പ്രതിനായകന്മാരോടും വില്ലന്മാരോടും ആരാധന തോന്നുന്നത്, കുറ്റത്തോടുള്ള ഐക്യപ്പെടലോ മനുഷ്യരിൽ കുറ്റവാസന അന്തർലീനമാണെന്നതോ മാത്രമല്ല സൂചിപ്പിക്കുന്നത്. കുറ്റവാളിയുടെ സങ്കീർണമായ ജീവിതാവസ്ഥകളേയും ചിന്തകളേയും മികവോടെ എഴുതാനും അഭിനയിച്ച് അവതരിപ്പിക്കാനും കഴിയുന്നത് കൊണ്ടുകൂടിയാണെന്ന് പറയേണ്ടി വരും. ഏതൊരു അഭിനേതാവും തനിക്ക് കിട്ടിയ കഥാപാത്രത്തിന്റെ ന്യായങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ വിധിക്കപ്പെട്ടവരാണ്. ഈ തിരിച്ചറിവായിരിക്കാം 'വില്ലന്മാർ സംസാരിക്കുമ്പോൾ!..' എന്ന കഥയിയിലൂടെ ടി.വി കൊച്ചുബാവ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചത്. മറച്ചുവെക്കാൻ കഴിയാതെ വെളിപ്പെട്ടുപോകുന്ന വില്ലന്മാരെ കുറിച്ച് ഈ കഥയിൽ അദ്ദേഹം വാചാലമാകുന്നുണ്ട്. വില്ലന്മാർ സംസാരിക്കുമ്പോൾ ഒന്നും ഒളിച്ചുവെക്കാറില്ലെന്നും അവരുടെ ജീവിതം സമൂഹം സൃഷ്ടിച്ച അസമത്വങ്ങളാൽ വെളിവാക്കപ്പെടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ടി.വി.കൊച്ചുബാവ തന്റെ ഈ കഥയിലൂടെ മുന്നോട്ട് വെച്ച മൗലിക ചിന്തയുടെ സൗന്ദര്യശാസ്ത്രം അഭിനയത്തിൽ നടപ്പാക്കിയ അഭിനേതാക്കളിലൊരാളാണ് 'മമ്മുട്ടി'. അദ്ദേഹം അഭിനയിച്ച വില്ലന്മാർക്കും പ്രതിനായകന്മാർക്കും നമ്മളെ പല കാരണങ്ങളാൽ ആകർഷിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന ചിന്ത എത്തിനിൽക്കുക, വില്ലന്റെ ന്യായങ്ങളെ അദ്ദേഹം അഭിനയിച്ച് ഫലിപ്പിക്കുന്നെന്നതാണ് ഉത്തരം.
'മമ്മുട്ടി' എന്ന പേരിന്റെ ഗരിമയെ മലയാളിക്ക് മുന്നിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. 'അനുഭവങ്ങൾ പാളിച്ചകൾ (സംവിധാനം: കെ.എസ്. സേതുമാധവൻ, വർഷം: 1971)' എന്ന സിനിമയിൽ ഏതാനം നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെട്ട വള്ളക്കാരനായി മലയാള സിനിമയിൽ തന്റെ അഭിനയ ജീവിതം തുടങ്ങിയ മമ്മുട്ടി, 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ (സംവിധാനം: ആസാദ്, വർഷം: 1980), തൃഷ്ണ (സംവിധാനം: ഐ.വി ശശി, വർഷം: 1981), യവനിക (സംവിധാനം: കെ.ജി ജോർജ്, വർഷം: 1982), ന്യൂ ഡൽഹി (സംവിധാനം: ജോഷി, വർഷം: 1987) എന്നീ ചിത്രങ്ങളിലൂടെ മുന്നോട്ട് നീങ്ങി, അര നൂറ്റാണ്ട് പിന്നിട്ട്, ആറ് ഭാഷകളിലായി 437 സിനിമകൾ അഭിനയിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'കളങ്കാവൽ' (സംവിധാനം: ജിതിൻ കെ ജോസ്, വർഷം: 2025)' സിനിമയിലെ സ്റ്റാൻലി ദാസ് എന്ന സൈക്കോപാത്തായുള്ള (Psychopath) പകർന്നാട്ടം അദ്ദേഹത്തിന്റെ കുറ്റവാളികളും ടോക്സികുമായ കഥാപാത്രങ്ങളെ ഓർമ്മയിലേക്ക് കൊണ്ടുവന്നു. ഇത്തരത്തിൽ, 'മമ്മുട്ടി' മാജിക് പ്രകടമായ കുറ്റവാളികളും ടോക്സിലുമായ 12 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു.
