എത്രയും ഭാഗ്യം ചെയ്ത ജനതയാണ് നമ്മള്‍ മലയാളികള്‍, സമീപ ഭൂതകാലത്തിലെങ്ങും യുദ്ധം എന്ന കെടുതി നമുക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടേയില്ല. കലാപങ്ങള്‍ക്ക് സാക്ഷികളാകേണ്ടി വന്നിട്ടില്ല. (നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ഗുസ്തിയില്‍ നമ്മുടെ പൂര്‍വ്വികര്‍ ധാരളം യുദ്ധപ്രതിസന്ധികള്‍ അനുഭവിച്ചിരിക്കാന്‍ ഇടയുണ്ട്) അതുകൊണ്ടുതന്നെ യുദ്ധവും കലാപങ്ങളും ഒക്കെ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമാണ്, അവയ്‌ക്കൊപ്പം പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിലേക്ക് ഒരുനിമിഷം കണ്ണോടിച്ച് നെടുവീര്‍പ്പിട്ടശേഷം, പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ കണ്ട് കഷ്ടം എന്ന് സഹതാപ്പെട്ട ശേഷം നമ്മുടെ പതിവുകളിലേക്ക് ഇറങ്ങിപ്പോകുന്ന നിസംഗതയാണ് നമ്മെ ഭരിക്കുന്ന വികാരം. ഗള്‍ഫ് യുദ്ധകാലത്ത് കുറച്ച് പ്രവാസികള്‍ അനുഭവിച്ച യാതനകളും മറ്റുചില രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ച നഴ്‌സുമാര്‍ നേരിട്ട ദുരിതങ്ങളും മാത്രമേ പ്രത്യക്ഷത്തില്‍ മലയാളി അനുഭവിച്ച യുദ്ധങ്ങളുടെ പട്ടികയില്‍ വരൂ. അതിലേക്ക് പുതിയ തലമുറയിലെ ഒരുപറ്റം കുട്ടികള്‍ കൂടി ചേര്‍ക്കപ്പെട്ടു എന്നതാണ് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിലൂടെ നാം കാണുന്നത്.
മുന്‍പൊരു കാലത്തിലായിരുന്നുവെങ്കില്‍ അങ്ങ് വിദൂരതയില്‍ നടക്കുന്ന ആ യുദ്ധവും നമ്മുടെ കാഴ്ചപ്പെട്ടികളില്‍ മാത്രം ഒതുങ്ങി അവസാനിക്കുമായിരുന്നു. മനുഷ്യര്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും ഇടകലരുകയും പുതിയ സാധ്യതകള്‍ തേടിയിറങ്ങുകയും ചെയ്തതുകൊണ്ടാണ് വിദ്യാര്‍ഥികളായി അവിടെ കുടുങ്ങിപ്പോയ ആ കുട്ടികള്‍ക്ക് യുദ്ധാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുള്ളത്. അവരോട് ചോദിച്ചാല്‍ അറിയാം യുദ്ധം നല്‍കുന്ന മാനസിക ആഘാതം എത്ര വലുതാണെന്ന്. അപ്പോഴും അവര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു, രക്ഷപെട്ടു പോന്നാല്‍ സുരക്ഷിതമായി കഴിയാന്‍ നമുക്കൊരു ദേശം ബാക്കിയാണെന്ന്. എന്നാല്‍ എന്നന്നേക്കുമായി വീടും നാടും നഷ്ടപ്പെട്ട് അലയാന്‍ വിധിക്കപ്പെടുന്ന ഒരു ജനതയെയാണ് ഓരോ യുദ്ധങ്ങളും ഓരോ കലാപങ്ങളും ബാക്കിയാക്കുന്നത്. തിരിച്ചു ചെല്ലാന്‍ അവര്‍ക്ക് ഒരുപിടി മണ്ണോ ദേശമോ ബാക്കിയുണ്ടാവില്ല. ഒന്നുകില്‍ അത് തകര്‍ന്ന് പോയിരിക്കും, അല്ലെങ്കില്‍ അത് അധിനിവേശക്കാര്‍ കൈയ്യടക്കിയിരിക്കും. രണ്ടായാലും അന്യരുടെ ദാഷണ്യത്തില്‍ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയാവാനും അവരുടെ വിധി. പട്ടാളം അവര്‍ക്ക് കാവല്‍ നില്‍ക്കും, മറ്റുള്ളവര്‍ അവരെ എപ്പോഴും സംശയത്തോടും അവജ്ഞയോടും കൂടെ നോക്കും, അവര്‍ എക്കാലത്തും തിരസ്‌കൃതരായി തുറന്ന ജയിലുകളില്‍ കഴിയും. വെള്ളപ്പൊക്കകാലത്ത് ഒരാഴ്ച ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് അറിയാം, അതിന്റെ പങ്കപ്പാട്. അപ്പോള്‍ ഭാവിയെക്കുറിച്ച് ഒരു സ്വപ്നങ്ങളുമില്ലാതെ അനന്തകാലം അത്തരം ചില ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നവരുടെ ദുരിതം നമുക്ക് ഊഹിക്കാനാവുമോ..?
