1957 ജനുവരി 1ന് രൂപം കൊണ്ട പാലക്കാട് ജില്ല, കേരളത്തിന്റെ ചരിത്രസമ്പന്നവും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞ ജില്ലകളിലൊന്നാണ്. 1956ലെ സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം മലബാർ ജില്ലയെ വിഭജിച്ചാണ് പാലക്കാട് ജില്ല രൂപീകൃതമായത്. ഇതോടൊപ്പം കണ്ണൂർ ജില്ലയും, കോഴിക്കോട് ജില്ലയും രൂപം കൊണ്ടു. 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന പാലക്കാട്, വിശാലമായ പാടശേഖരങ്ങളും സമൃദ്ധമായ നെൽകൃഷിയും നിറഞ്ഞതാണ്. കൂടാതെ തമിഴ്‌നാടിനോട് ചേർന്നുള്ള പാലക്കാട് ചുരം കേരളത്തിലേക്ക് കൈത്തറി നെയ്ത്തും, തോൽപ്പാവക്കൂത്തും പോലുള്ള കലകളും തൊഴിലുകളും സംസ്ക്കാരവും എത്തിച്ചു. ഈ പൈതൃകങ്ങളെല്ലാം ഇന്നും പാലക്കാടിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായി ഉയർന്ന കഞ്ചിക്കോട് ഇൻഡസ്ട്രിയലും ജില്ലയുടെ ഭാഗമാണ്. പാരമ്പര്യവും വികസനവും നഗരജീവിതവും ഒരുമിച്ച് ചേർന്നുനിൽക്കുന്ന പാലക്കാട് ഇന്ന് തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നിറഞ്ഞുനിൽക്കുകയാണ്.
പാലക്കാട് ജില്ലയിൽ ആകെ 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പാലക്കാട്, പട്ടാമ്പി, മലമ്പുഴ, കോങ്ങാട്, തൃത്താല, ചിറ്റൂർ, ഷൊർണ്ണൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, നെന്മാറ, ആലത്തൂർ, തരൂർ എന്നിവയാണ് ജില്ലയിലെ നിയോജക മണ്ഡലങ്ങൾ. ജില്ലയിൽ13 ബ്ലോക്ക് പഞ്ചായത്തുകളും 7 മുനിസിപ്പാലിറ്റികളും 88 ഗ്രാമ പഞ്ചായത്തുകളുമുണ്ട്. നിലവിൽ കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ച മണ്ഡലമായ പാലക്കാട് എല്ലാവരും ഉറ്റുനോക്കുന്ന വിഐപി മണ്ഡലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു. പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം.
യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ച പശ്ചാത്തലം പാലക്കാടിനുണ്ടെങ്കിലും 2011നു ശേഷം ഇതൊരു യുഡിഎഫ് കോട്ടയാണ്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമാണ്. കേരളത്തിൽ ഭരണം നേടിയ ഏക നഗരസഭ പാലക്കാടാണെന്നത് ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. കോൺഗ്രസുമായി ശക്തമായ മത്സരത്തിനൊരുങ്ങിയെത്തിയ ബിജെപി ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രകടമാക്കി. മണ്ഡലത്തിൽ കോൺഗ്രസ് പ്രഭാവം കൊണ്ടുവന്ന ഷാഫി പറമ്പിലാവും കോൺഗ്രസിന്റെ തുറുപ്പു ചീട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽഡിഎഫിന്റെ വോട്ട് ബാങ്ക് ഉയർത്തുന്നതിനുള്ള ശക്തമായ പോരാട്ടവീര്യവും അവർ പുറത്തെടുത്തേക്കും.
2021ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇ ശ്രീധരെ മണ്ഡലത്തിറക്കിയ ബിജെപി, ഇത്തവണ പൊതു സ്ഥാനാർത്ഥിക്ക് പകരം പാർട്ടിയിലെ ശക്തരെ ഇറക്കി കളംപിടിക്കാനാണ് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ബിജെപിക്ക് 2016 ശക്തമായ മേൽകൈ നൽകിയ ശോഭാ സുരേന്ദ്രനാണ് താമര ചിഹ്നത്തിൽ ഇത്തവണ ഇറങ്ങുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ വോട്ട് ഷെയർ പാർട്ടിക്ക് നേടിക്കൊടുത്തുവെന്ന് ഖ്യാതി 2016ൽ തന്നെ ശോഭാ സുരേന്ദ്രനുണ്ട്. 2016ൽ 29.08 ശതമാനം വോട്ടുകൾ നേടിയ ശോഭ, 2021ൽ മത്സരിക്കാനെത്തിയ ഇ ശ്രീധരന് വലിയ മേൽകൈ സമ്മാനിച്ചു. 2021ൽ ഷാഫി പറമ്പിലിനെതിരെ ഇഞ്ചോടിഞ്ച് പോരാടിയ ഇ ശ്രീധരൻ 35.34 ശതമാനമാക്കി വോട്ട് ഷെയറിനെ ഉയർത്തുകയും ചെയ്തു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല, പൊതുസമ്മതന് പകരം സി കൃഷ്ണകുമാറിനെയാണ് ബിജെപി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇറക്കിയത്. ഇതോടെ വോട്ട് ഷെയർ 28.63 ശതമാനത്തിലേക്ക് കൂപ്പുകുത്തി. പാർട്ടി ചിഹ്നത്തിൽ വീണ്ടും ശോഭയെ പരിഗണിക്കുന്നത് 2016 സമാനമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ്.
