പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം; പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; പുതിയ നിയമം പറയുന്നത്

കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്.
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം; പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; പുതിയ നിയമം പറയുന്നത്
Published on: 

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധിയില്‍ കാതലായ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വാഹനത്തിന്റെ പ്രായം, ഭാരത് സ്റ്റേജ് (BS) മലിനീകരണ നിലവാരം, സ്വകാര്യ-വാണിജ്യ വിഭാഗം എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍, 1989-ലെ റൂള്‍ 115(7) ഭേദഗതി ചെയ്തുകൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന (പതിനാറാം ഭേദഗതി) ചട്ടങ്ങള്‍, 2026 നടപ്പാക്കിയത്. ഇതുവരെ വാഹനങ്ങളുടെ ഭാരത് സ്റ്റേജ് മലിനീകരണ നിലവാരം അടിസ്ഥാനമാക്കിയാണ് പ്രധാനമായും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. ഇതോടെ പുതിയ ബിഎസ്-VI സ്വകാര്യ കാറിനും പഴയ ബിഎസ്-VI വാണിജ്യ വാഹനത്തിനും ഒരേ കാലാവധി ലഭിക്കുന്ന സാഹചര്യമായിരുന്നു. പുതിയ ഭേദഗതിയോടെ ഈ രീതിക്കാണ് മാറ്റം വരുന്നത്.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം; പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; പുതിയ നിയമം പറയുന്നത്
എട്ടിന്റെ പണി; ലൈസൻസ് ടെസ്റ്റിന് ഇനി 75 ശതമാനം മാർക്ക് വേണം, ചട്ടം പുതുക്കി കേന്ദ്രസർക്കാർ

പുതിയ ബിഎസ്-VI വാഹനങ്ങളുടെ പിയുസി കാലാവധി

പുതിയ നിയമപ്രകാരം ആറ് വര്‍ഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-VI വാഹനങ്ങള്‍ക്ക് ഇനി മൂന്ന് വര്‍ഷത്തെ പിയുസി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെയുണ്ടായിരുന്ന 12 മാസത്തെ കാലാവധിയില്‍നിന്നാണ് ഈ മാറ്റം.

ആറ് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതും പത്ത് വര്‍ഷം വരെ പ്രായമുള്ളതുമായ സ്വകാര്യ ബിഎസ്-VI വാഹനങ്ങള്‍ക്ക് ഒരു വര്‍ഷമായിരിക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. പത്ത് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ആറുമാസം കൂടുമ്പോള്‍ പിയുസി പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് പുതുക്കണം.

വാണിജ്യ ബിഎസ്-VI വാഹനങ്ങള്‍ക്ക് വ്യത്യസ്തമായ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആറ് മുതല്‍ പത്ത് വര്‍ഷം വരെ പഴക്കമുള്ളവയ്ക്ക് ഒരു വര്‍ഷവും പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളവയ്ക്ക് ആറുമാസവുമായിരിക്കും കാലാവധി.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം; പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; പുതിയ നിയമം പറയുന്നത്
പൈപ്പ് ചോരുമ്പോള്‍ കടലിലേക്ക് നോക്കണോ?

പഴയ വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന

ബിഎസ്-I, ബിഎസ്-II, ബിഎസ്-III വിഭാഗങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് പുതിയ ഭേദഗതി കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇനി മൂന്ന് മാസമായിരിക്കും പിയുസി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. വാഹനത്തിന്റെ പഴക്കമോ സ്വകാര്യ-വാണിജ്യ വിഭാഗമോ പരിഗണിക്കാതെയാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നത്.

നേരത്തേ കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം ഇത്തരം വാഹനങ്ങള്‍ക്ക് പൊതുവെ ആറുമാസത്തെ കാലാവധിയായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ നേരത്തേ തന്നെ മൂന്ന് മാസത്തിലൊരിക്കല്‍ മലിനീകരണ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

അതേസമയം, ബിഎസ്-IV വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം ആറ് മാസത്തെ ഏകീകൃത പിയുസി കാലാവധിയാണ് പുതിയ നിയമം നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ കേന്ദ്ര ചട്ടങ്ങളില്‍ ഇത് 12 മാസമായിരുന്നെങ്കിലും ചില സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന മേഖലയുടെ ഭാഗങ്ങളിലും ആറുമാസത്തെ കാലാവധി നിലവിലുണ്ടായിരുന്നു.

പിയുസി പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതിയ ചട്ടത്തില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമവും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള പിയുസി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് പത്ത് ദിവസത്തിനുള്ളില്‍ പരിശോധന നടത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നേടിയാല്‍, പഴയ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സര്‍ട്ടിഫിക്കറ്റിന്റെ പ്രാബല്യം.

എന്നാല്‍ നിലവിലുള്ള സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച ശേഷമാണ് പരിശോധന നടത്തുന്നതെങ്കില്‍, പരിശോധന നടത്തിയ ദിവസം മുതലായിരിക്കും പുതിയ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആരംഭിക്കുക. അതായത്, കാലാവധി കഴിഞ്ഞ് പുതുക്കുന്നവര്‍ക്ക് ഇടവേളയിലെ ദിവസങ്ങളുടെ ആനുകൂല്യം ലഭിക്കില്ല.

നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്ത് സംഭവിക്കും?

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നല്‍കിയിട്ടുള്ള പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ യഥാര്‍ഥ കാലാവധി അവസാനിക്കുന്നതുവരെ സാധുവായിരിക്കും. അതിനാല്‍ നിലവില്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വാഹന ഉടമകള്‍ ഉടന്‍ പുതിയ പരിശോധന നടത്തേണ്ടതില്ല.

നിലവിലുള്ള സര്‍ട്ടിഫിക്കറ്റ് ആദ്യമായി പുതുക്കുന്ന സമയത്തായിരിക്കും പുതിയ കാലാവധി വ്യവസ്ഥകള്‍ ബാധകമാകുക. വാഹനത്തിന്റെ പ്രായവും മലിനീകരണ നിലവാരവും അനുസരിച്ച് ഇനി എത്ര ഇടവേളയില്‍ പിയുസി പുതുക്കണമെന്ന് വാഹന ഉടമകള്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.

Summary

The Central Government has introduced major changes to the validity period of Pollution Under Control (PUC) certificates for vehicles. Under the revised rules, certificate renewal intervals will depend on the vehicle's age, Bharat Stage (BS) emission standards and whether it falls under the private or commercial category. The Ministry of Road Transport and Highways has issued an amendment notification, and the new rules have come into effect following their publication in the Official Gazette.