2027-ൽ മൂന്ന് പുതിയ എസ്‌യുവികളുമായി നിസാൻ; പട്രോളും ടെറാനോയും ഇന്ത്യയിലേക്ക്

മൂന്ന് വ്യത്യസ്ത എസ്‌യുവി മോഡലുകളിലൂടെ ഇന്ത്യൻ വാഹനവിപണിയിൽ സാന്നിധ്യം ശക്തമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
2027-ൽ മൂന്ന് പുതിയ എസ്‌യുവികളുമായി നിസാൻ; പട്രോളും ടെറാനോയും ഇന്ത്യയിലേക്ക്
Published on: 

ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. 2027-ൽ മൂന്ന് പുതിയ എസ്‌യുവികൾ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. ടെക്ടൺ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി, ആഡംബര ഫ്ലാഗ്ഷിപ്പ് മോഡലായ നിസാൻ പട്രോൾ, ടെറാനോ പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നിവയാണ് പുതിയ മോഡലുകൾ. വിവിധ വിഭാഗങ്ങളിലായി വാഹന നിര വിപുലീകരിച്ച് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുകയാണ് നിസാന്റെ ലക്ഷ്യം.

2027-ൽ മൂന്ന് പുതിയ എസ്‌യുവികളുമായി നിസാൻ; പട്രോളും ടെറാനോയും ഇന്ത്യയിലേക്ക്
പുതിയ പ്ലാറ്റ്ഫോം, ഫ്യൂച്ചറിസ്റ്റിക് ബോക്സി ഡിസൈൻ; ടാറ്റയോട് മുട്ടാൻ മഹീന്ദ്രയുടെ പുതിയ എസ് യു വി എത്തുന്നു

ടെക്ടണിന്റെ സെവന്‍ സീറ്റർ

നിസാൻ ടെക്ടൺ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവിയാണ് ആദ്യമെത്തുക. 2027-ന്റെ ആദ്യ പകുതിയിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മൂന്നാം നിര സീറ്റുകൾ ഉൾപ്പെടുത്തുന്നതിനായി വാഹനത്തിന്റെ വലിപ്പം വർധിപ്പിച്ചിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാംപുകൾ, പുതിയ ബമ്പറുകൾ എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ. 

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. 1.3 ലീറ്റർ ടർബോ ചാര്‍ജ്ട് പെട്രോൾ എൻജിനായിരിക്കും. 163 പിഎസ് കരുത്തും 280 എൻഎം ടോർക്കും ലഭിക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് വെറ്റ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമുണ്ടാകും. 18 മുതൽ 22 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.

ആഡംബര നിരയിൽ നിസാൻ പട്രോൾ 

ടൊയോട്ട ലാൻഡ് ക്രൂസർ LC300, റേഞ്ച് റോവർ തുടങ്ങിയ ആഡംബര എസ്‌യുവികളുമായാണ് നിസാന്‍ പട്രോളിന്‍റെ പ്രധാന മത്സരം. നിസാന്റെ ആഗോള വിപണിയിലെ ശ്രദ്ധേയമായ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ പട്രോൾ 2027 മധ്യത്തോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 

വിദേശത്ത് നിർമിച്ച് നേരിട്ട് റോഡിലിറക്കാൻ പാകത്തിൽ ഇറക്കുമതി ചെയ്തായിരിക്കും വിൽപ്പന. 3.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി6, 3.5 ലിറ്റർ ട്വിൻ ടർബോ വി6 പെട്രോൾ എൻജിൻ ഓപ്ഷനുകൾ ആഗോള വിപണിയിലുണ്ട്. ഇന്ത്യയിലെത്തുന്ന പതിപ്പിന്റെ എൻജിൻ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 

ഹൈബ്രിഡ് കരുത്തിൽ ടെറാനോ

നിരയിലെ മൂന്നാമത്തെ മോഡലായ ടെറാനോ PHEV പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് എത്തുന്നത്. ബോക്സി ഡിസൈൻ, മികച്ച ഇന്റീരിയർ, വിശാലമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സവിശേഷതകൾ ഈ വാഹനത്തിലുണ്ടാകും.

ലാഡർ ഫ്രെയിം ഷാസി അടിസ്ഥാനമാക്കി നിർമിക്കുന്ന എസ്‌യുവിക്ക് ഏകദേശം 40 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില. ടൊയോട്ട ഫോർച്യൂണർ അടക്കമുള്ള മോഡലുകളോടായിരിക്കും ടെറാനോയുടെ മത്സരം. മൂന്ന് വ്യത്യസ്ത എസ്‌യുവികളിലൂടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് നിസാൻ ലക്ഷ്യമിടുന്നത്.

Summary

Nissan is planning a major comeback in the Indian automobile market in 2027 with three new SUV models. The lineup is expected to include a seven-seater version of the Tekton, the premium flagship Patrol, and the Terrano plug-in hybrid. With these launches, the company aims to strengthen its presence across different SUV segments and attract more Indian buyers.