2026 ജനുവരി 3-ന് പുലർച്ചെ വെനസ്വെലയുടെ തലസ്ഥാനമായ കാരക്കസ് ഉണർന്നത് അവരുടെ ഭരണാധികാരിയെ അമേരിക്ക തട്ടിക്കൊണ്ടുപോയി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയോടെയാണ്. കാരക്കസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്ന വേദനാജനകമായ റിപ്പോർട്ടും പിന്നാലെയെത്തി. വൈകാതെ വെനസ്വെലയിൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രഖ്യാപനം പുറത്തുവന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഒരു കുറ്റവാളിയെപ്പോലെ വിലങ്ങണിയിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. 1989-ലെ പനാമ അധിനിവേശത്തിന് ശേഷം ഒരു ലാറ്റിനമേരിക്കൻ രാജ്യത്ത് അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക ഇടപെടലായിരുന്നു വെനസ്വെലയിലേത്.
ലഹരിക്കെതിരായ പോരാട്ടമെന്ന് ഓമനപ്പേരിട്ട് അമേരിക്ക ഒരു രാജ്യത്തിന്റെ പരാമാധികാരത്തിന് മേൽ നടത്തിയ ഈ അധിനിവേശത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്താണ്?
ഏറ്റുമുട്ടലുകളാൽ നിർവചിക്കപ്പെട്ട അമേരിക്കൻ-വെനിസ്വെല ബന്ധം
ലോക സമാധാനം നിലനിർത്താനുള്ള യുഎൻ ഉടമ്പടികൾ നിഷ്കർഷിക്കുന്ന നിയമങ്ങളെയും, അമേരിക്കയുടെ തന്നെ 'ലോക രക്ഷയ്ക്കായി' നിർമ്മിച്ച പല അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ട്രംപ് വെനസ്വെലൻ പരമാധികാരത്തിന് മേൽ അധിനിവേശം നടത്തിയത്. ഈ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ചിത്രം ബോധ്യപ്പെടാൻ രണ്ടര പതിറ്റാണ്ടിലേറെ പിന്നിലേക്ക് പോകണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമാണ് വെനിസ്വെല. സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ മിനറൽസും രാജ്യത്തിന്റെ ഭൂഗർഭ സമ്പത്തിലുണ്ട്. രാജ്യത്തെ എണ്ണ സമ്പത്തും, മിനറൽസും കൈക്കലാക്കാൻ അമേരിക്ക ഏകദേശം മുപ്പത് വർഷത്തിലേറെയായി ശ്രമങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ കഴിഞ്ഞ 30 വർഷങ്ങളിലേറെയായി അമേരിക്കയെന്ന മുതാളിത്വ രാജ്യവുമായി സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന വെനസ്വലൻ ഭരണകൂടം യാതൊരു സൗഹൃദവും സൂക്ഷിച്ചിരുന്നില്ല. 2013-ൽ നിക്കോളാസ് മദൂറോ അധികാരത്തിലെത്തുന്നതിന് മുൻപ് പ്രസിഡന്റായിരുന്ന ഹ്യൂഗോ ചാവേസ് വർഷങ്ങൾക്ക് മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. ഇത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഘർഷപൂർണമായ അവസ്ഥയിലേക്ക് അമേരിക്ക - വെനിസ്വെല ബന്ധത്തെ എത്തിച്ചിരുന്നു. മദൂറോയുടെ അധികാരാരോഹണത്തിന് ശേഷം അമേരിക്കയോടുള്ള വിയോജനങ്ങൾക്ക് കടുപ്പമേറിയിരുന്നു. ചാവേസ് കാലഘട്ടത്തിന് സമാനമായ ആശയപരമായ വിയോജിപ്പുകൾ മാത്രമായിരുന്നില്ല ഇത്!
അമേരിക്കയുടെ ലക്ഷ്യമെന്ത്? ആക്രമണത്തെ ന്യായീകരിച്ചതെങ്ങനെ?
ചാവേസ് സർക്കാരിന്റെ ശക്തമായ ജന പിന്തുണയും അടിത്തറയും അമേരിക്കയ്ക്ക് വെനിസ്വേലയിലേക്കുള്ള കടന്നുകയറ്റം അസാധ്യമാക്കിയിരുന്നു. എന്നാൽ മദൂറോ അധികാരത്തിലെത്തിയതോടെ അഴിമതി, അടിച്ചമർത്തൽ, തിരഞ്ഞെടുപ്പ് കൃത്രിമത്വം, ഏകാധിപത്യം തുടങ്ങി ലോക കമ്പോളത്തിൽ വിലയുള്ള ആരോപണങ്ങൾ വെനസ്വേലയ്ക്കെതിരെ ഉന്നയിക്കാൻ ആരംഭിച്ചു. 'നാർക്കോ' രാജ്യമായി വെനസ്വേലയെ പ്രഖ്യാപിക്കുകയായിരുന്നു മറ്റൊരു തന്ത്രം. പാബ്ലോ എസ്കോബാറിനെതിരെ നടത്തിയ പോരാട്ടത്തിന് സമാനമാണ് വെനസ്വേലയിൽ നടത്തുന്ന ഓപ്പറേഷനെന്ന് സ്ഥാപിക്കുകയായിരുന്നു ഈ പ്രചരണത്തിന് പിന്നിൽ.!
