ദ ടൈം മെഷീൻ എന്ന വിഖ്യാത കൃതിയിൽ എച്ച്.ജി വെൽസ് ഇങ്ങനെ എഴുതിയിട്ടുണ്ട്.
Nature draws no line between the past and future, but man does.
മഞ്ഞുവീണ പുലരികളും നക്ഷത്രങ്ങൾ തൂക്കിയിട്ട വീഥികളും മാത്രമല്ല ഡിസംബറിനെ വിട്ടുപോരുമ്പോൾ നാമോർക്കുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം ഡിസംബർ സങ്കടങ്ങളുടേതു കൂടിയാണ്. നമ്മുടെ ഏകാന്തതയ്ക്ക് കൂട്ടു നിന്ന ചിലരുടെ വിയോഗം ഡിസംബറിന് നൽകുന്ന ഭാരം ചെറുതല്ല. കഴിഞ്ഞ വർഷം അത് എം.ടി യായിരുന്നെങ്കിൽ ഈ ഡിസംബറിൽ ശ്രീനിവാസനാണ്. ഒരാൾ അക്ഷരങ്ങളുടെയും ദൃശ്യങ്ങളുടെയും ഗൗരവമേറിയ മുഖമാണെങ്കിൽ, രണ്ടാമത്തെയാൾ ചിരിയുടെ മരുന്നുകൊണ്ട് ജീവിതയാഥാർത്ഥ്യങ്ങളെ പൊളിച്ചെഴുതിയ മനുഷ്യനാണ്. രണ്ടുപേരും നമുക്ക് പ്രിയപ്പെട്ടവർ. എം.ടിയുടെ ചിരിക്കുന്ന മുഖവും ശ്രീനിവാസൻ്റെ ഗൗരവം നിറഞ്ഞ മുഖവുമായിരിക്കും അവരുടെ മുഖം പതിഞ്ഞിട്ടുള്ള ഫോട്ടോഗ്രാഫുകളിൽ ഏറ്റവും കുറവെന്ന് നമുക്കറിയാം. ചിലർ ചില ഭാവങ്ങളുടെ അഭാവങ്ങൾ കൂടിയാണല്ലോ.!
ഇത് സമീപകാല ഡിസംബർ സങ്കടമാണെങ്കിൽ ചരിത്രത്തിൽ ഡിസംബറിൽ മരണത്തിലേക്കു മറഞ്ഞുപോയ കലാകാരൻമാർ അനവധിയാണ്. അതിൽ ശ്രീനിവാസനെപ്പോലെ നമ്മെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനുമുണ്ട്. കാലം എക്കാലവും കാത്തുവെക്കുന്നത്. അതെ; ചാർളി ചാപ്ലിൻ. നിശ്ശബ്ദ സിനിമകളിലൂടെ ലോകത്തെ പൊട്ടിച്ചിരിപ്പിച്ച മനുഷ്യൻ. അദ്ദേഹവും ഒരു ഡിസംബറിലാണ് തൻ്റെ ആയുസിൻ്റെ പുസ്തകം മടക്കിയത്. ലോകത്തിലെ എല്ലാ ഭാഷാ വൈവിധ്യങ്ങൾക്കും മേലെ വലിച്ചുകെട്ടിയ വെള്ളിത്തിരയിലെ നായകൻ. അയാളുടെ ഭാഷ എല്ലാവരുടെയും ഭാഷയായിരുന്നു. അതുകൊണ്ട് അയാളെനിക്ക് മലയാളി കൂടിയാണ്. ഒരൊറ്റ ഭൂപടത്തിലിരുന്ന് എല്ലാവരോടും സംസാരിക്കുന്ന ഒരാളെ സങ്കൽപ്പിച്ചാൽ ലോകത്ത് ചാപ്ലിനോളം വലിയ ഒരു കലാകാരനുമുണ്ടാവില്ല. ദൈവപുത്രൻ്റെ ജനനം പോലെ ലോകത്തിലെക്കാലത്തേക്കുമുള്ള പിറവിയായിരുന്നു അത്. ഡിസംബറിലെ തിരുപ്പിറവി ഭാവനയാണെങ്കിൽ ഈ പിറവികൾ യാഥാർത്ഥ്യമാണ്. ദൈവസാന്നിദ്ധ്യം പോലെ അഭയത്തെയും ആനന്ദത്തെയും തേടുന്നവർക്കിടയിൽ എക്കാലവും ഇവരുണ്ടാവുമെന്നുറപ്പ്.
