ഇന്ത്യ എന്ന ഉപഭൂഖണ്ഡം വൈവിധ്യമാർന്ന മനുഷ്യജീവിതത്താൽ സമ്പന്നമാണ്. നാനാതരം സാംസ്കാരിക പാരമ്പര്യങ്ങളെ പേറുന്ന ഈ രാഷ്ട്രഭൂപടത്തിൽ കേരളത്തിന് സവിശേഷമായ ഒരിടമായി നിൽക്കാൻ കഴിയുന്നതിൽ അതിൻ്റെ കലാപാരമ്പര്യത്തിനും വലിയ പങ്കുണ്ട്. സ്വരൂപത്തിലും ആവിഷ്കാര രീതികളിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ അംശങ്ങൾ ഇവിടുത്തെ കലകളിൽ ഉള്ളതുകൊണ്ടാണ് അതിനെ 'കേരളീയ കലകൾ 'എന്ന് നാം അഭിമാനപൂർവ്വം പറയുന്നത്. നമ്മുടെ ഭൂപടത്തിൻ്റെ വ്യതിരിക്തതയും കൂടി ഈ കലകളുടെ വൈവിധ്യത്തിന് കാരണമായിത്തീർന്നിട്ടുണ്ട്. സഹ്യപുത്രന്റെ ഔന്നത്യവും അറബിക്കടലിന്റെ ആഴവും ചേർന്ന ഈ മണ്ണിൽ, ഓരോ ഋതുക്കളും ഓരോ ഉത്സവങ്ങൾക്ക് ജൻമം നൽകിയിട്ടുണ്ട്. ചിങ്ങവെയിലിലെ പൊന്നോണവും കായലുകളിലെ ജലമേളകളും പൂരങ്ങളും ഇവിടുത്തെ മണ്ണിൽ വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുന്നുണ്ട്. ഒപ്പം ജാതിപരവും മതപരവുമായ ആചാരങ്ങങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തല സാന്നിദ്ധ്യങ്ങളിൽ നിന്നും സാധ്യമായ അനുഭൂതി വൈവിധ്യങ്ങൾ വേറെയും. ഈ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും തുടർച്ചയാണ് കൗമാര കലാമേളയായ കേരള സ്കൂൾ കലോത്സവവും. ലോകത്തിലൊരിടത്തും ഇത്രയധികം കൗമാരകലാ പ്രതിഭകൾ ഒരേ പന്തലിൽ ഒരുമിച്ച് മാറ്റുരയ്ക്കുന്ന മറ്റൊരു വേദിയുണ്ടാകില്ല. കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന അരങ്ങ്. ഇന്നത്തെ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ, ഇതിനെ 'കെ-ഫെസ്റ്റ്' (K-Fest) എന്ന് വിളിക്കുന്നതാകും കൂടുതൽ അനുയോജ്യം. ലോകോത്തരമായ നിലവാരവും ജനപങ്കാളിത്തവും കൊണ്ട് 'ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം' എന്ന റെക്കോർഡ് ഇതിനോടകം ഈ മേള സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ സത്യത്തിൽ, ഇത് ഏഷ്യയിലേത് മാത്രമല്ല, ലോകത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു അത്ഭുതമാണ്.
