവചിക്കാൻ എളുപ്പമല്ല. അതിൽ ഒരു വഴിയാണ് ലൂയിസ് സഞ്ചരിച്ചത്. നമ്മളോരോരുത്തരും അതേകണക്കിനുള്ള മറ്റു വഴികളിലൂടെയും സഞ്ചരിക്കുന്നതും.