ക്രിസ്തു, ചാപ്ലിൻ, എം ടി, ശ്രീനിവാസൻ ഇവരൊക്കെ നമ്മുടെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ച അനുഭൂതികൾ കൂടിയാണ്. ഇരുളടഞ്ഞ കോണുകളിൽ വെളിച്ചം വിതറാനായി ജനിച്ചവർ. എത്ര പരാജയപ്പെട്ടാലും മനുഷ്യൻ്റെയുള്ളിൽ പ്രതീക്ഷയുടെ നീരുറവകൾ വറ്റാതെയുണ്ടെന്ന് പറഞ്ഞുതന്നവർ. ആ പ്രതീക്ഷകളിൽ ഒന്നാണ് ഓരോ കലണ്ടറിലെയും ജനുവരി മാസം.
തിരുപ്പിറവിയുടെ ദിവസത്തിനോടൊട്ടി എപ്പോഴും പ്രിയപ്പെട്ടവരുടെ മരണവും നമ്മോടൊപ്പമുണ്ട്. നാമത് ശ്രദ്ധിക്കാഞ്ഞിട്ടാണ്. കവികുലകുടസ്ഥനായ വ്യാസൻ്റെ മനസ്സോളം സഞ്ചരിച്ച് ലോകത്തെ വിസ്മയിപ്പിച്ച എം ടി വാസുദേവൻ നായരുടെ ചേതനയറ്റ ശരീരത്തിനഭിമുഖമായി നിൽക്കുമ്പോൾ എഴുത്തുകാരൻ സുഭാഷ്ചന്ദ്രൻ ഇങ്ങനെയെഴുതിയിരുന്നു.
"എന്തിനായിരിക്കാം തന്റെ മടക്കത്തിനായി എം.ടി. ക്രിസ്മസ്ദിനം തന്നെ തിരഞ്ഞെടുത്തത്? ഹൃദയസ്‌പർശിയായ ഒരു തിരക്കഥയിലെ അന്ത്യരംഗമാണത്. രാത്രിയിൽ ആഘോ ഷമിരമ്പുന്ന ഭൂമിയിലേക്കുള്ള വിഹഗവീക്ഷണം. തിരുപ്പിറവിയെ പാടിപ്പുകഴ്ത്തുന്ന കരോൾ സംഘങ്ങൾക്കു നടുവിലൂടെ, ആർപ്പിനും ആഘോഷങ്ങൾക്കുമിടയിലൂടെ, എതിർദിശയിലേക്ക് കടന്നുപോകുന്ന ഒരു വെളുത്ത ശവവാഹനത്തിന്റെ മ്ലാനമായ ദൃശ്യം! എഴുതിയത് എം.ടിയോ ദൈവംതന്നെയോ?" അറിയില്ല. പക്ഷെ സർവശാസ്ത്രത്തിനപ്പുറം സംഭവിക്കുന്ന ഇതുപോലുള്ള ചില യാദ്യശ്ചികതകൾ ഡിസംബറിൻ്റെ സങ്കടസൗന്ദര്യം കൂടിയാണ്. ലോകദൃഷ്ടിയിൽ ഇങ്ങനെ മരിക്കാൻ കഴിഞ്ഞെങ്കിലെത്ര മധുരമായ്ത്തീർന്നേനെ ജീവിതമെന്ന് തോന്നിക്കുന്നത്രയും മഹത്വമാർന്ന ദൃശ്യങ്ങളിലൊന്ന്. 'പ്രണയശതക 'ത്തിൽ കവി ടി പി രാജീവൻ ചോദിക്കുന്നുണ്ട് "ആരുടെ സ്വപ്നമാണ് നീയും ഞാനു"മെന്ന്. അതുപോലെ ആരുടെയോ തിരക്കഥയാണ് ഞാനും നീയുമെന്ന് തോന്നിച്ച എത്രയെത്ര സന്ദർഭങ്ങൾ. എന്തായാലും വരാനിരിക്കുന്ന കാലത്തിൻറെ തിരക്കഥകൾകൂടി എഴുതിവെച്ചുകൊണ്ടാണ് ഈ മനുഷ്യരൊക്കെ കടന്നുപോയത്.