1. ഭാസ്‌കരപ്പട്ടേലർ *വിധേയൻ (സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ, വർഷം: 1994)
സക്കറിയയുടെ 'ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'വിധേയൻ' എന്ന ചലച്ചിത്രത്തിലെ ഭാസ്‌കരപ്പട്ടേലരാണ്, കുറ്റവാളിയായ കഥാപാത്രങ്ങളിൽ ഏറെ മികവുള്ള മമ്മുട്ടി കഥാപാത്രം. ഫ്യൂഡലിസത്തിന്റെ ഹിംസാത്മക രൂപമായി നിലകൊണ്ട ഭാസ്‌കരപ്പട്ടേലരായും, അയാളുടെ വിധേയനായ തൊമ്മിയ്ക്ക് സമനായ 'മാട'യായും ഒരേ വർഷം വെള്ളിത്തിരയെ ഞെട്ടിച്ചത് കൊണ്ട്, 'വിധേയൻ, പൊന്തൻമാട' എന്നീ ചിത്രങ്ങളിലെ പ്രകടനത്തെ പരിഗണിച്ചു കൊണ്ട് 1994ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മുട്ടി സ്വന്തമാക്കിയിരുന്നു. ഫ്യൂഡൽ അധികാരം കുറ്റകൃത്യത്തെ ജന്മാവകാശമാക്കി മാറ്റിയ ഭാസ്‌കരപ്പട്ടേലരായി മമ്മുട്ടി അഭ്രപാളിയിൽ പകർന്നാടുകയായിരുന്നു. നോട്ടം കൊണ്ടും മൂളൽ കൊണ്ടും തൊമ്മിയെ വിധേയനാക്കിയും തൊമ്മിയ്ക്ക് വിധേയപ്പെട്ടും ഭാസ്‌കരപ്പട്ടേലരുടെ സങ്കീർണമായ മാനസികാവസ്ഥകൾ മമ്മുട്ടി ആഴത്തിൽ ആവിഷ്‌ക്കരിച്ചു.
2. മുരിക്കിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി *പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ (സംവിധാനം: രഞ്ജിത്ത്, വർഷം: 2009)
ഫ്യൂഡൽ അധികാരത്താൽ സഹജീവികളെ വരുതിയിൽ നിർത്തുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന മുരിക്കിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഭാസ്‌കരപ്പട്ടേലരും അധികാര ശ്രേണിയിൽ സമന്മാരാണ്. ഇരുവരേയും കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത് അവർ കയ്യാളുന്ന അധികാരമാണ്. ഭാസ്‌കരപ്പട്ടേലരായി വേഷമിട്ടതിന്റെ 15ാം വർഷം സമാനമായ മാനസിക നിലയും അധികാരഘടനയുടെ ജനിതകം പേറുന്ന കഥാപാത്രമായിരിക്കുമ്പോളും മുരിക്കിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഭാസ്‌കരപ്പട്ടേലരും വേറിട്ട് നിൽക്കുന്നു. കേരള-കർണാടക അതിർത്തിയിലെ ഭാസ്‌കരപ്പട്ടേലർ എന്ന ജന്മിയിൽ നിന്നും പാലേരിയിലെ കുഞ്ഞഹമ്മദ് ഹാജി എന്ന മുസ്ലീം ജന്മിയിലേക്കുള്ള ദൂരം അളന്നുമുറിച്ചതാകുന്നു. ഒരേ ജനിതക ഘടന പേറുന്ന കഥാപാത്രങ്ങളുടെ സാമൂഹ്യപരമായ വേറിട്ട് നിൽപ്പ് എടുപ്പിലും നടപ്പിലും പറച്ചിലിലും മൗനത്തിലും സംവദിക്കാൻ മമ്മുട്ടിക്ക് കഴിയുന്നു.