ലോകത്തിലൊരിടത്തും ഇത്രയധികം കൗമാരകലാ പ്രതിഭകൾ ഒരേ പന്തലിൽ ഒരുമിച്ച് മാറ്റുരയ്ക്കുന്ന മറ്റൊരു വേദിയുണ്ടാകില്ല. കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന അരങ്ങ്
ഇത് വെറുമൊരു മത്സരമല്ല; കലയിലൂടെയുള്ള ഒരു ഒത്തുചേരലാണ്. പഴമയുടെ തനിമയും പുതുതലമുറയുടെ വേഗതയും ഒത്തുചേരുന്ന ഈ മഹാമേള, കൗമാരത്തിന്റെ ആഘോഷമെന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വിളവെടുപ്പാണ്. സിനിമ സാഹിത്യം, മാധ്യമം, നൃത്തം തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പലരുടെയും ചരിത്രം സ്കൂൾ കലോത്സവത്തിൻ്റെ ചരിത്രവുമായി ചേർത്തു വായിക്കാവുന്നതാണ്. യേശുദാസ് ,പി. ജയചന്ദ്രൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, കെ.എസ് ചിത്ര, മഞ്ജു വാര്യർ, വിനീത്, നവ്യാനായർ, വിനീത് കുമാർ തുടങ്ങി ചലച്ചിത്ര മേഖലയിൽ പിൽക്കാലത്ത് വലിയ മേൽവിലാസമുണ്ടാക്കിയവരുടെയൊക്കെ ആദ്യ അരങ്ങുകളിലൊന്ന് സ്കൂൾ കലോത്സവം തന്നെ. അതുകൊണ്ട് തന്നെ ഭാവിയിലെ താരങ്ങളെ കണ്ടെത്താനുള്ള 'ടാലന്റ് ഹണ്ട്' കൂടിയാണ് ഈ കെ-ഫെസ്റ്റ് എന്നു പറയാം.
കേരളപ്പിറവിയുടെ തൊട്ടുപിന്നാലെ, മലയാളനാടിന്റെ കലാചരിത്രത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ടാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അരങ്ങുണരുന്നത്. 1956 നവംബറിൽ കേരളം ഒരു സംസ്ഥാനമായി രൂപംകൊണ്ടതിന് തൊട്ടടുത്ത മാസം തന്നെ ഈ ബൃഹത്തായ ആശയത്തിന് അടിത്തറ പാകി. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരന്റെ ദീർഘവീക്ഷണമാണ് ഈ മേളയ്ക്ക് പിന്നിലെ ചാലകശക്തി. ഡൽഹിയിൽ നടന്ന അന്തർ സർവ്വകലാശാല കലോത്സവത്തിലെ കാഴ്ചക്കാരനായിരുന്ന അദ്ദേഹം, ആ മാതൃകയിൽ കേരളത്തിലെ പ്രതിഭകൾക്കും ഒരു വേദി ഒരുക്കണമെന്ന് നിശ്ചയിച്ചു. ഈ ആശയത്തെ യാഥാർത്ഥ്യമാക്കാൻ ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും പ്രഥമാധ്യാപകൻ ഗണേശ അയ്യരും അദ്ദേഹത്തിനൊപ്പം കൈകോർത്തതോടെ കേരളത്തിന്റെ കലോത്സവ ചരിത്രം പിറവിയെടുത്തു.
1957 ജനുവരി 26-ന് എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്കൂളിൽ വെച്ച് മലയാളത്തിന്റെ പ്രഥമ കലാമാമാങ്കം നടന്നു. രാഷ്ട്രപതി ഭരണത്തിന്റെ നിഴലിലായിരുന്ന കേരളത്തിൽ ഡോ. ബി. രാമകൃഷ്ണറാവു ഗവർണറായിരുന്ന കാലത്തായിരുന്നു ഈ തുടക്കം. വെറും 18 ഇനങ്ങളിലായി ഏകദേശം നാനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച ആ ആദ്യ സംഗമം ഒരു പകൽ മാത്രമാണ് നീണ്ടുനിന്നത്. സ്കൂൾ തലങ്ങളിൽ നിന്ന് നേരിട്ടെത്തിയ ആ കൗമാര പ്രതിഭകൾ അന്ന് തെളിച്ച ദീപമാണ് ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായി പടർന്നുപന്തലിച്ചു നിൽക്കുന്നത്. ഇപ്പോൾ, 2026 ൽ നടക്കുന്നത് അറുപത്തിനാലാം സ്കൂൾ കലോത്സവമാണ്. ആദ്യ കലോത്സവത്തിൽ നാനൂറോളം പേരാണ് പങ്കെടുത്തതെങ്കിൽ ഇന്ന് 25 വേദികളിലായി 239 മത്സര ഇനങ്ങളും അതിൽ മാറ്റുരയ്ക്കുന്നത് പതിനാലായിരം മത്സരാർത്ഥികളുമാണ്. ഓരോ വർഷവും കേരളത്തിലെ വ്യത്യസ്ത ജില്ലകളാണ് ഈ കലോത്സവത്തിന് ആതിഥേയത്വമരുളുന്നത്. അപ്പോൾ ആ നാടിൻ്റെ പാരമ്പര്യത്തെയും കൂടി ചേർത്തുവെച്ചുകൊണ്ടാണ് കലോത്സവം ആഘോഷിക്കുന്നത്. ഈ വർഷം അത് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ്. പൂരങ്ങളുടെ നാട്ടിലായതുകൊണ്ടുതന്നെ അറുപത്തിനാലാം സ്കൂൾ കലോത്സവം അറുപത്തിനാല് വർണക്കുടകൾ കൈമാറിക്കൊണ്ടാണ് ആരംഭിച്ചത്.
