ഈ ഉത്സവകാലത്ത് ഇന്ത്യൻ വാഹന വിപണിയിൽ വൻ ചലനമുണ്ടാക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നു. തങ്ങളുടെ ഏറ്റവും പുതിയ എസ്‍യുവിക്ക് ഹ്യുണ്ടായ് ബയോൺ എന്ന് പേരിട്ടതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ ജനപ്രിയ മോഡലുകളായ വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലായിരിക്കും ഈ പുതിയ വാഹനത്തിന്റെ സ്ഥാനം. നാല് മീറ്ററിലധികം നീളമുള്ള ഒരു വാഹനത്തിൽ ആദ്യമായി ഫാക്ടറി-ഫിറ്റഡ് സിഎൻജി പവർട്രെയിൻ അവതരിപ്പിക്കുന്നു എന്ന വലിയ സവിശേഷതയുമായാണ് ബയോൺ വിപണിയിലെത്താൻ ഒരുങ്ങുന്നത്.
ബയോണിന്റെ എൻജിൻ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും അതിനൊപ്പം ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനും വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റയിൽ നിലവിൽ ഉപയോഗിക്കുന്ന അതേ എൻജിൻ തന്നെയാകും ബയോണിലും നൽകുക. ഇത് 115bhp കരുത്തും 143.8Nm ടോർക്കും ഉത്പാദിപ്പിക്കും. സിക്സ്-സ്പീഡ് മാനുവൽ, സിവിടി (CVT) ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഈ എസ്‌യുവിയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. സിഎൻജി വകഭേദത്തിന്റെ കൃത്യമായ കരുത്തോ ഇന്ധന ടാങ്ക് ശേഷിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സാധാരണയായി ചെറിയ കാറുകളിലും നാല് മീറ്ററിൽ താഴെ നീളമുള്ള എസ്‍യുവികളിലുമാണ് ഫാക്ടറി ഫിറ്റഡ് സിഎൻജി സംവിധാനം കണ്ടുവരുന്നത്. ഹ്യുണ്ടായിയുടെ എക്സ്റ്റർ, ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ മോഡലുകളിൽ സിഎൻജി ലഭ്യമാണെങ്കിലും, വലിയ എസ്‌യുവികൾ പെട്രോൾ, ഡീസൽ എൻജിനുകളിൽ മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നീ എതിരാളികൾ വലിയ മോഡലുകളിൽ സിഎൻജി നൽകിത്തുടങ്ങിയതോടെയാണ് ബയോണിലൂടെ ഹ്യുണ്ടായിയും ഈ രംഗത്തേക്ക് ശക്തമായി ചുവടുവെക്കുന്നത്.
വലിയ എസ്‌യുവികളുടെ പ്രായോഗികതയും സിഎൻജിയുടെ കുറഞ്ഞ യാത്രാച്ചെലവും സംയോജിപ്പിക്കുന്ന ബയോൺ, സബ്-ഫോർ മീറ്റർ, മിഡ്-സൈസ് എസ്‌യുവികൾക്കിടയിലെ കടുത്ത മത്സരത്തിൽ ഹ്യുണ്ടായിക്ക് മികച്ചൊരു മുൻതൂക്കം നൽകും.