3. ഖാലിദ് അഹമ്മദ് *പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ (സംവിധാനം: രഞ്ജിത്ത്, വർഷം: 2009)
പാരമ്പര്യം നൽകിയ അധികാരത്തിൽ ഭ്രമിച്ചു പോയ കലാകാരനും വിദ്യാസമ്പന്നനുമായ കുറ്റവാളിയാണ് ഖാലിദ് അഹമ്മദ്. ബലാത്സംഗം ചെയ്ത് മാണിക്യം എന്ന സ്ത്രിയെ കൊന്നുകളയുന്ന ഈ കുറ്റവാളിയെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത്, ബാപ്പയായ മുരിക്കിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ്. അച്ഛന്റെ സ്വത്വത്തെ തന്നിലേക്ക് ആവാഹിക്കുമ്പോഴും അലിഗഢിലെ വിദ്യഭ്യാസം നൽകുന്ന പുരോഗമന മുഖം അയാളെ വേറിട്ട് നിർത്തുകയും വേണം. ഈ സങ്കീർണത പേറുന്ന ഖാലിദ് അഹമ്മദ് എന്ന കഥാപാത്രത്തെ മമ്മുട്ടി വളരെ സൂക്ഷ്മമായാണ് പകർത്തി വെച്ചിട്ടുള്ളത്. മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയുടേയും ഖാലിദ് അഹമ്മദിന്റേയും മദ്യപാന രംഗങ്ങളിലടക്കം ഈ സൂക്ഷ്മാഭിനയത്തിന്റെ കയ്യടക്കം ദർശിക്കും. ചിത്രത്തിലെ മുരിക്കിൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് അഹമ്മദ്' എന്നീ കഥാപാത്രങ്ങളുടെ പ്രകടന മികവ് പരിഗണിച്ച് 2009ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മുട്ടി സ്വന്തമാക്കിയിരുന്നു.
4. സി.കെ രാഘവൻ *മുന്നറിയിപ്പ് (സംവിധാനം: വേണു, വർഷം: 2014)
തന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാകുന്ന സ്തീകളെ കൊന്നുകളയുന്ന സീരിയൽ കില്ലറായ സി.കെ.രാഘവൻ, ഏറെ സങ്കീർണതകളുള്ള കഥാപാത്രമാണ്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാൽ ചോര ചിന്തുമെന്ന ചിന്താഗതിക്കാരനാണ്. ഒരുവേള കവിയോ തത്വചിന്തകനോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഭൗതിക നിലവാരത്താൽ നമ്മെ ഭ്രമിപ്പിക്കുന്ന കുറ്റവാളിയാണയാൾ. അയാൾ താനൊരു കുറ്റവാളിയാണെന്ന് ചിന്തിക്കുന്നതേയില്ല. താൻ നടത്തുന്ന കൊലപാതകങ്ങൾ തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വിപ്ലവമാണെന്ന് കരുതുന്നു. അഞ്ജലി അറക്കൽ എന്ന കഥാപാത്രത്തെ വിശ്വസിപ്പിച്ച പോലെ, താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന പ്രതീതി കൊലപാതക ശേഷവും സൃഷ്ടിക്കാൻ സി.കെ.രാഘവന് കഴിയുന്നത് അഭിനയത്തിലെ 'മമ്മുട്ടി മാജിക്' കൊണ്ടാണ്.