അനേകകാലങ്ങളുടെ ചരിത്രവും പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന കലകളെ പുതുതലമുറകൾക്ക് കൈമാറ്റം ചെയ്യുന്ന വേദികളാണ് ഓരോ വർഷവും സ്കൂൾ കലോത്സവം സാധ്യമാക്കുന്നത്. യഥാർത്ഥത്തിൽ കേരളീയതയെയാണ് ഇതിലൂടെ കൈമാറുന്നത്.
സങ്കരമായ സാംസ്കാരിക വിനിമയങ്ങളിലൂടെയാണ് നമ്മുടെ കലകളും, 'കേരളീയത 'എന്ന തനിമയും രൂപപ്പെട്ടത്.
കേരളത്തിൻറെ സാമൂഹിക ചരിത്രത്തിൽ 'കേരളീയത' എന്ന സങ്കല്പം ദീർഘകാലം ചില നിശ്ചിത അടയാളങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരുന്നു. സവർണ്ണ പാരമ്പര്യങ്ങളും മധ്യവർഗ അഭിരുചികളും നിശ്ചയിക്കുന്ന കലാരൂപങ്ങൾ ആയിരുന്നു നമ്മുടെ സാംസ്കാരിക ഭൂപടത്തിന്റെ കേന്ദ്രം. സ്കൂൾ കലോത്സവങ്ങളും ആ ബോധ്യങ്ങളെ ഉറപ്പിച്ചിരുന്നു എന്ന് ചരിത്രം നോക്കിയാലറിയാം. കേരളീയ കലകളെക്കുറിച്ച് സംസാരിക്കുമ്പോൾ നാം പലപ്പോഴും ശുദ്ധമായ തനിമ എന്ന സങ്കൽപ്പത്തിന് അമിതമായ പ്രാധാന്യം നൽകാറുണ്ടായിരുന്നു. എന്നാൽ ചരിത്രപരമായി പരിശോധിച്ചാൽ അകേരളീയമായ ഒന്നും സ്പർശിക്കാത്ത ഒരു ശുദ്ധ സ്വരൂപം എന്ന നിലയിൽ ഒരു കേരളീയതയും ഇവിടെ സാധ്യമല്ല. കേരളത്തിന്റെ കലകൾ എന്നത് നൂറ്റാണ്ടുകളിലൂടെ ഇവിടേക്കൊഴുകിയെത്തിയ വിവിധ സംസ്കൃതികളെ ആഗിരണം ചെയ്തു രൂപപ്പെട്ടതാണ്. അതിൽ മതപരവും ജാതിപരവുമായ വൈവിധ്യങ്ങൾ പോലെ തന്നെ പ്രാദേശികമായ വൈവിധ്യങ്ങളും വൈദേശികമായ സ്വാധീനങ്ങളും ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. ഈ പങ്കുവെപ്പുകളുടെയും കൂടിക്കലരലുകളുടെയും പാരമ്പര്യത്തെ ഇന്ന് നാം മെല്ലെ മെല്ലെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ മാറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. കേരളത്തിൻറെ കൗമാര കലാരംഗം അതിൻറെ സുവർണ്ണ ജൂബിലികളും പിന്നിട്ട് മുന്നോട്ടു കുതിക്കുമ്പോൾ കേരളീയത എന്ന വാക്കിന് പുതിയൊരു അർത്ഥവും വ്യാപ്തിയും കൈവന്നിരിക്കുന്നു. അതുകൊണ്ട് ഒരു കേരളത്തെയല്ല അനേകം കേരളങ്ങൾ ദൃശ്യമാകുന്ന വേദികളാണ് സ്കൂൾ കലോത്സവങ്ങളിൽ തെളിയുന്നത്. വൈവിധ്യങ്ങളുടെ ഈ സംഗമം കേരളീയതയെ കൂടുതൽ മിഴിവുറ്റതാക്കുന്നു എന്ന് ചുരുക്കം.
