ഹെലികോപ്റ്ററുമല്ല കാറുമല്ല; ചൈനയുടെ 'പറക്കും കാർ' വിപണിയിലേക്ക്, അഞ്ച് മിനിറ്റിൽ ആർക്കും പറത്താം

രണ്ടുപേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ വാഹനം 2027-ന്റെ പകുതിയോടെ പരിമിതമായ രീതിയിൽ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഹെലികോപ്റ്ററുമല്ല കാറുമല്ല; ചൈനയുടെ 'പറക്കും കാർ' വിപണിയിലേക്ക്, അഞ്ച് മിനിറ്റിൽ ആർക്കും പറത്താം
Published on: 

സയൻസ് ഫിക്ഷൻ സിനിമകളിലും കഥകളിലും മാത്രം കണ്ടിട്ടുള്ള 'പറക്കും കാറുകൾ' ഇനി യാഥാർത്ഥ്യം. 2027-ന്റെ രണ്ടാം പകുതിയോടെ ചൈനയിൽ ഇത്തരം പറക്കും കാറുകളിൽ ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് പ്രമുഖ ചൈനീസ് നിർമ്മാണ കമ്പനിയായ 'എക്സ്പെങ്' അറിയിച്ചു. രണ്ടുപേർക്ക് സഞ്ചരിക്കാവുന്നതും ഓട്ടോപൈലറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതുമായ വാഹനം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം 3 ലക്ഷം ഡോളറാണ് വാഹനത്തിന്റെ വില വരുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 2.817 കോടി.

പത്ത് വർഷത്തോളം നീണ്ട ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷമാണ് എക്സ്പെങ് ഈ സാങ്കേതികവിദ്യയുമായി രംഗത്തെത്തുന്നത്. ചൈനയിലെ ഗ്വാങ്ഷൗവിലുള്ള കമ്പനിയുടെ കേന്ദ്രത്തിൽ പറക്കും മോട്ടോർബൈക്കുകൾ ഉൾപ്പെടെയുള്ള നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. ചൈനീസ് സിവിൽ ഏവിയേഷൻ അധികൃതരിൽനിന്ന് പരിമിതമായ ഉപയോഗത്തിനുള്ള അനുമതിയും വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

കാഴ്ചയിൽ ചെറിയ കാറിന്റെ കോക്പിറ്റിനോട് സാമ്യമുള്ളതാണ് പറക്കും വാഹനത്തിന്റെ രൂപകൽപ്പന. ഫിയറ്റ് 500 കാറിന്റെ വലുപ്പത്തോട് അടുത്ത കാബിനിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. ഡ്രോണുകളിൽ ഉപയോഗിക്കുന്നതിന് സമാനമായ ആറ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രൊപ്പല്ലറുകളാണ് വാഹനത്തെ വായുവിലേക്ക് ഉയർത്തുന്നത്. ലളിതമായ ജോയ്സ്റ്റിക് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാം. മാത്രമല്ല, മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തേക്ക് സ്വയം പറന്നെത്താനുള്ള ഓട്ടോണമസ് സംവിധാനവും ഇതിലുണ്ട്. അഞ്ച് മിനിറ്റ് പരിശീലനം ലഭിച്ചാൽ ആർക്കും വാഹനം പറത്താൻ കഴിയുമെന്നാണ് കമ്പനിയുടെ സിഇഒ ഡെലി ഷാവോയുടെ അവകാശവാദം. സിനിമയിലെ റോബോട്ടുകളുടെ രൂപമാറ്റത്തിന് സമാനമായ രീതിയിലാണ് വാഹനം വികസിക്കുന്നതെന്ന് ഷാവോ പറയുന്നു.

നിലവിൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 30 കിലോമീറ്റർ വരെ പറക്കാൻ വാഹനത്തിന് ശേഷിയുണ്ട്. ബാറ്ററിയുടെ ഊർജസാന്ദ്രത വർധിപ്പിച്ച് ഈ ദൂരം 60 കിലോമീറ്ററാക്കി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഭൂനിരപ്പിൽനിന്ന് പരമാവധി ഒരു കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാൻ ഇതിന് സാധിക്കും. എന്നാൽ നിലവിൽ ചൈനയിലെ അംഗീകൃത പാർക്കുകളിലും പ്രത്യേകമായി അനുവദിച്ച മേഖലകളിലും മാത്രമായിരിക്കും ഉപയോഗം. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലെത്താനും വാഹനം പ്രയോജനപ്പെടുത്താനാണ് പദ്ധതി.

ഡൈവിങ്, സർഫിങ്, ഓഫ് റോഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ താൽപര്യമുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അമേരിക്കൻ വ്യവസായി ഇലോൺ മസ്‌ക് അടുത്തിടെ അവതരിപ്പിച്ച പറക്കും ടെസ്‌ല മാതൃകയുമായും എക്സ്പെങ് വാഹനത്തെ താരതമ്യം ചെയ്യുന്നുണ്ട്. എന്നാൽ മസ്‌കിന്റെ വാഹനം യഥാർഥത്തിൽ പറക്കുന്നതല്ലെന്നും വായുവിൽ ചാടുന്നതിന് സമാനമായ പ്രകടനമാണെന്നും ഷാവോ അഭിപ്രായപ്പെട്ടു.

ചൈനയുടെ 'ലോ ആൾട്ടിറ്റ്യൂഡ് ഇക്കോണമി' പദ്ധതിയുടെ ഭാഗമായാണ് ഇത്തരം സാങ്കേതികവിദ്യകൾക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നത്. ഡ്രോണുകൾ, പറക്കും വാഹനങ്ങൾ, ആകാശമാർഗമുള്ള ചരക്കുനീക്കം തുടങ്ങിയ മേഖലകളെ വികസിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ചരക്കുനീക്കത്തിനും പിന്നീട് മനുഷ്യരുടെ യാത്രയ്ക്കും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് ചൈനയുടെ നീക്കം. നിലവിൽ ചൈനയിൽ ഏകദേശം 20 കമ്പനികൾ പറക്കും വാഹനങ്ങളുടെ വികസനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഷാവോ പറയുന്നത്.

യുഎഇയുമായും തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളുമായും വാഹനത്തിന്റെ ഉപയോഗം വികസിപ്പിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പിട്ടതായും കമ്പനി അവകാശപ്പെടുന്നു. യൂറോപ്യൻ വിപണിയിലേക്കും എത്രയും വേഗം പ്രവേശിക്കുകയാണ് ലക്ഷ്യം. നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ബദലായി ആകാശഗതാഗതം മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ പരിമിതികളും ഉയർന്ന വിലയും മറികടക്കാൻ കഴിഞ്ഞാൽ ഭാവിയിലെ യാത്രാസങ്കൽപ്പങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ഇത്തരം പറക്കും വാഹനങ്ങൾക്ക് സാധിച്ചേക്കും.

Summary

Chinese company XPeng plans to introduce its two-seater flying car for limited use in the second half of 2027. Priced at around $300,000, the vehicle can fly up to 30 km and features autonomous flight technology. Initially, it will be used in approved areas for recreational activities and emergency services.