5.സ്റ്റാൻലി ദാസ് *കളങ്കാവൽ (സംവിധാനം: ജിതിൻ കെ ജോസ്, വർഷം: 2025)
സീരിയൽ കില്ലർമാരായ സി.കെ.രാഘവന്റേയും സ്റ്റാൻലി ദാസിന്റേയും ഇരകൾ സ്ത്രീകളാണ്. ഇരുവരുടേയും ഇരകൾ സ്ത്രീകളാണെങ്കിലും, വേട്ടയിൽ ഇരുവരും ലക്ഷ്യമിടുന്ന കാര്യങ്ങളും വേട്ടയുടെ രീതിയും വ്യത്യസ്തമാണ്. സ്റ്റാൻലി ദാസ് ലൈംഗിക സുഖം കണ്ടെത്തിയ ശേഷമാണ് ഇരകളെ കൊല്ലുന്നത്, അതോടൊപ്പം ഇരകളിലേക്ക് എത്തിച്ചേരാൻ കൃത്യമായ പദ്ധതികളും രീതികളും അയാൾക്കുണ്ട്. സി.കെ.രാഘവന് പദ്ധതികളോ തയ്യാറെടുപ്പുകളോ ഇല്ല. സി.കെ.രാഘവനെന്ന സീരിയൽ കില്ലറായി വേഷമിട്ട് 10 വർഷങ്ങൾക്കിപ്പുറം, സ്റ്റാൻലി ദാസായി വേഷമിടുമ്പോൾ മമ്മുട്ടി സാമ്യതകൾക്ക് ഇട നൽകാത്തവിധം ഈ രണ്ട് സൈക്കോപ്പാത്തുകളേയും വ്യത്യസ്തരാക്കി നിലനിർത്തി. കാമുക ഭാവം പ്രകടിപ്പിക്കുന്ന, കരുതലും സ്നേഹവും നൽകുന്നൊരു രക്ഷാധികാരിയായ പുരുഷനിൽ നിന്നും കൊലയാളിയായും പൊലീസുകാരനായും കളംമാറ്റം നടത്തിയാണ് 'കളങ്കാവൽ' സിനിമയിൽ സ്റ്റാൻലി ദാസായി മമ്മുട്ടി നിറഞ്ഞുനിൽക്കുന്നത്.
6. ക്യാപ്റ്റൻ തോമസ് *കൂടെവിടെ (സംവിധാനം: പി.പത്മരാജൻ, വർഷം: 1983)
പുരുഷാധിപത്യ ചിന്തയുടെ പ്രതിഫലനമെന്നോണം കുറ്റകൃത്യത്തിലേക്ക് സഞ്ചരിച്ച ക്യാപ്റ്റൻ തോമസ് അക്കാലത്തേയും മികച്ചൊരു മമ്മുട്ടി കഥാപാത്രമാണ്. പങ്കാളിയോടുള്ള അമിത സ്നേഹവും അസൂയയും സംശയവും അധികാരഭാവവുമെല്ലാം മമ്മുട്ടിയുടെ ക്യാപ്റ്റൻ തോമസിൽ ഭദ്രമായിരുന്നു. പ്രണയത്തിൽ തുടരാൻ കഴിയാതെ വരുമ്പോൾ, പങ്കാളിക്കും അവരുടെ പ്രിയപ്പെട്ടവർക്കും നേരെ ആക്രമണം അഴിച്ചുവിടുന്ന ടോക്സിക് കാമുകന്മാരുടെ പൂർവ്വ മാതൃകയായ ക്യാപ്റ്റൻ തോമസിനെ ഒട്ടും ന്യായീകരിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലെങ്കിലും, പ്രകടനത്തിലെ മമ്മുട്ടി മാജിക് ക്യാപ്റ്റൻ തോമസിനോട് സഹതാപത്തോടെ നോക്കാൻ പ്രേരിപ്പിക്കുന്നു. ക്യാപ്റ്റൻ തോമസ് വേട്ടക്കാരൻ മാത്രമല്ലെന്നും പാട്രിയാർക്കിയുടെ ഇര കൂടിയാണെന്നും സൂക്ഷ്മാർത്ഥത്തിൽ സംവദിക്കാൻ തന്റെ ഈ വേഷത്തിൽ മമ്മുട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
7. കുട്ടൻ *പുഴു (സംവിധാനം: റത്തീന, വർഷം: 2022)