ക്രിസ്തു, ചാപ്ലിൻ, എം ടി, ശ്രീനിവാസൻ ഇവരൊക്കെ നമ്മുടെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ച അനുഭൂതികൾ കൂടിയാണ്. ഇരുളടഞ്ഞ കോണുകളിൽ വെളിച്ചം വിതറാനായി ജനിച്ചവർ. എത്ര പരാജയപ്പെട്ടാലും മനുഷ്യൻ്റെയുള്ളിൽ പ്രതീക്ഷയുടെ നീരുറവകൾ വറ്റാതെയുണ്ടെന്ന് പറഞ്ഞുതന്നവർ. ആ പ്രതീക്ഷകളിൽ ഒന്നാണ് ഓരോ കലണ്ടറിലെയും ജനുവരി മാസം. ശുഭാപ്തിവിശ്വാസിയുടെ താളുകളാണത്. പുതുവർഷമെന്നത് 365 പുതിയ പേജുകൾ മാത്രമല്ല. മഹാപ്രതിഭകൾ കാട്ടിത്തന്നത് പോലെ വീണുപോവുമ്പോൾ എഴുന്നേറ്റു നിൽക്കാനും മുറിവുകളെ ചിരികൊണ്ട് ചികിത്സിക്കാനുമുള്ള ദിവസങ്ങൾ കൂടിയാണ്. ചാപ്ലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'സിറ്റി ലൈറ്റ്‌സ്' (City Lights) എന്ന സിനിമയിലെ ക്ലൈമാക്സ് ലോക സിനിമയിലെ മികച്ച ദൃശ്യങ്ങളിലൊന്നാണ്. ഓർക്കുന്നില്ലേ. ജനുവരിയിലെ ദിവസങ്ങൾ മറിയുന്ന താളുകളുടെ ദൃശ്യങ്ങളോടുകൂടിയാണ് ആ ക്ലൈമാക്സ് രംഗം ആരംഭിക്കുന്നത്. സിനിമയുടെ അവസാനത്തോടടുക്കുമ്പോൾ ചാപ്ലിന്റെ കഥാപാത്രം (The Tramp) ജയിലിലാവുകയാണ്. ജയിലിലെ ശിക്ഷാ കാലാവധി കഴിയുന്നത് സൂചിപ്പിക്കാൻ കലണ്ടറിലെ താളുകൾ മറിയുന്ന ദൃശ്യമാണ് ചാപ്ലിൻ ഉപയോഗിക്കുന്നത്. ഡിസംബറിലെ ശൈത്യവും ക്ലേശങ്ങളും കഴിഞ്ഞ് ജനുവരിയുടെ പുതുവർഷത്തിലേക്ക്, അതായത് ഒരു പുതിയ ജീവിതത്തിലേക്ക് അദ്ദേഹം കാലുകുത്തുകയാണ്. ജയിലിലെ ഇരുട്ടറയിൽ നിന്ന് അദ്ദേഹം പുറത്തുവരുന്നത് പുതിയൊരു പ്രകാശത്തിലേക്കാണ്. തൻ്റെ ത്യാഗപൂർണ്ണമായ ജീവിതം കൊണ്ട് അതുവരെയും അന്ധതയിലാണ്ട പെൺകുട്ടിക്ക് കാഴ്ച കിട്ടിയ സന്ദർഭം. ജനുവരിപ്പുലരിയിലെ ആ സമാഗമം വിശ്വചലച്ചിത്ര നിമിഷങ്ങളിലെ സുവർണ നിമിഷങ്ങളിലൊന്നാണ്.
