ടാറ്റ നെക്‌സോൺ ഇവിക്ക് വെല്ലുവിളിയാകുമോ?; വിൻഫാസ്റ്റ് വിഎഫ്5 പുതിയ രൂപത്തിൽ

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കൂടുതൽ മസ്കുലാര്‍ എസ്‌യുവി ലുക്കാണ് വിൻഫാസ്റ്റ് നല്‍കിയിരിക്കുന്നത്
ടാറ്റ നെക്‌സോൺ ഇവിക്ക് വെല്ലുവിളിയാകുമോ?; വിൻഫാസ്റ്റ് വിഎഫ്5 പുതിയ രൂപത്തിൽ
Published on: 

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങി വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ വിഎഫ്5ന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ. പുതിയ മോഡലിന്റെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ ഫയൽ ചെയ്തതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. പുതിയ പതിപ്പ് എത്തുന്നതോടെ ടാറ്റ നെക്‌സോൺ ഇവി ഉൾപ്പെടെയുള്ള മോഡലുകൾക്ക് വിപണിയിൽ കൂടുതൽ കടുത്ത മത്സരം നേരിടേണ്ടിവരും.

ഡിസൈനിൽ അടിമുടി മാറ്റം; കൂടുതൽ കരുത്തുറ്റ എസ്‌യുവി രൂപം

നിലവിലെ വിഎഫ്5യുടെ രൂപകൽപ്പനയ്ക്ക് ഹാച്ച്ബാക്കിന്റെ സാദൃശ്യമുണ്ടെങ്കിൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കൂടുതൽ മസ്കുലാര്‍ എസ്‌യുവി ലുക്കാണ് വിൻഫാസ്റ്റ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിൽ ഫയൽ ചെയ്ത ഡിസൈൻ പേറ്റന്റ് ചിത്രങ്ങളിൽ വാഹനത്തിന്റെ മുൻഭാഗത്ത് കാര്യമായ മാറ്റങ്ങൾ കാണാം.

പുതിയ മോഡലിൽ കൂടുതൽ നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകളായിരിക്കും ഉണ്ടാകുക. മുൻ ബമ്പറിന്റെ ഇരുവശങ്ങളിലും താഴ്ന്ന നിലയിലാണ് ഇവയുടെ സ്ഥാനം. ബമ്പറിന്റെ രൂപത്തിലും പരിഷ്‌കരണമുണ്ടാകും. ഹെഡ്‌ലാമ്പുകൾക്ക് താഴെയുള്ള കറുത്ത ഡിസൈൻ ഘടകങ്ങളുടെ വലുപ്പം കുറച്ചിട്ടുണ്ട്. കൂടുതൽ ഉയരവും കോണുകളുമുള്ള ബോണറ്റ് ഡിസൈനും പുതിയ പതിപ്പിന് വ്യത്യസ്തമായ രൂപം നൽകും.

വശങ്ങളിലെ ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. എന്നാൽ പുതിയ അലോയ് വീലുകൾ ഇടംപിടിച്ചേക്കും. വിയറ്റ്നാമിൽ നിന്നുള്ള പരീക്ഷണയോട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 16 ഇഞ്ച് അലോയ് വീലുകളാണ് പുതിയ മോഡലിലുണ്ടാകുകയെന്നാണ്. പിൻഭാഗത്തും ശ്രദ്ധേയമായ പരിഷ്‌കരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വലുപ്പം കൂടിയ പുതിയ എൽഇഡി ടെയിൽ ലാമ്പുകളെ ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന ഡിസൈനായിരിക്കും നൽകുക. ടെയിൽഗേറ്റിന്റെ മധ്യഭാഗത്ത് വിൻഫാസ്റ്റ് ലോഗോയും സ്ഥാനംപിടിക്കും.

അളവുകളിൽ മാറ്റത്തിന് സാധ്യതയില്ല

നിലവിലെ വിഎഫ്5യ്ക്ക് 3,967 മില്ലിമീറ്റർ നീളവും 1,723 മില്ലിമീറ്റർ വീതിയും 1,580 മില്ലിമീറ്റർ ഉയരവുമാണുള്ളത്. 2,514 മില്ലിമീറ്ററാണ് വീൽബേസ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റിലും ഈ അളവുകൾ നിലനിർത്താനാണ് സാധ്യത. അതേസമയം, ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഗ്രൗണ്ട് ക്ലിയറൻസിൽ മാറ്റം വരുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വലിയ ടച്ച്‌സ്‌ക്രീൻ; ഇന്റീരിയറിലും പരിഷ്‌കരണം

പുറത്തെ ഡിസൈനിന് പുറമെ വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഉയരം കൂടിയതും പുതുമയാർന്ന രൂപകൽപ്പനയിലുള്ളതുമായ ഡാഷ്‌ബോർഡായിരിക്കും പുതിയ പതിപ്പിലുണ്ടാകുക. നിലവിലെ ചെറിയ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന് പകരം വലിയ ഫ്രീസ്റ്റാൻഡിങ് ടച്ച്‌സ്‌ക്രീൻ നൽകിയേക്കും.

പുതിയ രണ്ട് സ്‌പോക്ക് സ്റ്റിയറിങ് വീൽ, മുകൾഭാഗവും താഴ്ഭാഗവും പരന്ന രൂപത്തിലുള്ള ഡിസൈൻ, സെൻട്രൽ ടച്ച്‌സ്‌ക്രീനുമായി സംയോജിപ്പിച്ച ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും പ്രതീക്ഷിക്കാം. സെന്റർ കൺസോളിൽ റോട്ടറി ഡ്രൈവ് സെലക്ടറും രണ്ട് കപ്പ് ഹോൾഡറുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ തീം തുടരാനാണ് സാധ്യത. തുണികൊണ്ടുള്ള സീറ്റുകൾക്ക് പകരം ലെതറെറ്റ് അപ്ഹോൾസ്റ്ററി നൽകാനും വിൻഫാസ്റ്റ് പദ്ധതിയിടുന്നുണ്ട്.

ടാറ്റ നെക്‌സോൺ ഇവിക്ക് വെല്ലുവിളിയാകുമോ?; വിൻഫാസ്റ്റ് വിഎഫ്5 പുതിയ രൂപത്തിൽ
വില 9.79 ലക്ഷം മുതൽ, അരങ്ങേറ്റം 2027 ജനുവരിയിൽ; കളംപിടിക്കാൻ ഹ്യുണ്ടേയ് അയോണിക് പി എത്തുന്നു

ബാറ്ററിയും റേഞ്ചും; ഇന്ത്യൻ പതിപ്പിൽ എന്തുണ്ടാകും?

വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ബാറ്ററി, മോട്ടോർ ഓപ്ഷനുകളോടെയാണ് വിൻഫാസ്റ്റ് വിഎഫ്5 വിൽക്കുന്നത്. അതിനാൽ ഇന്ത്യയിലെത്തുന്ന പുതിയ പതിപ്പിന്റെ ബാറ്ററി ശേഷി, മോട്ടോർ കരുത്ത്, ഒറ്റച്ചാർജിലെ ഡ്രൈവിങ് റേഞ്ച് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്തോനേഷ്യൻ വിപണിയിലെ നിലവിലെ വിഎഫ്5യിൽ 29.6 കിലോവാട്ട് അവർ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന് 90 എച്ച്പി പരമാവധി കരുത്തും 135 എൻഎം ടോർക്കുമുണ്ട്. ഒറ്റച്ചാർജിൽ 268 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് എൻഇഡിസി സർട്ടിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ അവകാശവാദം.

അതേസമയം, ചില വിദേശ വിപണികളിൽ 37.23 കിലോവാട്ട് അവർ ബാറ്ററി പായ്ക്കുള്ള പതിപ്പും ലഭ്യമാണ്. ഈ മോഡലിന് ഒറ്റച്ചാർജിൽ 326 കിലോമീറ്റർ റേഞ്ചാണ് വിൻഫാസ്റ്റ് അവകാശപ്പെടുന്നത്. ഈ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ഏതാണ് ഇന്ത്യൻ വിപണിയിലെത്തുകയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുതുക്കിയ ഡിസൈൻ, കൂടുതൽ പ്രീമിയം അകത്തളം, മെച്ചപ്പെട്ട ഫീച്ചറുകൾ എന്നിവയുമായി വിഎഫ്5 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതോടെ ഇന്ത്യയിലെ ചെറു ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ടാറ്റ നെക്‌സോൺ ഇവി ഉൾപ്പെടെയുള്ള എതിരാളികളെ നേരിടാൻ വിൻഫാസ്റ്റിന് പുതിയ പതിപ്പ് എത്രത്തോളം സഹായിക്കുമെന്നത് വിപണിപ്രവേശനത്തോടെയേ വ്യക്തമാകൂ.

Summary

The VinFast VF5 facelift is gearing up to intensify competition in India's electric SUV market. With an updated design, premium features, and an improved interior, it is expected to challenge models including the Tata Nexon EV.