മഹാരാഷ്ട്ര ആവര്‍ത്തിക്കപ്പെടുന്നു; നിതീഷിനെയും വിഴുങ്ങി ബിജെപിയുടെ കുതന്ത്രങ്ങള്‍

1985-ൽ എംഎൽഎയായിട്ടാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് വാജ്‌പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായി, 2005-ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. പിന്നീടൊരിക്കലും ആ കസേരയിൽ ജനം പുറത്താക്കിയിരുന്നില്ല.
മഹാരാഷ്ട്ര ആവര്‍ത്തിക്കപ്പെടുന്നു; നിതീഷിനെയും വിഴുങ്ങി ബിജെപിയുടെ കുതന്ത്രങ്ങള്‍
Published on

ബിഹാര്‍ രാഷ്ട്രീയത്തിലെ യുഗാന്ത്യത്തിനാണ് നിതീഷ് കുമാര്‍ പടിയിറങ്ങുന്നതോടെ കളമൊരുങ്ങുന്നത്. രണ്ട് പതിറ്റാണ്ടിലധികം ബിഹാറിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച ഏക നേതാവാണ് നിതീഷ്. പത്താം തവണ മുഖ്യമന്ത്രി പദത്തിലേറി നാല് മാസം തികയും മുന്‍പുള്ള പടിയിറക്കം ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുഖം മാറ്റുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി പദത്തിലേറി ആദ്യ മാസങ്ങളില്‍ തന്നെ നിതീഷ് കുമാറിന്റെ ഭരണ നിര്‍വ്വഹണത്തില്‍ ബിജെപി ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ആരോഗ്യനിലയിലുണ്ടായ പ്രതിസന്ധികള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ നിതീഷിന് തടസ്സമാണെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മകനെ പിന്‍ഗാമിയാക്കാതെ പടിയിറങ്ങില്ലെന്ന നിതീഷിന്റെ വാശി രാജികാര്യത്തില്‍ അന്തിമ തീരുമാനം നാല് മാസത്തേക്ക് വൈകിപ്പിച്ചു. ഇതിനിടെ നടന്ന ചര്‍ച്ചകളില്‍ മകന്‍ നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ജെഡിയു അംഗങ്ങള്‍ക്ക് കൂടുതല്‍ മന്ത്രി സ്ഥാനവും നല്‍കാമെന്ന മധ്യസ്ഥ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചു.

മഹാരാഷ്ട്ര ആവര്‍ത്തിക്കപ്പെടുന്നു; നിതീഷിനെയും വിഴുങ്ങി ബിജെപിയുടെ കുതന്ത്രങ്ങള്‍
ജെന്‍ സികളുടെ 'റാപ്പര്‍ ബാലന്‍'; ബലേന്ദ്ര ഷായിലൂടെ പുഞ്ചിരിക്കുമോ നേപ്പാള്‍?

നിഷാന്തിനെ പിന്‍ഗാമിയാക്കി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയൊരു മടക്കമില്ലാതെ പടിയിറങ്ങുന്ന നിതീഷിനെ ബിജെപി വിഴുങ്ങിയെന്നാണ് പ്രതിപക്ഷ വിമര്‍ശനം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോയെ തട്ടിക്കൊണ്ടുപോയതിന് സമാനമാണ് നിതീഷിനെ ബിജെപി ഹൈജാക്ക് ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വസ്തുതകള്‍ പരിശോധിച്ചാല്‍ ഇതു തന്നെയാണ് ബിഹാറിനെ കാത്തിരിക്കുന്നതെന്ന് വ്യക്തമാണ്. മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ 'പിടിച്ചടക്കല്‍' നീക്കത്തിനും ഇതേ സ്വഭാവമുണ്ടായിരുന്നു. നിതീഷിന്റെ ശക്തമായ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും നിഷാന്തിന് ബിജെപിയുടെ തന്ത്രങ്ങളോട് പിടിച്ചുനില്‍ക്കാനാവില്ലെന്ന പ്രതിപക്ഷ വാദവും ഇതിനൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. 1975ല്‍ ഭക്തിയാര്‍പൂരില്‍ ജനിച്ച നിശാന്ത് കുമാര്‍ മെസ്റ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്നും സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്, സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവിനോട് ആദ്യകാലം മുതല്‍ വിമുഖത കാണിച്ചിട്ടുള്ളയാളാണ് നിശാന്ത്, രാഷ്ട്രീയമായിരിക്കില്ല അദ്ദേഹത്തിന്റെ വഴിയെന്നും നേരത്തെ പ്രവചിക്കപ്പെട്ടതാണ്. അച്ഛന്‍ ചരടുവലിക്കാനുണ്ടാകുമെന്ന പ്രതീക്ഷ പോലുമില്ലാത്ത കാലത്താണ് ഉപമുഖ്യമന്ത്രിയായി നിശാന്ത് എത്തുന്നത്.

നിതീഷ് കുമാറും മകന്‍ നിശാന്ത് കുമാറും
നിതീഷ് കുമാറും മകന്‍ നിശാന്ത് കുമാറും

ഡല്‍ഹിയില്‍ നിതീഷ് കുമാര്‍ കളംമാറ്റുമ്പോള്‍ ബിഹാറിലെ 'നിതീഷ് ഫാക്ടറിനും' വിള്ളലുണ്ടാകും, ഇത് മുന്നില്‍ കണ്ടാണ് ബിജെപി കരുക്കള്‍ നീക്കുന്നതും. മുഖ്യമന്ത്രി പദമുറപ്പിക്കാന്‍ കളംമാറ്റത്തിന് യാതൊരു രാഷ്ട്രീയ വിചിന്തനവും ആവശ്യമില്ലെന്ന് പലകാലങ്ങളായി നിതീഷ് തെളിയിച്ചതാണ്. എന്നാല്‍ ഈ കൂറുമാറ്റ സമയങ്ങളിലെല്ലാം ബിജെപി യഥാക്രമം വളര്‍ച്ച നേടിയിരുന്നുവെന്നതും കോണ്‍ഗ്രസ് ക്ഷയിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇത് മഹാരാഷ്ട്രയെ ഓര്‍മ്മിപ്പിക്കുന്നതാണ്. നിലവില്‍ ജെഡിയുവിന് 85ഉം, ബിജെപിക്ക് 89ഉം സീറ്റാണ് ബിഹാറിലുള്ളത്, നിതീഷ് ഇല്ലാത്ത അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനായാസം നൂറിലധികം സീറ്റുകള്‍ സ്വന്തമാക്കാനാവും. കൃത്യമായ നേതൃപദവിയില്ലാത്ത ജെഡിയു ആകട്ടെ കോണ്‍ഗ്രസിനേക്കാള്‍ വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ നിന്നുള്ള പിന്മാറ്റം വേഗത്തിലാക്കിയാലും ജെഡിയുവിനെ കാത്തിരിക്കുന്ന തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാവില്ല, ഇത് തിരിച്ചറിഞ്ഞു തന്നെയാണ് 'കിട്ടിയതുമായി' ബിഹാറിന്റെ ഏറ്റവും ശക്തനായ നേതാവ് ഡല്‍ഹിയിലേക്ക് കൂടുമാറുന്നത്.

English Summary: The political exit of Nitish Kumar signals a major shift in Bihar politics, with critics alleging strategic gains by Bharatiya Janata Party similar to past moves in Maharashtra.

Related Stories

No stories found.
Madism Digital
madismdigital.com