സൂചന: ചൈനയുമായി അറുപതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷകാലത്ത് തിബത്തിലെ ജനത ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുകയുണ്ടായി. അന്ന് അവര്‍ക്കായി ഒരുക്കിയ ഗ്രാമങ്ങളിലൊായിരുന്നു കര്‍ണാടക കൂര്‍ഗിലെ ബൈലക്കൂപ്പ. തിബത്തന്‍ അഭയാര്‍ത്ഥികളുടെ മൂന്നു തലമുറയെങ്കിലും ഇപ്പോള്‍ അവിടെയുണ്ട്. ജന്മദേശത്തേക്കു മടങ്ങാന്‍ കഴിയാത്തവര്‍. പലരും സ്വന്തം നാടിനെക്കുറിച്ചു കേട്ടറിവ് മാത്രം ഉള്ളവര്‍. 2010 ലും 2011 ലും കൂട്ടുചേർന്നു, 2021 അവസാനം ഒറ്റയ്ക്കും ഞാന്‍ അവിടെ പോയി താമസിച്ചിരുന്നു. 2010ല്‍ ആദ്യമായി പോയപ്പോള്‍ എഴുതിയ ഈ കുറിപ്പ് പിന്നീടുള്ള സന്ദര്‍ശനങ്ങളില്‍ തിരുത്തുകയുണ്ടായി. ലോകത്ത് അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്ന കാലത്ത് ഈ കവിത (?) പ്രസക്തമാണെന്ന് തോന്നുന്നു
തിബത്തന്‍ അഭയാര്‍ത്ഥിഗ്രാമം
സന്യാസിമഠം,
വൈകുന്നേരം.
സുവര്‍ണക്ഷേത്രത്തിന്റെ പടുകൂറ്റന്‍ ചക്രം
സൂര്യകിരീടം പോലെ.
തെരുവുകളില്‍ ആള്‍ത്തിരക്കു കുറവായിരുന്നു.
മടങ്ങിപ്പോകുന്ന വാഹനങ്ങളുടെ ശബ്ദം.
തണുപ്പ്, വിശക്കുന്ന മൃഗത്തെപ്പോലെ
അരികിലെവിടെയോ ഉണ്ട്.
കാതോര്‍ത്താല്‍ അതു മുരളുന്നതിന്റെ ഒച്ച കേള്‍ക്കാം.
ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിന് ചുറ്റും
കൂനിക്കൂടിയിരിക്കുന്ന
മൂന്നു കിഴവികളെ കണ്ടു.
മുഖമുയര്‍ത്താതെ.
ഉള്ളതില്‍ക്കൂടുതല്‍ തണുപ്പുണ്ടെന്നു നടിച്ച്.
കത്തുന്ന ഇലകള്‍ തെളിയിച്ച
ഇത്തിരി വെളിച്ചത്തിനുമുമ്പില്‍
സ്വയം മാഞ്ഞുപോകാതിരിക്കാന്‍ വെമ്പുന്ന
നിഴലുകള്‍ മാതിരി.
(ചിലപ്പോളവര്‍ ഈ ഭൂമിയുടെ ഭാവി പ്രവചിച്ചേക്കും.)*
മതില്‍ക്കെട്ടിനകത്ത്
തെന്നിത്തെന്നി നീങ്ങുന്ന ലാമമാര്‍.
ഒപ്പം നടക്കുന്ന ഇളംകാറ്റ്
അടിതെറ്റിവീഴാതിരിക്കാനെന്നോണം
ഇടയ്ക്കിടെ
അവരുടെ കുങ്കുമക്കുപ്പായങ്ങളില്‍ പിടിച്ചു.
ഇടനാഴിയില്‍
പനിപിടിച്ച വെളിച്ചം.
പാതിയൊഴിഞ്ഞ ചായക്കോപ്പയില്‍ നിന്നും
സ്വയം ചൂടുപകരാന്‍ ശ്രമിക്കുന്ന വയസ്സന്‍ സന്യാസി.
- അയാളുടെ കോപ്പയില്‍
കൊടുങ്കാറ്റുകളല്ല,
നിശ്ശബ്ദതയുടെ ആരവം.
മഠത്തിനുപിന്നിലെ മൈതാനത്തില്‍
പന്തുകളിക്കുന്ന കുഞ്ഞുലാമമാര്‍
മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സുകള്‍,
സന്യാസിവേഷം,
അവരില്‍ നിന്നും അറ്റുപോയ
കുട്ടിക്കാലം.
കളിയില്‍ കൂട്ടുമോ എന്നു തിരക്കി
ഒരു മഴ ചാറിവന്നു.
കുട്ടികള്‍ അതിനെ നോക്കിയതേയില്ല.
അവര്‍ തന്നെ
കാണുമായിരിക്കും;
വിളിക്കുമായിരിക്കും;
മഴ
ഇത്തിരിനേരം കളികണ്ടു
ചുറ്റിപ്പറ്റി നിന്നു.
പിന്നെ പിണങ്ങി,
തിരിച്ചുപോയി.
ഇപ്പോള്‍
നമ്മുടെ നേര്‍ക്കുവരുന്നു,
കളിയില്‍ നിന്നു തെല്ലിട
വഴിതെറ്റിയ പന്ത്.
അടുത്തെത്തിയപ്പോള്‍
പക്ഷേ, ശരിക്കും അതു പന്തല്ലെന്നു തോന്നി.
മറ്റൊരു ലോകത്തില്‍ നിന്നുള്ള
ഒരു ചോദ്യം.
-ആരാണ് എന്റെ കളിയില്‍ നിന്നും പുറത്താക്കിയത്?
അതു പറയുന്നു:
എനിക്കും നാടുണ്ടായിരുന്നു
വീടുകള്‍, നടപ്പാതകള്‍,
വിളക്കുമരങ്ങള്‍,
മഞ്ഞിറങ്ങുന്ന പുല്‍പ്പരപ്പുകള്‍
തണുത്ത വെയിലില്‍ മേയുന്ന
എന്റെ വളര്‍ത്തുമൃഗങ്ങള്‍.
എഴുന്നേറ്റുനില്ക്കാന്‍ ഊന്നുവടികള്‍
ചുവടുവയ്ക്കാന്‍ എന്റെ ഭാഷ
സഞ്ചരിക്കാന്‍ പാതകളും നദികളും
എല്ലാം ഉണ്ടായിരുന്നു.
എല്ലാം.
എന്റെ വാക്ക്
എന്റെ ഒച്ച
എന്റെ കാലം.
ഞങ്ങള്‍ പറഞ്ഞു:
നോക്കൂ, ഞങ്ങള്‍ നിയമങ്ങളറിയാതെ
കളി കാണുന്നവര്‍ മാത്രം.
പുറത്താക്കപ്പെട്ടവരെക്കുറിച്ചുള്ള
ഈ ചോദ്യം ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല.
ഞങ്ങള്‍ ഒന്നും അനുഭവിച്ചിട്ടില്ല,
പഠിച്ചിട്ടില്ല.
അതിര്‍ത്തികള്‍ക്കുള്ളില്‍,
വീടുകള്‍ക്കുള്ളില്‍, മുറികള്‍ക്കുള്ളില്‍, മനസ്സുകള്‍ക്കുള്ളില്‍
ചൂടുപറ്റി
എക്കാലവും
ഞങ്ങള്‍ ജീവിച്ചു.
മൈതാനത്തിലേക്കുതന്നെ
തിരിച്ചുവിടുമ്പോള്‍ വീണ്ടും
അതു പന്തുമാത്രമായിത്തീർന്നു.
വരൂ, വരൂ
പ്രാര്‍ത്ഥനയ്ക്കുള്ള നേരമായി
സുവര്‍ണക്ഷേത്രത്തിലെ മണികള്‍ ക്ഷണിക്കുന്നു.
കളി തീര്‍ന്നത് അറിഞ്ഞിട്ടാവാം
പിണങ്ങിപ്പോയ മഴ
തിരിച്ചെത്തുന്നു.
പ്രാര്‍ത്ഥന പോലെ അതു നിന്നു പെയ്യുന്നു
പാതകളും തെരുവുകളും
ക്ഷേത്രവും അതിന്റെ കവാടവും
മനുഷ്യരും മരങ്ങളും
വിളക്കുകളും വെളിച്ചവും
കാലവും
ഒരേ മഴയില്‍ ധ്യാനിച്ചുനില്‍ക്കുന്നു.
* സൂചന: മാക്‌ബെത്ത്