

ഇന്ത്യൻ റോഡുകളിലെ നിത്യ കാഴ്ചയാണ് ട്രാഫിക് നിയമലംഘനങ്ങള്‍. സിഗ്നൽ മറികടക്കുന്നതും അമിതവേഗത്തിൽ വാഹനമോടിക്കുന്നതും വൺവേയിൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതുമെല്ലാം പലരും ഗൗരവമായി കാണാറില്ല. നിയമലംഘനം പിടിക്കപ്പെട്ടാൽ ഇ-ചെല്ലാൻ ലഭിക്കുകയും പിഴ അടയ്ക്കുകയും ചെയ്താൽ പ്രശ്നം അവസാനിച്ചുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ.
എന്നാൽ ഈ രീതിക്ക് മാറ്റം വരാനിരിക്കുകയാണ്. ആവർത്തിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ കൂടുതൽ കർശനമായി നിയന്ത്രിക്കുന്നതിനായി ലൈസൻസിന് പോയിന്റ് അധിഷ്ഠിത സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ചുള്ള ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്.
പുതിയ സംവിധാനത്തിൽ ഓരോ ഡ്രൈവറുടെയും ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോയിന്റുകൾ കുറയ്ക്കുകയും ചെയ്യും. നിശ്ചിത പരിധിക്ക് താഴേക്ക് പോയാൽ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാകും. ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത നടപടികളും ഉണ്ടായേക്കാം.
വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ഡിമെറിറ്റ് പോയിന്റ് സംവിധാനങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും ഇന്ത്യയിലും സംവിധാനം കൊണ്ടുവരാൻ ആലോചിക്കുന്നത്. ഓരോ ഡ്രൈവറുടെയും ലൈസൻസുമായി ബന്ധപ്പെട്ട് ഒരു പോയിന്റ് റെക്കോർഡ് ഉണ്ടായിരിക്കും. ട്രാഫിക് നിയമം ലംഘിക്കുന്ന ഓരോ തവണയും ലംഘനത്തിന്റെ ഗൗരവത്തിന് അനുസരിച്ച് പോയിന്റുകൾ കുറയും. ചെറിയ നിയമലംഘനങ്ങൾക്ക് കുറച്ച് പോയിന്റുകളും അപകടസാധ്യതയുള്ള ഗുരുതരമായ നിയമലംഘനങ്ങൾക്ക് കൂടുതൽ പോയിന്റുകളും നൽകുന്ന രീതിയിലായിരിക്കും സംവിധാനം.
അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കൂടുതൽ നെഗറ്റീവ് പോയിന്റുകൾ ലഭിക്കാനാണ് സാധ്യത. അതേസമയം, താരതമ്യേന ചെറിയ നിയമലംഘനങ്ങൾക്ക് കുറവ് പോയിന്റുകളായിരിക്കും.
നിശ്ചിത പരിധി പിന്നിട്ടാൽ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്യുകയോ, ഗുരുതര സാഹചര്യങ്ങളിൽ റദ്ദാക്കുകയോ ചെയ്യാനുള്ള വ്യവസ്ഥകൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സംവിധാനം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും വിവിധ റിപ്പോർട്ടുകളിലും പല തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മൂന്നോ അഞ്ചോ തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കൃത്യമായ പരിധി നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഓരോ നിയമലംഘനത്തിനും എത്ര പോയിന്റ് കുറയ്ക്കണം, എത്ര നെഗറ്റീവ് പോയിന്റ് എത്തിയാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം, ഏത് സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ അന്തിമ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിക്കേണ്ടതുണ്ട്. അതുകൊണ്ട് നിലവിൽ പ്രചരിക്കുന്ന കൃത്യമായ പോയിന്റ് കണക്കുകളെ ഔദ്യോഗിക നിയമമായി കാണാനാകില്ല.
പുതിയ നിർദേശത്തിലെ മറ്റൊരു പ്രധാന ഘടകം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റായ ആർസിയുമായി ബന്ധപ്പെട്ടതാണ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹനങ്ങളുടെ ആർസിയിലും പോയിന്റ് രേഖപ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ആലോചനയുണ്ട്. ഗുരുതരമായോ തുടർച്ചയായോ നിയമലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനുള്ള സാധ്യതയും ഇതോടെ ഉയരും. എന്നാൽ ഇത് പ്രായോഗികമായി നടപ്പാക്കുമ്പോൾ നിരവധി കാര്യങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്.
ഒരു വാഹനം കുടുംബത്തിലെ ഒന്നിലധികം പേർ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിയമലംഘനത്തിന്റെ ഉത്തരവാദിത്തം എങ്ങനെ നിശ്ചയിക്കും? വാഹനം മറ്റൊരാൾക്ക് കടം നൽകിയിരിക്കുമ്പോഴാണ് നിയമലംഘനം നടന്നതെങ്കിൽ പോയിന്റ് വാഹനത്തിനാണോ ഡ്രൈവർക്കാണോ ബാധകമാകുക? വാഹനം വിൽക്കുമ്പോൾ പഴയ നിയമലംഘനങ്ങളുടെ റെക്കോർഡ് പുതിയ ഉടമയെ ബാധിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അന്തിമ നിയമങ്ങളും മാർഗനിർദേശങ്ങളും പുറത്തിറങ്ങിയതിന് ശേഷമേ വ്യക്തമാകൂ.