ആഴ്ചകൾ നീണ്ട പരീക്ഷണങ്ങൾക്കും ഊഹാപോഹങ്ങൾക്കും ശേഷം സെപ്റ്റംബർ 14നാണ് ഹ്യുണ്ടായ് ബയോൺ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രാൻസിലെ ബാസ്ക് കൺട്രിയിലുള്ള ബയോൺ എന്ന നഗരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ആഗോള ഡിസൈൻ തത്ത്വചിന്തയെയും ചലനാത്മക സ്വഭാവത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. മുൻപ് പരീക്ഷണ വാഹനത്തിൽ കണ്ട 'BRING IT ON' എന്ന സന്ദേശത്തിന് പിന്നാലെ, ഇന്നൊവേഷൻ, ട്രാൻസ്‌ഫോർമേഷൻ തുടങ്ങി 'ON' എന്ന വാക്കിൽ ഊന്നിയുള്ള വലിയൊരു ടീസർ ക്യാംപെയ്നാണ് ഹ്യുണ്ടായ് ഒരുക്കിയിരിക്കുന്നത്. 'ഇന്റലിജൻസ് ഓൺ' എന്ന ടാഗ്‌ലൈനോടെയാണ് ഔദ്യോഗിക ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലുള്ള ബയോണിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെത്തുന്ന മോഡലിന് പരമ്പരാഗത എസ്‍യുവിയുടെ രൂപഘടനയായിരിക്കും. നിവർന്നുനിൽക്കുന്ന പ്രകൃതം, പരന്ന റൂഫ്, എടുത്തുനിൽക്കുന്ന വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, സാധാരണ പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവ വാഹനത്തിന് മികച്ച എസ്‌യുവി ലുക്ക് നൽകും. മുൻഭാഗത്ത് മുകളിൽ നേർത്ത ഡിആർഎല്ലുകളും താഴെ പ്രധാന ലൈറ്റുകളുമുള്ള 'സ്പ്ലിറ്റ്-ലൈറ്റിങ്' സംവിധാനമാണുള്ളത്. വശങ്ങളിലേക്ക് വരുമ്പോൾ ഉയർന്നുപോകുന്ന വിൻഡോ ലൈനും സി-പില്ലറിന് സമീപത്തെ പ്രത്യേക വളവും ശ്രദ്ധേയമാണ്. പിന്നിൽ തിരശ്ചീനമായ ലൈറ്റ് സിഗ്നേച്ചർ, നിവർന്ന വിൻഡ്‌സ്‌ക്രീൻ, റൂഫ്-മൗണ്ടഡ് സ്പോയിലർ എന്നിവയും നൽകിയിട്ടുണ്ട്.
വാഹനത്തിന്റെ ഉൾഭാഗത്തും മികച്ച സൗകര്യങ്ങളാണ് കമ്പനി ഒരുക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി ഇരട്ട ഡിജിറ്റൽ ഡിസ്പ്ലേകൾ സംയോജിപ്പിച്ച ആധുനിക ഡാഷ്ബോർഡ് ക്യാബിന് പ്രീമിയം അനുഭവം നൽകും. മോഴ്സ് കോഡിൽ 'H' എന്ന അക്ഷരത്തെ പ്രതിനിധീകരിക്കുന്ന ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ 'ഫോർ-ഡോട്ട്' ഡിസൈനിലുള്ള സ്റ്റിയറിങ് വീലാണ് ഇതിൽ ഉപയോഗിക്കുക. 360-ഡിഗ്രി ക്യാമറ, സൺറൂഫ്, കണക്റ്റഡ്-കാർ സാങ്കേതികവിദ്യ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് തുടങ്ങിയ മികച്ച ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം. വകഭേദങ്ങൾക്ക് അനുസരിച്ച് ഫീച്ചറുകളിൽ മാറ്റങ്ങളുണ്ടാകും.
വാഹനത്തിന്റെ കൃത്യമായ അളവുകളോ സാങ്കേതിക വിവരങ്ങളോ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ബയോണിന് പ്രതീക്ഷിക്കുന്ന വില. പ്രതീക്ഷിക്കുന്നതുപോലെ ഫാക്ടറി-ഫിറ്റഡ് സിഎൻജി സൗകര്യത്തോടെയാണ് വാഹനം എത്തുന്നതെങ്കിൽ, നാല് മീറ്ററിൽ കൂടുതൽ നീളമുള്ള ഇന്ത്യയിലെ ആദ്യ സിഎൻജി എസ്‌യുവിയായി ബയോൺ മാറും. ഇത് വിപണിയിൽ ഈ പുതിയ വാഹനത്തിന് സവിശേഷമായൊരു സ്ഥാനം ഉറപ്പാക്കും.
Hyundai Motor India has officially confirmed the name 'Bayon' for its upcoming SUV, which is expected to launch during this festive season. Positioned between the Venue and the Creta, the Bayon is anticipated to feature a 1.5-litre naturally aspirated petrol engine with a factory-fitted CNG option. This will make it India's first SUV measuring over four meters to offer a CNG powertrain, aiming to compete with the Maruti Suzuki Grand Vitara and Toyota Urban Cruiser Hyryder. The India-spec model will boast a traditional SUV stance, a split-lighting setup, dual digital displays, advanced connected-car tech, and ADAS. The expected price ranges between Rs 10 lakh and Rs 15 lakh.