ചാർളി ചാപ്ലിന്റെ ഐതിഹാസികമായ 'ദ ലിറ്റിൽ ട്രാംപും' (The Little Tramp), ശ്രീനിവാസൻ സിനിമകളിലെ 'സാധാരണക്കാരനും' (The Common Man) തമ്മിൽ ചില സാമ്യങ്ങൾ കാണാമെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. അവർ രണ്ടുപേരും ആത്മ പരിഹാസത്തോടെയും ഒപ്പം സാധാരണ മനുഷ്യരുടെ പോരാടാനുള്ള വീര്യത്തെയും ഉള്ളിൽക്കൊണ്ടുനടന്നവരാണ്. ആ പോരാട്ടം പുഞ്ചിരിയോടെയാണെന്നു മാത്രം. സൂക്ഷ്മമായി നോക്കിയാൽ അവരുടെ ജീവിതത്തിൻ്റെ വഴികളും കഥാപാത്ര വഴികളും അങ്ങനെതന്നെയായിരുന്നു. രണ്ട് കാലഘട്ടങ്ങളിൽ ജീവിച്ചവരാണെങ്കിലും അവർ ജീവിതത്തെ നോക്കിക്കാണുന്ന രീതി സാധാരണക്കാരൻ്റെതാണ്. അതായിരുന്നു ചരിത്രത്തിലും കലയിലും ആ ജീവിതങ്ങളുടെ അസാധാരണത്വം. ചാപ്ലിന്റെ ട്രാംപ് ഒരു വിശ്വപൗരനാണെങ്കിൽ ശ്രീനിവാസന്റെ സാധാരണക്കാരൻ ശരാശരി മലയാളിയുടെ പ്രതിരൂപമാണെന്നു മാത്രം. അവരെപ്പോഴും സാധാരണക്കാരൻ്റെ പ്രതീക്ഷകളെയാണ് സ്ക്രീനിൽ പ്രതിഫലിപ്പിച്ചത്. കാൽപ്പനികമായ ലോകങ്ങൾ അതിലുണ്ടായിട്ടില്ല. യാഥാർത്ഥ്യങ്ങളോടാണ് അവരെപ്പോഴും ഏറ്റുമുട്ടിയത്. അങ്ങേയറ്റം റൊമാൻ്റിസൈസ് ചെയ്യപ്പെട്ട ഭാവനകളിലൊന്നാണ് യേശുവിൻ്റെ തിരുപ്പിറവിയും പുൽക്കൂടുമൊക്കെയെന്ന് നമുക്കറിയാം. ശ്രീനിവാസൻ സിനിമകളിൽ അത് കേവലമായ തൊഴുത്ത് തന്നെയാണ്. പുൽക്കൂട്ടിലെ വൈക്കോലിനു മുകളിൽ കിടക്കുകയും തനിക്ക് പൊക്കാൻ കഴിയാത്ത കുരിശുമായി കയറിപ്പോവുകയും ചെയ്ത ക്രിസ്തുവിനോട് ബൈബിളിൽ മാത്രമാണ് ലോകം ഐക്യപ്പെടുക. യാഥാർത്ഥ്യത്തോടടുക്കുമ്പോൾ എല്ലാ ആത്മീയതയും കാൽപ്പനികതയാണെന്ന് ശ്രീനിവാസനും തൻ്റെ ചിത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പലപ്പോഴായി പറഞ്ഞുവെച്ചിട്ടുണ്ട്. നാടോടിക്കാറ്റിൽ പശു തൊഴുത്തിൽ നിന്ന് വിശന്നുകരയുമ്പോൾ "ഐശ്വര്യത്തിൻ്റെ സൈറൺ മുഴങ്ങുന്നതു പോലുണ്ടല്ലേ" എന്ന ക്രൂരമായ ഫലിതം ശ്രീനിവാസനിൽ നന്നല്ലാതെ മറ്റാരിൽ നിന്നാണ് മലയാളമനുഭവിച്ചത്.