ഇന്നലെ വരെ വിശ്വസിച്ച് കൂടെ നടന്നവര്‍ വീട് കയറി ആക്രമിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നത് കണ്ട് സ്തംഭിച്ചു നില്‍ക്കേണ്ട നിസ്സഹായതാവസ്ഥ. വീടിനു ചുറ്റും ഗ്രാമത്തിനു ചുറ്റും വേലികള്‍ കെട്ടി ബങ്കറൊരുക്കി ശത്രു വരുന്നതും നോക്കി കാവലിരിക്കേണ്ട കഠിനകാലം. അതാണ് നാമിപ്പോള്‍ മണിപ്പൂരില്‍ കാണുന്നത്.
എന്റെ ഗള്‍ഫ് ജീവിതകാലത്തും നിരവധിയായ യാത്രകള്‍ക്കിടയിലും അങ്ങനെ അലയാന്‍ വിധിക്കപ്പെട്ട അനേകം മനുഷ്യരെ കണ്ടുമുട്ടാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എന്റെ ഒരു മേലുദ്യോഗസ്ഥന്‍ ദീര്‍ഘകാലം അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു, വിയറ്റ്നാം യുദ്ധത്തിന്റെ ആദ്യ ദിവസം മുതല്‍ അവസാനിക്കുന്നത് വരെ യുദ്ധമുഖത്ത് ഉണ്ടായിരുന്ന ആള്‍. ചില സായാഹ്നങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ അദ്ദേഹം ആ അനുഭവങ്ങള്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. യുദ്ധം എന്നാല്‍ ക്രൂരതയാണ്, ദാഷണ്യമില്ലായ്മയാണ്, ദയാരാഹിത്യമാണ്. വന്യതയാണ്, അക്രമമാണ്. സഹജീവികളോട്, നിസ്സഹായയകരോട് കണ്ണില്‍ ചോരയില്ലാതെ പെരുമാറാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു. അദ്ദേഹം വിഷാദം വിങ്ങുന്ന മനസോടെ പറയും, എന്റെ ജീവിതത്തിന്റെ നിസ്സഹായതാവസ്ഥ എന്നെ ഒരു പട്ടാളക്കാരനാക്കി. ഞാന്‍ ഒരു ഉപകരണം ആയിരുന്നു. ഓരോ പട്ടാളക്കാരനും അധികാരത്തിന്റെ ഉപകരണമാണ്. പട്ടാളത്തിനു മനസില്ല, ഹൃദയമില്ല, വെട്ടിപ്പിടിത്തവും കൊലപാതകവും മാത്രമേ അതിനറിയാവൂ. ലോകരാജാവായ അമേരിക്ക ആ ദരിദ്രമനുഷ്യരോട് എന്താണ് ചെയ്തതെന്ന് നേരില്‍ കണ്ടവനാണ് ഞാന്‍. ഒരിക്കലും ആ അമേരിക്കയിലേക്ക് മടങ്ങി ആ രക്തത്തിന്റെ പങ്കു പറ്റി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിധിക്കപ്പെട്ട ലോകത്തെവിടെയുമുള്ള പട്ടാളക്കാരനും പറയാവുന്ന വാക്കുകള്‍ തന്നെയാണിത്.