ജനാധിപത്യത്തെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ബോധ്യങ്ങൾ തിരുത്തപ്പെട്ടതിൻ്റെ ഫലമാണ് ആദിവാസി ഗോത്ര കലാരൂപങ്ങൾക്കുൾപ്പെടെ സ്കൂൾ കലോത്സവങ്ങളിൽ ഇപ്പോൾ ഇടം കിട്ടിയത്. പണിയ നൃത്തം, പളിയ നൃത്തം, മലയപ്പുലയാട്ടം, മംഗലം കളി, ഇരുള നൃത്തം തുടങ്ങിയവയൊക്കെ ഇന്ന് ഈ കലോത്സവത്തിൻ്റെ ഭാഗമാണ്. ചിലങ്ക കെട്ടിയ നൃത്തച്ചുവടുകൾ മാത്രമല്ല മണ്ണിൽച്ചവിട്ടി നിൽക്കുന്ന ആദിവാസിച്ചുവടുകളും കേരളീയതയുടെ അന്തസത്തയാണെന്ന് മലയാളി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇങ്ങനെ കേരളത്തിൻ്റെ സാംസ്കാരിക ബോധ്യങ്ങളെ അടിമുടി പുതുക്കിപ്പണിയുന്ന ഒന്നായി നമ്മുടെ സ്കൂൾ കലോത്സവം മാറിക്കഴിഞ്ഞു. ഈ വർഷം ഉദ്ഘാടനച്ചടങ്ങിലേക്ക് നോക്കിയാൽ ഇത് വ്യക്തമായി തെളിയും. ഉദ്ഘാടനച്ചടങ്ങിൻ്റെ വേദിയിൽ സ്വാഗത ഗാനം കലയുടെ സപ്തവർണങ്ങൾ ചേർത്തുവെച്ചാണ് അരങ്ങേറുന്നത്. ഭരതനാട്യം, കഥകളി, ഗോത്രനൃത്തം, ഒപ്പന , തിരുവാതിര, കേരള നടനം, മാർഗംകളി, കുച്ചിപ്പുടി, നങ്ങ്യാർകൂത്ത്, നാടോടി നൃത്തം, ഓട്ടൻ തുള്ളൽ തുടങ്ങിയവ ചേർത്തു നിർത്തി ആറുമിനുറ്റ് ദൈർഘ്യമുള്ള അവതരണം. ഹിന്ദു മതവുമായി ബന്ധപ്പെട്ട് വളർന്നുവന്ന ക്ഷേത്രകലകളും, മാപ്പിളത്തനിമ വിളിച്ചോതുന്ന ഒപ്പനയും, ക്രൈസ്തവ പാരമ്പര്യത്തിന്റെ മാർഗംകളിയും, തനിമയാർന്ന തിരുവാതിരയും, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഗോത്രനൃത്തവും ഒരേ താളത്തിൽ ഒരേ അരങ്ങിൽ ചുവടുവെക്കുമ്പോൾ നമ്മുടെ മതനിരപേക്ഷ ജനാധിപത്യബോധത്തിന്റെ വേരുകൾ സമൂഹമനസ്സുകളിൽ ആഴത്തിലാഴ്ത്തുന്ന സാംസ്കാരിക ഇടപെടൽ കൂടിയായിത്തീരുന്നുണ്ട്. ഒരേ വേദിയിൽ വിവിധ മത-സമുദായ പാരമ്പര്യങ്ങൾ കൈകോർക്കുമ്പോൾ വിരിയുന്നത് ഇന്ത്യയുടെ ആത്മാവായ 'വൈവിധ്യത്തിലെ ഏകത്വം' എന്ന മഹത്തായ ആശയം കൂടിയാണ്.