പോയിന്റ് സംവിധാനം നിയമലംഘകരെ ശിക്ഷിക്കുന്നതിനുള്ള സംവിധാനം മാത്രമാക്കാനല്ല സർക്കാർ ആലോചിക്കുന്നത്. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആനുകൂല്യങ്ങളും പരിഗണനയിലുണ്ട്.
തുടർച്ചയായി നിയമലംഘനങ്ങളൊന്നും നടത്താതെ മികച്ച ഡ്രൈവിങ് റെക്കോർഡ് നിലനിർത്തുന്നവർക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഭാവിയിൽ പരിഗണിക്കപ്പെടാം.
ക്ലീൻ ഡ്രൈവിങ് റെക്കോർഡിന് കൂടുതൽ പ്രാധാന്യം നൽകുകയും സുരക്ഷിതമായി വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പോയിന്റ് സംവിധാനം നടപ്പാക്കുന്നതിൽ ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ നിർണായക പങ്കുവഹിക്കും. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന ഇ-ചെല്ലാൻ സംവിധാനവും വിവിധ സംസ്ഥാനങ്ങളിലെ എഐ ക്യാമറ സംവിധാനങ്ങളും ട്രാഫിക് നിയമലംഘനങ്ങൾ ഡിജിറ്റലായി കണ്ടെത്താനും രേഖപ്പെടുത്താനും സഹായിക്കുന്നുണ്ട്.
ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ വാഹനത്തിന്റെയും ഡ്രൈവറുടെയും രേഖകളുമായി ബന്ധിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞാൽ, ഓരോ നിയമലംഘനത്തിനും അനുബന്ധമായ പോയിന്റുകൾ സ്വയമേവ രേഖപ്പെടുത്താൻ സാധിക്കും. ഇതിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിലും രേഖപ്പെടുത്തുന്നതിലും മനുഷ്യ ഇടപെടൽ കുറയ്ക്കാനും കൂടുതൽ സുതാര്യമായ എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഒരുക്കാനും കഴിയും.
വല്ലപ്പോഴും ചെറിയൊരു നിയമലംഘനം അബദ്ധത്തിൽ സംഭവിക്കുന്ന സാധാരണ ഡ്രൈവർമാരെക്കാൾ, ട്രാഫിക് നിയമങ്ങൾ തുടർച്ചയായി അവഗണിക്കുന്നവരെയായിരിക്കും പുതിയ സംവിധാനം പ്രധാനമായും ലക്ഷ്യമിടുക. സിഗ്നൽ ലംഘനം, അമിതവേഗം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഓരോ പിഴയും സാമ്പത്തിക ബാധ്യത മാത്രമാകില്ല. ഭാവിയിൽ അവരുടെ ഡ്രൈവിങ് റെക്കോർഡിനെയും ലൈസൻസിനെയും നേരിട്ട് ബാധിക്കുന്ന തരത്തിലായിരിക്കും സംവിധാനം. ഇതുവഴി പിഴ അടച്ച് രക്ഷപ്പെടാമെന്ന സമീപനത്തിന് പകരം, ഓരോ നിയമലംഘനത്തിനും ദീർഘകാല പ്രത്യാഘാതമുണ്ടാകുമെന്ന ബോധം ഡ്രൈവർമാരിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പോയിന്റ് അധിഷ്ഠിത ഡ്രൈവിങ് സംവിധാനം നിലവിൽ നിർദേശ ഘട്ടത്തിലാണ്. ഓരോ നിയമലംഘനത്തിനും ബാധകമാകുന്ന പോയിന്റുകൾ, ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പരിധി, വാഹനത്തിന്റെ ആർസിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്. അതുവരെ നിലവിലുള്ള ട്രാഫിക് നിയമങ്ങളും ഇ-ചെല്ലാൻ പിഴകളും തന്നെയാണ് ബാധകമാകുക.
എന്നാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നാൽ ട്രാഫിക് നിയമലംഘനങ്ങളുടെ സാമ്പത്തിക പിഴ മാത്രമല്ല, ഡ്രൈവറുടെ ഭാവി ഡ്രൈവിങ് റെക്കോർഡും പ്രധാനമാകും. അതിനാൽ നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുക എന്നത് ഇനി പിഴ ഒഴിവാക്കാനുള്ള മാർഗം മാത്രമല്ല, സ്വന്തം ലൈസൻസ് സുരക്ഷിതമായി നിലനിർത്താനുള്ള ഉത്തരവാദിത്തം കൂടിയാകും.
The central government is considering a points-based system for driving licences to strictly curb repeated traffic violations on Indian roads. Each violation would be digitally recorded and points deducted from the licence. If the points fall below a specified limit, the licence could be suspended or cancelled. Benefits such as insurance discounts for good drivers are also being considered.