സാമൂഹ്യ രാഷ്ട്രീയ മേധാവിത്വം ജാതിയിൽ അടിസ്ഥാനപ്പെടുത്തിയാണെന്ന് വിശ്വസിക്കുന്ന, അനിയത്തിയുടെ ജീവിതത്തെ നിയന്ത്രിച്ചും നിർണയിച്ചും കുടുംബ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന കുട്ടൻ എന്ന മുൻ IPS ഉദ്യോഗസ്ഥൻ ഏറെ സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമാണ്. വയ്യാതെ കിടക്കുന്ന അമ്മയോട് തന്റെ ഉള്ളുതുറക്കുന്ന കുട്ടനിൽ ആ കഥാപാത്രത്തിന്റെ സ്വത്വം വെളിപ്പെടുന്നുണ്ട്. സഹോദരി ഭാരതിയുടെ ഭർത്താവ് കെ.പി.യെ കൊന്നുകളയാനുള്ള ന്യായം അയാൾക്ക് ജാതിബോധമാണ്. 'കൂടെവിടെ' സിനിമയിലെ തോമസിനെപ്പോലെ 'പുഴു' സിനിമയിലെ കുട്ടനും പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നത്, താനൊരു വേട്ടക്കാരൻ മാത്രമല്ല ഈ സവർണ സാമൂഹ്യ വ്യവസ്ഥയുടെ ഇര കൂടിയാണെന്നാണ്. കഥാപാത്രങ്ങളുടെ സാമൂഹ്യപരിസരത്തെക്കൂടി അഭിനയത്തിലേക്ക് സ്വാംശീകരിക്കുമ്പോൾ മാത്രമേ, ഒരേ സമയം വേട്ടക്കാരനും അതേസമയം ഇരയുമായൊരു കഥാപാത്രത്തെ പൂർണതയോടെ ആവിഷ്‌ക്കരിക്കാൻ കഴിയൂ. ക്യാപ്റ്റൻ തോമസ് മുതൽ കുട്ടൻ വരെയുള്ള അനേകം കഥാപാത്രങ്ങളെ ഇത്തരത്തിൽ അവരുടെ സാമൂഹ്യപരമായ സൂക്ഷ്മമായ അംശങ്ങളോടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
8.നന്ദഗോപാൽ *കളിയൂഞ്ഞാൽ (സംവിധാനം: അനിൽ ബാബു, വർഷം: 1997)
അമ്മുവിന്റേയും വേണുവിന്റേയും ദാമ്പത്യ ജീവിതത്തിൽ വില്ലനാകുന്നത് അമ്മുവിന്റെ സഹോദരൻ നന്ദഗോപാലാണ്. സഹോദരിയുടെ ജീവിതത്തെ നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്ന ഏട്ടനായി മമ്മുട്ടി 'കളിയൂഞ്ഞാൽ' സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ആദ്യ കാഴ്ചയിൽ, നന്ദഗോപാലിനെപ്പോലെ പ്രേക്ഷകരും കരുതുന്നത് അയാൾ അമ്മുവിനെ സ്നേഹിക്കുകയാണെന്നാണ്. വീണ്ടും കാണുമ്പോൾ മാത്രമേ, അമ്മുവിനെപ്പോലെ നമ്മളും മനസ്സിലാക്കുന്നത് നന്ദഗോപാൽ അമ്മുവിന്റെ ഇഷ്ടങ്ങളേയും സ്വാതന്ത്ര്യങ്ങളേയും നിയന്ത്രിക്കുകയാണെന്ന്. അമ്മുവിന്റേയും വേണുവിന്റേയും ജീവിതത്തിലെ സ്നേഹസാന്നിദ്ധ്യമായ വില്ലനാണ് നന്ദഗോപാൽ. 'പുഴു' സിനിമയിലെ കുട്ടനും കളിയൂഞ്ഞാൽ സിനിമയിലെ നന്ദഗോപാലും ഏറെക്കുറെ ഒരേ തൂവൽപക്ഷികളാണ്.