ഏകദേശം ആറ് വർഷങ്ങൾക്ക് മുൻപ്, 2020 മാർച്ചിലാണ് വെനസ്വേലൻ പരമാധികാരത്തിന് നേരെ നിർണായകമായ നീക്കം അമേരിക്ക നടത്തുന്നത്. “നാർക്കോ-ടെററിസം” ഗൂഢാലോചനക്കേസിൽ മദൂറോയ്‌ക്കെതിരെ അമേരിക്കൻ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിക്കുന്നു. ‘കാർട്ടൽ ഡി ലോസ് സോളസ്’ എന്നറിയപ്പെടുന്ന സംഘത്തിന്റെ നേതാവായും, ആയുധധാരികളായ ഗ്രൂപ്പുകളുമായി ചേർന്ന് അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കിയതായും മദൂറോയെയാണ് കുറ്റപത്രത്തിൽ ആരോപിച്ചത്.
ഇതോടെ, മദൂറോയെ ഏകാധിപത്യ നേതാവായി മാത്രമല്ല, മറിച്ച് ഒരു കുറ്റകൃത്യ സംരംഭത്തിന്റെ തലവനായിട്ടാണ് വാഷിങ്ടൺ ചിത്രീകരിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ മുഴുവനായി നിഷേധിച്ച കാരക്കാസ്, അവ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാക്കിയെങ്കിലും ലോക രാജ്യങ്ങൾക്ക് മുൻപിൽ അമേരിക്കയുടെ ആരോപണങ്ങൾ ശക്തിയേറെയായിരുന്നു. ട്രംപ് അധികാരത്തിലേറിയതോടെ മദൂറോയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്.
വെനസ്വേലയ്ക്ക് വൻതോതിലുള്ള പ്രകൃതിവാതക ശേഖരവുമുണ്ട്. അമേരിക്കൻ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുപ്രകാരം, 5.5 ട്രില്യൺ ക്യൂബിക് മീറ്റർ വാതക ശേഖരങ്ങളാണ് രാജ്യത്തിനുള്ളത്. ഇത് ദക്ഷിണ അമേരിക്കയുടെ മൊത്തം ശേഖരത്തിന്റെ ഏകദേശം 73 ശതമാനമാണ്. ക്രൂഡോയിലിന്റെ അളവിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെക്കാളും റിസർവ്വും വെനസ്വേലയിലുണ്ട്. അമേരിക്കൻ കമ്പനികളെ എണ്ണ ശൂദ്ധീകരണത്തിനായി രാജ്യം വമ്പൻ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പോലും ചാവേസോ, മദൂറോയോ അടുപ്പിച്ചിരുന്നില്ല. ഖനനത്തിനായി അമേരിക്കൻ കമ്പനികളെത്തിയാൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ഗുണകരമാവുമെന്ന വിലയിരുത്തലുകളുണ്ടായിട്ടും, പ്രത്യയശാസ്ത്രപരമായ തീരുമാനം കൈകൊള്ളാനായിരുന്നു ഇരു നേതാക്കളുടെയും തീരുമാനം. ഇക്കാര്യത്തിൽ മാറ്റം സംഭവിക്കില്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് ട്രംപ് സൈനികരെ രംഗത്തിറക്കുന്നത്.
നാളിതു വരെ അമേരിക്ക നടത്തിയ ഉപരോധവും വെനിസ്വേലൻ വിരുദ്ധ ഇടപെടലുകളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുവീഴാൻ കാരണമായിരുന്നു. സമ്പദ്ഘടന തകർന്നതോടെ സൈനികരെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയാൽ തിരിച്ചടിയുണ്ടാവില്ലെന്ന് ട്രംപ് ഭരണകൂടത്തിന് ബോധ്യപ്പെട്ടു. കഴിഞ്ഞ 25 വർഷക്കാലം അമേരിക്ക നടത്തിയ ആക്രമണങ്ങൾ മൂലം ഏകദേശം 70 ലക്ഷം മനുഷ്യർ സമാധാന ജീവിതം തേടി പലായനം ചെയ്തുവെന്ന കണക്കുകൾക്ക് അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. എന്നാൽ ജനങ്ങളെ മുൻനിർത്തിയുള്ള പ്രതിരോധവും പോരാട്ടവും നടത്താനുള്ള വെനസ്വേലൻ സാധ്യതകളെ തടഞ്ഞാൽ പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കി രാജ്യം പിടിക്കാൻ യുഎസ്സിന് സാധിക്കും. ഇതുതന്നെയാണ് നിലവിൽ പ്രതിഫലിച്ചിരിക്കുന്നത്. മദൂറോയെ തട്ടിക്കൊണ്ടുപോകാൻ നിശ്ചയിച്ച തിയതി പോലും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.
