11.11; എനക്കുൾ നീ ഇരുന്താൽ

Entertainment Desk

സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറല്‍.

ഗ്രീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.'എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നെന്നേക്കുമായി'. എന്ന കുറിപ്പോടെയാണ് അനിരുദ്ധ് ചിത്രങ്ങള്‍ പങ്കുവച്ചത്.

വിവാഹദിനമായ 11:11 എന്ന തീയതിയും ചേര്‍ത്താണ് അനിരുദ്ധ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇളം സ്വര്‍ണനിറത്തിലുള്ള പരമ്പരാഗത വേഷത്തിനൊപ്പം അതിസൂക്ഷ്മമായ എംബ്രോയ്ഡറി വര്‍ക്കുകളുള്ള നീളന്‍ ജാക്കറ്റാണ് അനിരുദ്ധ് ധരിച്ചത്. റോസ് ഗോള്‍ഡ് നിറത്തിലുള്ള, തിളങ്ങുന്ന അലങ്കാരപ്പണികളുള്ള ലെഹങ്കയാണ് കാവ്യ ധരിച്ചിരുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സൂപ്പര്‍താരം രജനീകാന്തും കുടുംബവും, മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബവും ഗ്രീസിലെത്തിയിരുന്നു.

സിനിമ, രാഷ്ട്രീയം, വ്യവസായം തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന് പിന്നാലെ ചെന്നൈയില്‍ വിപുലമായ സ്വീകരണവും ഒരുക്കുന്നുണ്ട്.

നവംബര്‍ 10, 11 തീയതികളിലായാണ് ഗ്രീസില്‍ വിവാഹാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങ് ചൊവ്വാഴ്ച നടന്നു.

താരസാന്നിധ്യവും ആഡംബര ഒരുക്കങ്ങളുംകൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.