മറുവശത്ത് രാഹുൽ മാങ്കൂട്ടത്തിലുണ്ടാക്കിയ കോലാഹലങ്ങളും പ്രതിച്ഛായ തകർച്ചയും തിരികെ പിടിക്കാൻ ശക്തനായൊരു സ്ഥാനാർത്ഥിയെയാണ് വിഡി സതീശനും സംഘവും രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ സാന്നദ്ധ്യമായിരുന്ന സിനിമാ, ടെലിവിഷൻ താരം രമേശ് പിഷാരടിയാണ് പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി. വടകര എംപിയും പാലക്കാട് മുൻ എംഎൽഎയുമായ ഷാഫി പറമ്പിലിന്റെ പ്രാദേശിക പിന്തുണ ജനസമ്മതിയും രാഹുൽ മാങ്കൂട്ടത്തിലിന് ഉപയോഗപ്പെടുത്താൻ സാധിച്ചതിന് സമാനമായി പിഷാരടിക്കും മുൻതൂക്കം നൽകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പാളയം. കരിയറിൽ ഒരു ബ്ലാക്ക് മാർക്ക് പോലുമില്ലാത്ത നടനാണ് പിഷാരടിയെന്ന ഖ്യാതിയും പൊതുമണ്ഡലത്തിലുണ്ട്.
2021ൽ ഷാഫി പറമ്പിലും ഇ ശ്രീധരനും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാടിനെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ വിഐപി മണ്ഡലമാക്കി മാറ്റുന്നത്. അന്ന് വെറും 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയിച്ചുകയറിയത്. 38. 06 ശതമാനം വോട്ടുകളും അന്ന് യുഡിഎഫ് പാളയത്തിലെത്തി. ബിജെപി സമീപകാലത്ത് ഉയർത്തിയ ഏറ്റവും വലിയ വെല്ലുവിളികളെ അതിജീവിച്ച ഷാഫി പറമ്പിലിന് പക്ഷേ വോട്ട് ഷെയർ മുന്നോട്ട് ഉയർത്താനായില്ല. 2016ലെ തിരഞ്ഞെടുപ്പിൽ 41.77 ശതമാനം വോട്ട് നേടിയപ്പോൾ അത് 38. 06 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതേസമയം പാലക്കാട്ടെ വിജയം ഐതിഹാസികമെന്ന് ഉയർത്തിക്കാട്ടാനാണ് അന്ന് യുഡിഎഫ് ശ്രമിച്ചത്. ഈ പ്രചരണം വിജയിക്കുകയും ഷാഫി പറമ്പിലിന്റെ ജനപിന്തുണ സംസ്ഥാനത്താകെ വ്യാപിക്കുകയും ചെയ്തു. 2016ൽ ശോഭ സുരേന്ദ്രനെതിരെ 17483 വോട്ടുകളുടെ വിജയം ആവർത്തിക്കാൻ ഷാഫിക്ക് സാധിച്ചിട്ടില്ലെങ്കിലും അന്ന് കോൺഗ്രസുണ്ടാക്കിയ തരംഗമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉപതെരഞ്ഞെടുപ്പ് വിജയത്തിലേക്ക് വഴിയൊരുക്കിയത്.
ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ പ്രചരണങ്ങൾക്ക് ശക്തി പകർന്ന കോൺഗ്രസ് ബിജെപിയെ തറപറ്റിച്ചത് അനായാസമായിരുന്നുവെന്ന് വേണം വിലയിരുത്താൻ. ഉപതിരഞ്ഞെടുപ്പിൽ 42.27 ശതമാനം വോട്ട് പിടിച്ച കോൺഗ്രസ് 18840 വോട്ടിനാണ് മണ്ഡലം നിലനിർത്തിയത്. പക്ഷേ നിലവിൽ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണെന്ന് പറയാനാവില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങളും പുറത്താക്കലും സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി ചെറുതല്ല, ഇടത് പാളയങ്ങൾ ഈ ക്യാംപെയ്ൻ തെരഞ്ഞെടുപ്പിൽ ശക്തമായി ഏറ്റെടുക്കുകയും ചെയ്യും. പാലക്കാടൻ അഗ്രഹാരങ്ങളിൽ പിഷാരടി നേടാൻ സാധ്യതയുള്ള നേട്ടവും, സെലിബ്രറ്റി ഇമേജും, മാത്രമാണ് നിലവിൽ പ്രതിസന്ധിയെ മറികടക്കാൻ യുഡിഎഫിന്റെ പക്കലുള്ള ആയുധം. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്യും. കൂടാതെ രാഹുൽ മാങ്കൂട്ടത്തിലിന് സമാനമായി ഷാഫി പറമ്പലിന്റെ വിശ്വസ്തനെന്ന ഖ്യാതിയും പിഷാരടിക്ക് വലിയ മുൻതൂക്കം നൽകും.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും മറ്റു രാഷ്ട്രീയ, വികസന പ്രചരണങ്ങളും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും മണ്ഡലം തിരികെ പിടിക്കാൻ ഇതിന് സാധിക്കുമെന്നും വിശ്വസിച്ചാണ് സിപിഐഎം ഇത്തവണ പാലക്കാട് ഇറങ്ങുന്നത്. അതേസമയം ശക്തനായൊരു സ്ഥാനാർത്ഥിയെ നിർത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ലെന്ന വിമർശനവും ഇതോടൊപ്പമുണ്ട്. തുടർച്ചയായി മണ്ഡലത്തിലെ പാർട്ടി വേരുകളിലുണ്ടാകുന്ന കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാൻ ഇത്തവണയും പൊതുസമ്മതനെയോ, സെലിബ്രറ്റി സ്റ്റാറ്റസുള്ള സ്ഥാനാർത്ഥിയെയോ കണ്ടെത്താൻ ഇടത് പാളയത്തിന് സാധിച്ചിട്ടില്ലെന്നത് ഒരു പോരായ്മയാണ്. പ്രമുഖ വ്യവസായിയായ എൻ എം ആർ റസാഖിനെ വിമത സ്ഥാനാർത്ഥിയായി കളത്തിലിറക്കാനാണ് നിലവിൽ പാർട്ടിയുടെ നീക്കം. 1965,1967, 1970, 1996, 2006 തുടങ്ങിയ വർഷങ്ങളിൽ ഇടത് സ്ഥാനാർത്ഥികളെ നിയമസഭയിലെത്തിച്ച ചരിത്രം പാലക്കാടിനുണ്ട്. പക്ഷേ ചരിത്രം ആവർത്തിക്കപ്പെടണമെങ്കിൽ ഇത്തവണ അദ്ഭുതങ്ങൾ സംഭവിക്കണം.
2011ൽ ഷാഫി പറമ്പിലിനെതിരെ മത്സരിച്ച് സിപിഐഎം സ്ഥാനാർത്ഥി കെ കെ ദിവാകരൻ 35.82 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. പിന്നീട് 2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന് പരിചിതനല്ലാത്ത എൻ എൻ കൃഷ്ണദാസ് ആയിരുന്നു കളത്തിലിറങ്ങിയത്. പരീക്ഷണ തന്ത്രം പാളിയെന്ന് മാത്രമല്ല വോട്ട് ഷെയർ 28.07 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ചരിത്രത്തിലാദ്യമായി ബിജെപി മണ്ഡലത്തിൽ രണ്ടാമതെത്തുകയും ചെയ്തു. മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പിന്തള്ളപ്പെട്ടത് പാർട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. ശേഷം നടന്ന തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും തിരിച്ചുവരവ് സാധിച്ചില്ല. 2021ൽ എ കെ ബാലൻ മന്ത്രിയായിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി പി പ്രമോദിനെ ഇറക്കിയെങ്കിലും 25.64 ശതമാനം വോട്ടിലേക്ക് ചുരുങ്ങി. ഷാഫി തരംഗമുണ്ടായിരുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും കൂടുമാറിയെത്തിയ പി സരിനെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിപ്പിച്ച ദയനീമായി തോറ്റു. 24. 52 ശതമാനം വോട്ട് മാത്രമാണ് അന്ന് സരിന് നേടാനായത്.
ഇ ശ്രീധരൻ-ഷാഫി പറമ്പിൽ പോരാട്ടത്തിന് സമാനമായ ചിത്രമാണ് ഇത്തവണ മണ്ഡലത്തിൽ ഉണ്ടാകുന്നതെങ്കിൽ ചെറുപാർട്ടികളുടെ സ്വാധീനവും വിമതരും നിർണായക സാന്നിധ്യമാവും. സമീപകാല തെരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ആയിരത്തിലധികം വോട്ടുകൾ മാത്രമുള്ള എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, തുടങ്ങിയ സംഘടനകളും രംഗത്തിറങ്ങിയാൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാവും മണ്ഡലം സാക്ഷിയാവുക.
English Summary: Palakkad district has emerged as a high-profile electoral battleground with intense competition among UDF, BJP, and LDF.