ഇങ്ങനെ വരേണ്യ ബോധത്തിന്റെ തടവറയിൽ നിന്ന് പുറത്ത് കടന്ന് വിഭിന്നങ്ങളായ സംസ്കാരങ്ങളെയും ശൈലികളെയും ഉൾക്കൊള്ളുന്നതിലൂടെയാണ് സ്കൂൾ കലോത്സവം അതിൻറെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുന്നത്. ഒരുകാലത്ത് അദൃശ്യമാക്കപ്പെട്ട ഈ അവർണ്ണ പാരമ്പര്യങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ കേരളീയതയുടെ നിർവചനം കൂടുതൽ വിപുലമാവുകയാണ്.ഒരു വിദ്യാർത്ഥി മറ്റൊരു ദേശത്തിൻ്റെ, സമുദായത്തിന്റെ, കലകളെ തന്റെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ അവിടെ ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ മാഞ്ഞു തുടങ്ങുന്നു. ചുരുക്കത്തിൽ കേരളീയത എന്ന അനുഭവത്തെ ഭൂപടത്തിന്റെ അറ്റങ്ങളിലേക്ക് വിടർത്തിക്കൊണ്ടുപോകുന്ന ഒരു പ്രക്രിയയാണത്.
സാംസ്കാരികമായ ഈ ജനാധിപത്യ പ്രക്രിയ വരും തലമുറയുടെ രാഷ്ട്രീയ ബോധ്യങ്ങളെയും കൂടുതൽ തെളിച്ചമുള്ളതാക്കും എന്നതിൽ തർക്കമില്ല.
പഠന പ്രവർത്തനങ്ങൾക്കപ്പുറത്ത് വിദ്യാർത്ഥികളുടെ സർഗാത്മക ജീവിതം കൂടി സാർത്ഥകമാക്കുക എന്ന ലക്ഷ്യം കൂടി കലോത്സവങ്ങൾക്കുണ്ട്.ഏതു പഠനത്തിന്റെയും പരീക്ഷയുടെയും സമ്മർദ്ദങ്ങളുണ്ടായാലും കലോത്സവങ്ങളെ ചേർത്തുപിടിച്ചുകൊണ്ടേ നാം മുന്നോട്ടുപോകാവൂ. കാരണം നാം ചേർത്തുപിടിക്കുന്നത് കേരളത്തെയാണ്. കലോത്സവങ്ങൾ ഇല്ലാതായാൽ അത് കേവലം ഒരു മത്സരവേദിയുടെ നഷ്ടമല്ല, മറിച്ച് നൂറ്റാണ്ടുകളിലൂടെ കൈമാറി വന്ന 'അനുഭൂതികളുടെ ചരിത്രപ്രവാഹം' കൂടിയാണ് റദ്ദ് ചെയ്യപ്പെടുന്നത്. പൂർവ്വികരുടെ വിയർപ്പും താളവും ആധുനികതയുടെ ഒഴുക്കിൽ ഒലിച്ചുപോകാതെ സംരക്ഷിക്കുന്ന ഒരു സാംസ്കാരിക അണക്കെട്ടായി കലോത്സവങ്ങൾ നിലനിൽക്കണം.എങ്ങനെ നോക്കിയാലും കലോത്സവങ്ങൾ കേരളം എന്ന സങ്കല്പത്തെ കൂടുതൽ സുതാര്യവും മനോഹരവുമാക്കുന്നുണ്ട്. അരികുകളിലേക്ക് പടരുന്ന ഈ കലോത്സവ ഭൂപടം നമുക്ക് കാണിച്ചു തരുന്നത് വൈവിധ്യങ്ങളിൽ പുലരുന്ന സഹിഷ്ണുതയുള്ള സർഗാത്മകമായ ഒരു നവ കേരളത്തെയാണ്.