സെവന്‍ സീറ്റര്‍ സെഗ്മെന്‍റില്‍ മത്സരം കടുക്കും; നിസാൻ ടെക്റ്റൺ 7 സീറ്റര്‍ എത്തുന്നു

അടുത്തിടെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങളിൽ വാഹനത്തിന്റെ ഡിസൈൻ, അധിക സീറ്റുകൾക്കുള്ള സൗകര്യം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിവീല്‍ ആയിട്ടുണ്ട്
സെവന്‍ സീറ്റര്‍ സെഗ്മെന്‍റില്‍ മത്സരം കടുക്കും; നിസാൻ ടെക്റ്റൺ 7 സീറ്റര്‍ എത്തുന്നു
Published on: 

ഇന്ത്യൻ എസ്‌യുവി വിപണിയിൽ മത്സരം കടുപ്പിക്കാൻ നിസാൻ. പുതിയ ടെക്റ്റൺ എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചു. അടുത്തിടെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങളിൽ വാഹനത്തിന്റെ ഡിസൈൻ, അധിക സീറ്റുകൾക്കുള്ള സൗകര്യം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിവീല്‍ ആയിട്ടുണ്ട്. ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒ തുടങ്ങിയ മോഡലുകൾക്ക് പുതിയ നിസാൻ എസ്‌യുവി വെല്ലുവിളിയാകുമെന്നാണ് വാഹന രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നീളം കൂടിയ ബോഡി, കൂടുതൽ സ്ഥലസൗകര്യം

അഞ്ച് സീറ്റർ ടെക്റ്റണിന്റെ അടിസ്ഥാന രൂപകൽപ്പന നിലനിർത്തിയാണ് പുതിയ പതിപ്പ് ഒരുങ്ങുന്നത്. മൂന്നാം നിര സീറ്റുകൾ ഉൾപ്പെടുത്തുന്നതിനായി വാഹനത്തിന്റെ ബോഡിക്ക് നീളം കൂട്ടിയിട്ടുണ്ട്. 2027-ലെ ഇന്ത്യയിലെ വാഹന പദ്ധതിയുടെ ഭാഗമായാണ് മൂന്ന് നിരകളുള്ള എസ്‌യുവി എത്തുന്നത്. രണ്ട് മോഡലുകളും സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിലാണ് നിർമിക്കുന്നതെങ്കിലും, ഏഴ് സീറ്റർ പതിപ്പ് നിലവിലുള്ള ടെക്റ്റണിന്റെ നീളം കൂട്ടിയ രൂപം മാത്രമായിരിക്കില്ലെന്നാണ് സൂചന. ഏകദേശം 2,657 മില്ലിമീറ്റർ വീൽബേസ് ലഭിച്ചേക്കും. ഇത് അകത്തളത്തിലെ സ്ഥലസൗകര്യം വർധിപ്പിക്കാൻ സഹായിക്കും.

സെവന്‍ സീറ്റര്‍ സെഗ്മെന്‍റില്‍ മത്സരം കടുക്കും; നിസാൻ ടെക്റ്റൺ 7 സീറ്റര്‍ എത്തുന്നു
ഫോക്സ് വാ​ഗണും കളത്തിലേക്ക്; ഇന്ത്യൻ നിരത്തുകളിലെത്താനിരിക്കുന്നത് കിടിലൻ എസ്‌യുവികൾ

പുതിയ അലോയ് വീലുകളും പിൻഭാഗത്തെ മാറ്റങ്ങളും

പരീക്ഷണ വാഹനത്തിൽ 18 ഇഞ്ച് അലോയ് വീലുകളും 225/60 വിഭാഗത്തിലുള്ള ടയറുകളുമാണ് കാണുന്നത്. അഞ്ച് സീറ്റർ പതിപ്പിലെ 225/55 ടയറുകളെ അപേക്ഷിച്ച് കൂടുതൽ ഉയരമുള്ള സൈഡ്‌വാളാണ് പുതിയ മോഡലിലുള്ളത്. മുൻവശത്ത് എൽ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ ഉൾപ്പെടെയുള്ള ടെക്റ്റണിന്റെ ഡിസൈൻ ഘടകങ്ങൾ തുടരും. എന്നാൽ ബമ്പറിന്റെ ഇരുവശത്തും ലംബമായ ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിൻഭാഗത്താണ് കൂടുതൽ വ്യത്യാസങ്ങൾ പ്രതീക്ഷിക്കുന്നത്. ബന്ധിപ്പിച്ച എൽഇഡി ടെയിൽലൈറ്റ് ഡിസൈനും ബമ്പറിന്റെ താഴ്ഭാഗത്ത് നൽകിയ നമ്പർ പ്ലേറ്റ് സ്ഥാനവും പുതിയ മോഡലിനെ അഞ്ച് സീറ്റർ പതിപ്പിൽനിന്ന് വേറിട്ടുനിർത്തും.

റഡാർ അധിഷ്ഠിത എഡിഎഎസ് സുരക്ഷ

പുതിയ പരീക്ഷണ ചിത്രങ്ങളിൽ മുൻ ബമ്പറിൽ രണ്ട് മില്ലിമീറ്റർ വേവ് റഡാർ സെൻസറുകൾ കാണാം. ഉൽപ്പാദന മോഡലിലും ഇവ ഉൾപ്പെടുത്തിയാൽ നിലവിലെ അഞ്ച് സീറ്റർ ടെക്റ്റണിനേക്കാൾ വിപുലമായ നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ ലഭിച്ചേക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മുന്നറിയിപ്പ്, ട്രാഫിക് സൈൻ തിരിച്ചറിയൽ തുടങ്ങിയ സംവിധാനങ്ങൾ അഞ്ച് സീറ്റർ ടെക്റ്റണിൽ ലഭ്യമാണ്. പുതിയ പതിപ്പിലെ സുരക്ഷാ ഫീച്ചറുകളുടെ പൂർണവിവരങ്ങൾ നിസാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ പ്രതീക്ഷ

പുതിയ ഏഴ് സീറ്റർ എസ്‌യുവിയുടെ എൻജിൻ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 163 പിഎസ് കരുത്തും 280 എൻഎം ടോർക്കും നൽകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് വെറ്റ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് ഓപ്ഷനുകളും പ്രതീക്ഷിക്കുന്നു. അഞ്ച് സീറ്റർ ടെക്റ്റണിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും ലഭിച്ചേക്കും. ഏഴ് സീറ്റർ പതിപ്പിന് ഏകദേശം 18 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ല. വിപണിയിലെത്തിയാൽ ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒ എന്നിവയുമായിരിക്കും പ്രധാന മത്സരം.

Summary

The Nissan Tekton 7-seater SUV is set to enter the Indian market. With a longer body, additional seating capacity and advanced safety features, experts believe it could pose a challenge to the Tata Safari, Hyundai Alcazar and Mahindra XUV 7XO.

Madism Digital
madismdigital.com