9.ചന്ദ്രദാസ് *പാഥേയം (സംവിധാനം: ഭരതൻ, വർഷം: 1993)
മകൾ ഹരിതയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന വിപ്ലവകാരിയായ ആദർശത്തിന്റെ മുഖമൂടി ധരിച്ച 'പാഥേയം' സിനിമയിലെ കേന്ദ്രകഥാപാത്രം ചന്ദ്രദാസ്, ഈ സിനിമയിലെ നായകനല്ല വില്ലനാണ്. തന്റെ പരിചയക്കാരനായ ഹരികുമാർ മേനോന്റെ പ്രതിശ്രുത വധുവും തന്റെ ആരാധികയുമായ അനിതയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി, ബലാത്സംഗം ചെയ്താണ് ചന്ദ്രദാസ് സ്വന്തമാക്കുന്നത്. ഈയൊരു അനീതിയുടേയും അക്രമത്തിന്റേയും ദുരന്തമായ ഓർമ്മ കൂടിയാണ്, ചന്ദ്രദാസിൽ നിന്നും അനിതയെ അകറ്റുന്നത്. ചന്ദ്രദാസ് അനിതയുടെ ശരീരത്തിന് നേരെ നടന്ന കടന്നാക്രമണത്തിന്റെ കുറ്റബോധം ഒരിടത്തും തുറന്ന് പറയുന്നില്ലെങ്കിലും, സിനിമയുടെ അന്ത്യത്തിൽ അനിതയോടുള്ള പെരുമാറ്റത്തിൽ ചന്ദ്രദാസിന് തന്റെ കുറ്റബോധം പ്രകടമാക്കാനും മാപ്പുപറയാനും കഴിയുന്നുണ്ട്. താൻ നടത്തിയ ലൈംഗിക കുറ്റകൃത്യത്തെക്കുറിച്ചുള്ള കുറ്റബോധം പേറിക്കൊണ്ട് കൂടിയാണ് 'പാഥേയം' സിനിമയിലെ ചന്ദ്രദാസ് മകളെ ഉപേക്ഷിച്ച് നടന്നകലുന്നത്.
10. അർജുൻ *എന്റെ ഉപാസന (സംവിധാനം: ഭരതൻ, വർഷം: 1984)
സഹോദരി നിഷയുടെ കൂട്ടുകാരി ലതികയെ ബലാത്സംഗം ചെയ്യുന്ന അർജുൻ എന്ന കഥാപാത്രമാണ് 'എന്റെ ഉപാസന' എന്ന ചിത്രത്തിൽ മമ്മുട്ടി അവതരിപ്പിച്ചിട്ടുള്ളത്. ചന്ദ്രദാസ് അനിതയെ സ്വന്തമാക്കിയതിന് സമാനമായാണ്, അർജുൻ ലതികയെ സ്വന്തമാക്കുന്നതും. ബലമായി നടന്ന വേഴ്ചയിൽ, ഒരു കുഞ്ഞുണ്ടായി എന്നത് ദാമ്പത്യം തുടങ്ങാനുള്ള കാരണമാകുന്ന പാരമ്പര്യ മൂല്ല്യബോധം അബോധത്തിൽ പേറുന്ന കഥാപാത്രങ്ങളാണ് ഇരുവരും. ചന്ദ്രദാസിന് തന്റെ ചെയ്തികളിൽ കുറ്റബോധം തോന്നുന്നത് നിശബ്ദമായിട്ടാണെങ്കിൽ, അർജുൻ എന്ന കഥാപാത്രത്തിലത് പ്രകടമായിട്ടാണ്. ലൈംഗിക ദാരിദ്ര്യം അർജുൻ എന്ന കഥാപാത്രത്തെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത് ഋജുവായി ആവിഷ്‌ക്കരിക്കാൻ മമ്മുട്ടിയുടെ പ്രകടനത്തിന് കഴിഞ്ഞിട്ടുണ്ട്.