അവ്യക്തമായ 'നാർക്കോ കടൽ' പോരാട്ടങ്ങൾ
2025 സെപ്റ്റംബർ മുതൽ, വെനിസ്വേലയുമായി ബന്ധമുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി അവകാശപ്പെട്ട കരീബിയൻ കടലിലും കിഴക്കൻ പസഫിക്കിലും സഞ്ചരിച്ച ബോട്ടുകൾ അമേരിക്കൻ സൈന്യം ബോംബാക്രമണത്തിന് വിധേയമാക്കി. 2026 ജനുവരിയോടെ, കുറഞ്ഞത് 35 കപ്പലുകൾ നശിപ്പിക്കുകയും 110-ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തതായി അമേരിക്കൻ കണക്കുകൾ പറയുന്നു. നിയമവിധേയമല്ലാത്ത കൊലപാതകങ്ങളെന്ന നിലയിൽ ഈ നടപടികൾ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. മയക്കുമരുന്ന് വ്യാപാരം തടയാനുള്ള അനിവാര്യ നടപടികളാണ് ഇതെന്ന് ട്രംപ് ഇതിനെ ന്യായീകരിച്ചു. മയക്കുമരുന്ന് കാർട്ടലുകളുമായി അമേരിക്ക 'ആയുധ സമരത്തിലേർപ്പെട്ടിരിക്കുകയാണ്' എന്ന രീതിയിൽ ട്രംപ് അടിവരയിട്ടു.
ഇനിയെന്ത് ?
മദൂറോ അമേരിക്കൻ കസ്റ്റഡിയിലായതോടെ, വെനിസ്വലയുടെ രാഷ്ട്രീയ ഭാവി അതീവ അനിശ്ചിതത്തിലേക്കാണ് എത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ആരാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്, ഇനിയും കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്. വളരെ വ്യക്തമായ കാര്യം ഈ ആക്രമണം പെട്ടെന്നുണ്ടായ ഒന്നല്ല. എണ്ണ, ആശയധാര, കുടിയേറ്റം, മയക്കുമരുന്ന് കടത്ത് ആരോപണങ്ങൾ, പതിറ്റാണ്ടുകളായി വളർന്ന അവിശ്വാസം എന്നിവയിൽ നിന്നും രൂപപ്പെട്ട ദീർഘകാല ഏറ്റുമുട്ടലിന്റെ ചരിത്രത്തിലെ ഒരു നിർണായക അധ്യായമായാണ് ഈ അമേരിക്കൻ അധിനിവേശം.
വെനസ്വേലയുടെ സോഷ്യലിസ്റ്റ് ചിന്താഗതിയും പ്രതിനിധാനവും അമേരിക്കയ്ക്ക് എളുപ്പം സമ്പൂർണ ആധിപത്യം നൽകില്ലെന്നത് ഉറപ്പാണ്. അമേരിക്കൻ എണ്ണ ശുദ്ധീകരണ കമ്പനികളെ രാജ്യത്തേക്ക് എത്തിക്കുകയെന്നതാണ് ട്രംപിന് മുന്നിലുള്ള മറ്റൊരു വഴി. എന്നാൽ വെനസ്വേലയുടെ മണ്ണിൽ ഖനനം നടത്താനുള്ള സജ്ജീകരണങ്ങൾ ശാസ്ത്രീയമായി നിർമ്മിക്കാൻ ബില്യൺ കണക്കിന് ഡോളറുകൾ അമേരിക്ക നിക്ഷേപിക്കേണ്ടി വരും, ഇത് എത്രത്തോളം പ്രായോഗികമാണെന്നത് നിലവിൽ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇടനിലക്കാരായി അമേരിക്കൻ കമ്പനികൾ മാറിയാലും ഇതര ഖനികളിലേക്കുള്ള സാങ്കേതിക സഹായങ്ങൾക്കായി വരുന്ന പണച്ചെലവും ട്രംപിന് മുന്നിൽ വിലങ്ങുതടിയാവും.
റഷ്യ, ചൈന തുടങ്ങി ലോക ശക്തികൾ വെനസ്വേലയ്ക്ക് ഒപ്പം നിൽക്കുന്ന സാഹചര്യമുണ്ടായാൽ ട്രംപിന് മേൽ സമ്മർദ്ദങ്ങളേറും. ഇത് തടയാനുള്ള ശ്രമങ്ങൾ അമേരിക്ക തുടരുകയാണെങ്കിലും ഇംഗ്ളീഷ് രാജ്യങ്ങളും മറ്റു പാശ്ചാത്യരാജ്യങ്ങളും ഈ വിഷയത്തിൽ എതിർ ചേരിയിലാണെന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്.
English Summary: The article critically examines the US military intervention in Venezuela and the capture of President Nicolás Maduro, tracing decades of geopolitical conflict driven by oil, ideology, sanctions, and allegations of narco-crime under Donald Trump’s leadership.