ഒരിക്കല്‍ ജോര്‍ദ്ദാനിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വിളമ്പിയ ആഹാരത്തില്‍ ഒരു കഷണം റൊട്ടി ഞാന്‍ ബാക്കി വച്ചപ്പോള്‍ അടുത്ത സീറ്റിലിരുന്ന ഒരു അറബ് പൗരന്‍ അത് ഞാന്‍ എടുത്തോട്ടെ എന്ന് എന്നോട് ചോദിച്ചു. വിമാനത്തില്‍ ഇരുന്ന് ഒരുകഷണം റൊട്ടി ചോദിച്ചു വാങ്ങുന്ന ഒരാളെ ഞാന്‍ അദ്ഭുതത്തോടെയാണ് നോക്കിയത്. അപ്പോള്‍ അയാള്‍ തന്റെ ജീവിതം എന്നോട് പങ്കുവച്ചു. സിറിയയില്‍ നിന്നും യുദ്ധകാലത്ത് ഓടിവന്ന് ജോര്‍ദ്ദാനിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ദീര്‍ഘകാലം ജീവിക്കേണ്ടി വന്ന ഒരു മനുഷ്യനായിരുന്നു അത്. ഒരിക്കലെങ്കിലും ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയേണ്ടി വന്നിട്ടുള്ള ഒരാള്‍ക്കറിയാം ഒരു കഷണം റൊട്ടിയുടെ യഥാര്‍ത്ഥ വില എന്ന് അയാള്‍ എന്നോട് പറഞ്ഞു. നമുക്ക് ഊഹിക്കാനാവാത്തതാണ് ആ ദൈന്യത. മറ്റൊരു യാത്രയില്‍ ഐസ്‌ക്രീം ചോദിച്ചുവാങ്ങിയ ചെറുപ്പക്കാരനെയും ഞാന്‍ ഓര്‍ക്കുന്നു. അവന്‍ ലിബിയയില്‍ നിന്നുള്ളവനായിരുന്നു, തന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ റേഷന്‍ ആഹാരത്തില്‍ ഒരിക്കല്‍ പോലും മധുരവിഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവന്‍ പറഞ്ഞു. ഒരിക്കല്‍ ഒരു വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട ചെറുപ്പക്കാരന്‍ പറഞ്ഞത്, നിങ്ങള്‍ക്ക് ഒക്കെ തിരിച്ചു ചെല്ലാന്‍ ഒരു ദേശമുണ്ട്, എന്നാല്‍ ഞാന്‍ എന്റെ ദേശത്തേക്ക് തിരിച്ചു ചെന്നാല്‍ അവര്‍ ആദ്യം എന്നെ ആറുമാസം ജയിലിലിടും, രാജ്യത്ത് നിന്ന് ഓടിപ്പോയതിനു, പിന്നീടേ ചോദ്യം ചെയ്യല്‍ പോലും ഉണ്ടാവൂ എന്ന്. ഇരുപത്തിയഞ്ചാം വയസില്‍ സ്വപ്നം നഷ്ടപ്പെട്ടവനാണ് ഞാന്‍ എന്ന്. യുക്രെയ്നില്‍ നിന്ന് മടങ്ങിപ്പോന്ന വിദ്യാര്‍ത്ഥികളോട് അവരുടെ സഹപാഠികളും പരിചയക്കാരും പറഞ്ഞതും അതാണ്; നിങ്ങള്‍ക്ക് തിരിച്ചു ചെല്ലാന്‍ ഒരു ദേശമുണ്ട്, പക്ഷേ ഞങ്ങള്‍ക്കോ..?
സമീപകാല യുദ്ധത്തിന്റെയും പലായനത്തിന്റെ ദുരന്തപ്രതീകമായി അലന്‍ കുര്‍ദി എന്ന ബാലന്റെ ചിത്രം നമ്മുടെ കണ്ണില്‍ മായതെ നില്‍ക്കുന്നുണ്ട്. സ്വപ്നഭൂമി എന്നൊരു പാതിമുറിഞ്ഞ സ്വപ്നത്തിന്റെ പ്രതീകമായിരുന്നു അലന്‍, എന്നാല്‍ അവിടെ എത്തപ്പെട്ടവരുടെ സ്ഥിതി എത്രയോ കഷ്ടമാണ്. യുറോപ്യന്‍ തെരുവുകളിലും തീവണ്ടികളിലും ഉടനീളം ഭിക്ഷയാചിച്ചു നടക്കുന്ന അഭയാര്‍ത്ഥികളെ നമുക്ക് കാണാന്‍ കഴിയും. ജീവിതത്തിന്റെ പലവിധമായ സൗകര്യങ്ങളിലും സമൃദ്ധിയിലും ആയിരുന്നവര്‍ ആയിരുന്നു അവരില്‍ ഏറെയും, യുദ്ധം ഒരുദിവസം കൊണ്ട് അവരുടെ സര്‍വ്വതും ഇല്ലായ്മ ചെയ്ത് അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞു. അവര്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അനാധരും അഗതികളുമായി മാറി. കലാപവും മനുഷ്യരോട് ചെയ്യുന്നത് മറ്റൊന്നല്ല. ഇന്നലെ വരെ ശാന്തമായിരുന്ന ഒരു ജീവിതത്തില്‍ അത് കോരിയൊഴിക്കുന്നത് ഭീതിയുടെ തീയാണ്. ആരാണ് മിത്രം ആരാണ് ശത്രു എന്നറിയാന്‍ കഴിയാത്ത ദുരവസ്ഥ. ഇന്നലെ വരെ വിശ്വസിച്ച് കൂടെ നടന്നവര്‍ വീട് കയറി ആക്രമിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നത് കണ്ട് സ്തംഭിച്ചു നില്‍ക്കേണ്ട നിസ്സഹായതാവസ്ഥ. വീടിനു ചുറ്റും ഗ്രാമത്തിനു ചുറ്റും വേലികള്‍ കെട്ടി ബങ്കറൊരുക്കി ശത്രു വരുന്നതും നോക്കി കാവലിരിക്കേണ്ട കഠിനകാലം. അതാണ് നാമിപ്പോള്‍ മണിപ്പൂരില്‍ കാണുന്നത്. മനുഷ്യന്റെയുള്ളില്‍ അപരനെക്കുറിച്ച് സംശയം പിറന്നാല്‍, ഭീതി വളര്‍ന്നാല്‍ പിന്നെ നല്ലയുറക്കത്തിന്റെ നാളുകള്‍ അവസാനിച്ചു. അതില്‍ ഭൂരിപക്ഷസമുദായം ന്യൂനപക്ഷസമുദായം എന്നൊന്നും ഇല്ല. മനുഷ്യന്റെ നിസ്സഹായയതാവസ്ഥ എന്നൊന്ന് മാത്രമേ ബാക്കിയുണ്ടാവൂ.
യുദ്ധം കഴിയുമ്പോള്‍, കലാപം അവസാനിക്കുമ്പോള്‍, ഭരണാധികാരികള്‍ കൈകൊടുക്കും, സേനകള്‍ അവരുടെ പീരങ്കികളുമായി മടങ്ങും, വാര്‍ത്ത ചാനലുകള്‍ മറ്റ് വര്‍ത്തകളിലേക്ക് തിരിഞ്ഞു പോകും, നമ്മള്‍ ഇതെല്ലാം മറക്കും. അവശേഷിച്ച മനുഷ്യര്‍ മാത്രം അനാഥരായി തെരുവുകളില്‍ അലഞ്ഞു നടക്കും. മടങ്ങിച്ചെല്ലാന്‍ ഒരു വീടില്ലാതെ, ഒരു ദേശമില്ലാതെ, സര്‍വ്വ ഭൂതകാലവും നഷ്ടപ്പെട്ടവരായി. ഭാവിയെക്കുറിച്ച് ഒരു സ്വപ്നങ്ങളുമില്ലാതെ. യുദ്ധവും കപലാപങ്ങളും എന്താണ് ബാക്കിയാക്കുന്നതെന്ന് നമുക്ക് ഇവിടെയിരുന്ന് ആലോചിക്കാനേ ആവില്ല. ഒരു പുതിയ വര്‍ഷം കൂടി നമ്മിലേക്ക് കടന്നു വരുമ്പോള്‍ ഇത്തരം ചില ആലോചനകള്‍ പങ്കുവയ്ക്കാതെ നമുക്കെങ്ങനെയാണ് അതിനെ വരവേല്‍ക്കാന്‍ കഴിയുക. പരസ്പരം കുറ്റം പറയുന്നവരാകാതെ ഇപ്പോള്‍ നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങളെയോര്‍ത്ത് സന്തോഷിക്കുന്നവരാകാം നമുക്ക്. നാം അനുഭവിക്കുന്ന ഈ ശാന്തിയും സമാധാനവും വരും തലമുറയ്ക്കും പകര്‍ന്നുകൊടുക്കാന്‍ ഉത്തരവാദിത്തമുള്ളവരാകാം നമുക്ക്.
English Summary: Benyamin, the acclaimed Malayalam author, reflects on the fortunate detachment of Malayalis from direct experiences of war and riots in recent history—treating them as distant news, evoking brief sympathy through shocking images and videos before returning to normalcy.