11. ഹരികൃഷ്ണൻ *കരിയിലക്കാറ്റുപോലെ (സംവിധാനം: പി.പത്മരാജൻ, വർഷം: 1986)
സഹപ്രവർത്തക തുളസിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകനും പിന്നീട് സിനിമ സംവിധായകനുമായി മാറിയ ഹരികൃഷ്ണൻ ഏറെ സങ്കീർണതയുള്ള കഥാപാത്രമാണ്. 'സീത' രാവണന്റെ പുത്രിയാണെന്ന മിത്തിന്റെ ചലച്ചിത്ര വായനയായി പരിഗണിക്കാവുന്ന ഈ സിനിമയിൽ, വർഷങ്ങൾക്ക് മുമ്പ് താൻ ചെയ്തൊരു കുറ്റകൃത്യം തന്നെ വേട്ടയാടുന്നെന്ന് ഉള്ളുലയ്ക്കും വിധം തിരിച്ചറിയുന്ന കഥാപാത്രമായി മമ്മുട്ടി അസാദ്ധ്യമായ പകർന്നാട്ടമാണ് നടത്തിയിട്ടുള്ളത്. ശിൽപ്പയോട് മകളാണെന്ന് പറയാൻ കഴിയാത്ത സംഘർഷം ഹരികൃഷ്ണൻ അനുഭവിക്കാനുള്ള കാരണം, താൻ ചെയ്തുപോയ ലൈംഗിക കുറ്റകൃത്യത്തെ കുറിച്ചുള്ള തിരിച്ചറിവാണെന്ന് മമ്മുട്ടി തന്റെ പ്രകടനത്തിലൂടെ നിശബ്ദമായി സംവദിക്കുന്നുണ്ട്.
12. G.K/വിശ്വനാഥൻ *ന്യൂ ഡൽഹി (സംവിധാനം: ജോഷി, വർഷം: 1987)
ഏതൊരു കൊടും കുറ്റവാളിയാണെങ്കിലും, അയാളെക്കുറിച്ച് സഹതപിക്കാനും അയാളുടെ കുറ്റകൃത്യങ്ങളിലേക്കുള്ള യാത്രയിൽ വ്യവസ്ഥയ്ക്ക് പങ്കുണ്ടെന്നും മമ്മുട്ടി കഥാപാത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൊടുംക്രിമിനലായി മാറുന്ന തന്റെ ജീവിതം തകർത്തവരോട് പ്രതികാരത്തിനായി ഏതറ്റം വരേയും പോകുന്ന 'GK' ജി കൃഷ്ണമൂർത്തിയ്ക്കും അയാളുടെ 'ന്യൂ ഡൽഹി' പത്രത്തിലെ വാർത്തയ്ക്കും ഏറെ ആരാധകരുണ്ട്. പേരിനും പ്രതികാരത്തിനുമായി ക്രൈം ചെയ്യുന്ന വിശ്വനാഥൻ എന്ന തൂലികയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന GK എന്ന പത്രപ്രവർത്തകന്റെ കുറ്റകൃത്യങ്ങളിൽ, നമ്മൾ അയാളുടെ കൂടെ നിൽക്കുന്നത് അയാളുടെ പ്രതികാരത്തിന് വേണ്ടിയാകുന്നത് അയാളുടെ പക്ഷത്ത് തീവ്രമായ ന്യായമുണ്ടെന്നുള്ള ന്യായീകരണത്തിലാണ്. മറിയയെ അടക്കമുള്ള കഥാപാത്രങ്ങളേയും നമ്മൾ പ്രേക്ഷകരെ ഓരോരുത്തരേയും ആ ന്യായത്തിൽ വിശ്വസിപ്പിച്ച് കൂടെ നിർത്താൻ GK ആയി പകർന്നാടിക്കൊണ്ട് മമ്മുട്ടിക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് അയാൾ സഹപ്രവർത്തകനും സഹോദരി ഉമയുടെ കാമുകനുമായ സുരേഷിന്റെ കൊലപാതകത്തിന് കാരണമാകുമ്പോളും, നമ്മൾ GKയെ വെറുക്കാതെ കൂടെ നിൽക്കുന്നത്.
