

കേരളത്തിലെ പഴയ മോഡൽ ജീപ്പുകൾക്ക് വീണ്ടും പ്രിയമേറുന്നു. ഒരുകാലത്ത് ഹൈറേഞ്ച് മേഖലകളിൽ മാത്രം കൂടുതൽ ഉപയോഗിച്ചിരുന്ന ഈ കരുത്തൻ വാഹനങ്ങൾക്ക് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാര . ആവശ്യക്കാർ ഏറെയാണ്. വാഹനത്തിന്റെ ഡിമാന്റ് വർധിച്ചതോടെ തമിഴ്നാട് മുതൽ രാജസ്ഥാൻ വരെയുള്ള സംസ്ഥാനങ്ങളിൽനിന്ന് പഴയ ജീപ്പുകൾ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. മോഡലും വാഹനത്തിന്റെ കണ്ടീഷനും അനുസരിച്ച് മൂന്നര ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് വില.
ഇടുക്കി, വയനാട് ജില്ലകളിലെ മലമ്പ്രദേശങ്ങളിലായിരുന്നു നേരത്തേ പഴയ ജീപ്പുകൾക്ക് പ്രധാനമായും ആവശ്യക്കാരുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ ജില്ലകളിലേക്കും വിപണി വ്യാപിച്ചിരിക്കുകയാണ്. മറ്റ് ആധുനിക വാഹനങ്ങൾ സ്വന്തമായുള്ളവരാണ് ജീപ്പ് വാങ്ങുന്നവരിൽ ഏറെയും. പരുക്കൻ ഭൂപ്രദേശങ്ങളിലൂടെ വാഹനം ഓടിക്കുന്നതിന്റെ വ്യത്യസ്തമായ അനുഭവവും ഡ്രൈവിങ് ആവേശവുമാണ് പലരെയും പഴയ ജീപ്പുകളിലേക്ക് ആകർഷിക്കുന്നത്. ആവശ്യക്കാർക്ക് വില വലിയ തടസ്സമാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഹൈറേഞ്ചിലെ ദുർഘടമായ 'ചെകുത്താൻ വഴികളിലൂടെ' ചരക്കുകൾ കൊണ്ടുപോകാൻ പഴയ ജീപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയതോടെ ഓഫ്റോഡ് യാത്രകൾക്കും മറ്റുമായി ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുമുണ്ട്. ഏലം തോട്ടങ്ങളിലേക്ക് തൊഴിലാളികളെയും അവശ്യസാധനങ്ങളും എത്തിക്കുന്നതിനും പഴയ ജീപ്പുകൾ ഉപയോഗിക്കുന്നുണ്ട്.
ആധുനിക വാഹനങ്ങളിലെ സങ്കീർണമായ ഇലക്ട്രോണിക് സംവിധാനങ്ങളും സെൻസറുകളും ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ താരതമ്യേന എളുപ്പമാണെന്നതും പഴയ ജീപ്പുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. 2010-ലാണ് മഹീന്ദ്ര പഴയ മോഡൽ ജീപ്പുകളുടെ നിർമാണം അവസാനിപ്പിച്ചത്. എന്നിരുന്നാലും, കരുത്തും പ്രായോഗികതയും വേറിട്ട ