എൻജിൻ റെനോയിൽ നിന്ന്; കുറഞ്ഞ വിലയിൽ പുതിയ കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട

ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഹോണ്ടയുടെ പുതിയ നീക്കം
എൻജിൻ റെനോയിൽ നിന്ന്; കുറഞ്ഞ വിലയിൽ പുതിയ കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട
Published on: 

ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. നിലവിലുള്ള മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി സ്വന്തം എൻജിൻ വികസിപ്പിക്കുന്നതിന് പകരം മറ്റൊരു കമ്പനിയുടെ എൻജിൻ ഉപയോഗിക്കുന്നതും ഹോണ്ടയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എൻജിൻ നിർമാണത്തിന് പുതിയ പങ്കാളി

ഇന്ത്യൻ വിപണിക്കായി ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ പുതിയ എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട. ഇന്‍റെ ഭാഗമായി ഹോണ്ട കാർസ് ഇന്ത്യ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയും ചൈനീസ് കമ്പനിയായ ഗീലിയും ചേർന്ന് രൂപീകരിച്ച ഹോഴ്സ് പവർട്രെയിനുമായി ഹോണ്ട ചർച്ചകൾ നടത്തുന്നതായാണ് വിവരം.

ഹോഴ്സ് പവർട്രെയിൻ വികസിപ്പിച്ച എൻജിൻ പുതിയ എസ്‌യുവിയിൽ ഉപയോഗിക്കാനാണ് ഹോണ്ട ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കരാർ യാഥാർഥ്യമായാൽ കുറഞ്ഞ ചിലവിൽ പുതിയ വാഹനം വികസിപ്പിക്കാനും വിപണിയിലെത്തിക്കാനും കമ്പനിക്ക് സാധിച്ചേക്കും. പെട്രോൾ, ഹൈബ്രിഡ്, സിഎൻജി തുടങ്ങിയ വിവിധ ഇന്ധന ഓപ്ഷനുകളുമായി കോംപാക്ടാകുന്ന 1.2 ലിറ്റർ എൻജിനാണ് ഹോണ്ടയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.

കുറഞ്ഞ വിലയിൽ എസ്‌യുവി എത്തും

ഏകദേശം ഒൻപത് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും പുതിയ ഹോണ്ട എസ്‌യുവിയുടെ പ്രതീക്ഷിക്കപ്പെടുന്ന വില. ഈ വിലയിൽ വാഹനം എത്തുകയാണെങ്കിൽ രാജ്യത്തെ ജനപ്രിയ കോംപാക്ട് എസ്‌യുവികളുമായി മത്സരിക്കാൻ ഹോണ്ടയ്ക്ക് സാധിക്കും.

നിലവിൽ ഹോണ്ടയുടെ എസ്‌യുവി നിരയിലെ പ്രധാന മോഡലായ എലിവേറ്റിന്റെ വില ഏകദേശം 11.81 ലക്ഷം രൂപ മുതലാണ്. പുതിയ മോഡൽ വിപണിയിലെത്തുന്നതോടെ അമേസ് സെഡാനും എലിവേറ്റ് എസ്‌യുവിക്കും ഇടയിലായിരിക്കും അതിന്റെ സ്ഥാനം. കുറഞ്ഞ വിലയിൽ എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെയാണ് പുതിയ മോഡലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് മറ്റൊരു കമ്പനിയുടെ എൻജിൻ?

പുതിയ എൻജിനുകൾ വികസിപ്പിക്കുന്നതിന് വലിയ സാമ്പത്തിക നിക്ഷേപവും ദീർഘമായ സമയവും ആവശ്യമാണ്. പെട്രോൾ വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ്, സിഎൻജി മോഡലുകൾക്കും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഓരോ വിഭാഗത്തിനും അനുയോജ്യമായ എൻജിനുകൾ വികസിപ്പിക്കുന്നത് ചെലവ് വർധിപ്പിക്കും.

നിലവിൽ വികസിപ്പിച്ചിട്ടുള്ള എൻജിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഈ ചെലവും വികസനത്തിനാവശ്യമായ സമയവും കുറയ്ക്കാൻ ഹോണ്ടയ്ക്ക് സാധിച്ചേക്കും. ഹോഴ്സ് പവർട്രെയിനിന്റെ 1.2 ലിറ്റർ എൻജിന് വിവിധ ഇന്ധന സംവിധാനങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുമെന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

വാഹനങ്ങള്‍ വികസിപ്പിക്കാന്‍ പുതിയ സമയപരിധി

പുതിയ മോഡലുകൾ വികസിപ്പിക്കുന്നതിന് നിലവിൽ വേണ്ടിവരുന്ന സമയം കുറയ്ക്കാനും ഹോണ്ട ലക്ഷ്യമിടുന്നുണ്ട്. ഏകദേശം 49 മാസം വേണ്ടിവരുന്ന വികസന പ്രക്രിയ 30 മാസമായി ചുരുക്കാനാണ് കമ്പനിയുടെ ശ്രമം.

ഇതിനായി പുറത്തുനിന്നുള്ള സാങ്കേതിക സഹായവും ഹോണ്ട തേടുന്നുണ്ട്. വാഹനങ്ങളുടെ എൻജിനീയറിങ് വികസനത്തിന് ടാറ്റ ടെക്നോളജീസിന്റെയും ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾക്കായി ടാറ്റ കൺസൾട്ടൻസി സർവീസസിന്റെയും സഹായം തേടുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ നീക്കങ്ങൾ പുതിയ വാഹനങ്ങളുടെ ഡെവലപ്മെന്‍റ് വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

2028-ൽ ഉൽപ്പാദനം ആരംഭിച്ചേക്കും

പുതിയ കോംപാക്ട് എസ്‌യുവിയെക്കുറിച്ചോ അതിൽ ഉപയോഗിക്കുന്ന എൻജിനെക്കുറിച്ചോ ഹോണ്ട ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2028-ലേക്കുള്ള ഇന്ത്യയിലെ വാഹന പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം പദ്ധതികൾ മുന്നോട്ടുപോയാൽ പുതിയ എസ്‌യുവിയുടെ ഉൽപ്പാദനം 2028 ഒക്ടോബറിൽ ആരംഭിച്ചേക്കും. കുറഞ്ഞ വിലയും വ്യത്യസ്ത എൻജിൻ ഓപ്ഷനുകളും ലക്ഷ്യമിട്ടുള്ള ഹോണ്ടയുടെ പുതിയ നീക്കം ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വാഹനലോകത്തെ വിദഗ്ധരുടെ വിലയിരുത്തല്‍

Madism Digital
madismdigital.com