എന്തായാലും ഈ പുതുവർഷത്തിൽ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിലരുടെ അഭാവമുണ്ടെങ്കിലും അവരെഴുതിവെച്ച വാക്യങ്ങൾ നമുക്കൊപ്പം തന്നെയുണ്ടാവും. സാധാരണക്കാരന്റെ നടന്ന സ്വപ്നങ്ങൾ ആയിരുന്നു ശ്രീനിവാസന്റെ നടത്തങ്ങളും ചാപ്ലിൻ്റെ നടത്തങ്ങളുമൊക്കെ. രാജകീയ പാതകളിലല്ല അവർ പദമുറപ്പിച്ചു തുടങ്ങിയത്. അതുകൊണ്ടു തന്നെ അവരുടെ കഥാപാത്രങ്ങൾ എപ്പോഴും സ്വപ്നങ്ങൾ മുറുകെപ്പിടിച്ചിരുന്നു. എന്നിട്ടും ജീവിതം ഒരു ക്രൂരമായ ഫലിതമാണെന്ന് ഇടയ്ക്കിടയ്ക്ക് കാണിച്ചു തന്നു. പ്രതീക്ഷയുടെ ഇരുപത്തഞ്ച് ലിറ്റർ പാല് കറന്നു തുടങ്ങുമ്പോൾ ആറ് ലിറ്ററിൻ്റെ യാഥാർത്ഥ്യത്തെ നേർക്കു നിർത്തിയാണ് ശ്രീനിവാസനൊക്കെ നമ്മോട് സംസംരിച്ചത്. ആ യാഥാർത്ഥ്യത്തെ മനസിലിട്ടുകൊണ്ടല്ലാതെ ഈ പുതുവർഷത്തേക്കില്ല.
കലണ്ടറിലെ പേജ് മാറുന്നതോടെ ജീവിതം മൊത്തം മാറുമെന്ന് വിശ്വസിക്കുന്ന പാവം മനുഷ്യരാണ് നമ്മൾ. ജനുവരി പകുതിയാവുമ്പോഴേക്കും നമ്മിൽ പലരും പഴയ ജീവിതം തുടരും.
മനുഷ്യസഹജമായ കാര്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. അതിനിടയിൽ സ്വപ്നങ്ങളിൽ ചിലതിന് മുറിവേൽക്കും. അവിടുന്ന് വീണ്ടും എഴുന്നേറ്റ് നടക്കും. ചിലത് ആകാശം തൊടും. മറ്റു ചിലത് "എത്ര മനോഹരമായ നടക്കാത്ത സ്വപ്നം" എന്ന് ശ്രീനിവാസൻ പറഞ്ഞതുപോലെ തുടരും.
എന്തായാലും എല്ലാ സ്വപ്നങ്ങളും നടന്നുകൊള്ളണം എന്നില്ല. ചിലത് നടക്കാത്ത സ്വപ്നങ്ങളായി തന്നെ ഇരിക്കട്ടെ. ആ സ്വപ്നങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഓരോ വർഷത്തെയും സുന്ദരമാക്കുന്നത്.
Summary: In this lyrical New Year reflection, the writer muses on time's seamless flow versus humanity's calendar-divided boundaries, blending hope with poignant losses—like MT Vasudevan Nair and Srinivasan—while invoking H.G. Wells, Charlie Chaplin's tramp-like resilience, and the Christmas-to-January bridge as symbols of renewal. Unwalked dreams, whether fulfilled or not, infuse life with beauty, urging us to cherish the journey amid grief and possibility.