ആറ് ഭാഷകളിലായി അരനൂറ്റാണ്ടായി തുടരുന്ന 437 സിനിമകളിൽ ഇനിയും കുറ്റവാളികളും ടോക്സികുമായ ഒട്ടനേകം മമ്മുട്ടി കഥാപാത്രങ്ങൾ ഉണ്ട്. മമ്മുട്ടിയുടെ ഏറെ വ്യത്യസ്ത തോന്നിയ വില്ലൻ/പ്രതിനായക കഥാപാത്രങ്ങളായി തോന്നിയ 12 കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് പെട്ടെന്ന് ഓർമ്മയിൽ വന്ന 12 കഥാപാത്രങ്ങൾ എന്ന രൂപത്തിലാണ്. ഈ പട്ടിക മമ്മുട്ടി അഭിനയം തുടരും കാലത്തോളം ഇനിയും നീളുന്നതാണ്.
'Hannibal Lecter (The Silence of Lambs, Directed by ; Jonathan Demme Year ; 1991), Keyer Soze (The Usual Suspects, Directed by : Brayan Singer, Year ; 1995), Jack (The House That Jack Built, Directed by ; Lars Von Trier, Year ; 2018), Joker (The Dark Knight, Directed by ; Christopher Nolan, Year ; 2008) തുടങ്ങിയ ക്രിമിനലുകളും സൈക്കോപാത്തുകളുമായ കഥാപാത്രങ്ങൾക്ക് ആരാധകരുണ്ടാകുന്നത് Anthony Hopkins, Kevin Spacey, Matt Dillon, Heath Ledger എന്നീ നടന്മാർ അവരുടെ കഥാപാത്രങ്ങളെ ആഴത്തിൽ മനസ്സിലാക്കി കൊണ്ട് അഭിനയിക്കുന്നതിനാലാണ്. കുറ്റവാളികളുടെ മാനസികാവസ്ഥയും അവരുടെ സാമൂഹ്യ സാഹചര്യങ്ങളും വ്യക്തതയോടെ കാഴ്ചക്കാരിലേക്ക് പകർന്നുനൽകാൻ ഈ മനസ്സിലാക്കൽ അഭിനേതാക്കളെ പ്രാപ്തരാക്കുന്നു. വൈയക്തികവും വൈകാരികവുമായി മാത്രം ഈ മനസ്സിലാക്കൽ ഒതുങ്ങുന്നില്ല, സാമൂഹത്തിൽ ആഴത്തിൽ വേരൂന്നി കൊണ്ടുള്ളൊരു പ്രതിപ്രവർത്തനം പോലെയാണ് ഈ മനസ്സിലാക്കൽ നിലകൊള്ളുന്നത്.
ഏതൊരു കഥാപാത്രമായാലും, കഥാപാത്രങ്ങളുടെ സാമൂഹ്യമായും സാമ്പത്തികമായും വംശപരമായുമുള്ള സ്വാംശീകരണം സാധ്യമാക്കി കൊണ്ട് അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും. ഈ മാജിക് സാധ്യമായ അപൂർവ്വം നടന്മാരിൽ ഒരാളാണ് മമ്മുട്ടി എന്നതാണ് അദ്ദേഹത്തിന്റെ നായകന്മാരിലേക്കും വില്ലന്മാരിലേക്കും പ്രതിനായകന്മാരിലേക്കും നമ്മൾ ഒരുപോലെ ആകർഷിക്കപ്പെടുന്നത്.
English Summary: Mammootty's unparalleled magic lies in his fearless portrayal of criminals, villains, and deeply toxic characters in Malayalam cinema. From chilling antagonists like Bhaskara Patelar in Vidheyan to casteist manipulators in Puzhu and menacing psychopaths in recent films like Kalamkaval, he brings raw intensity, nuance, and complexity to negative roles that showcase his versatility as an actor.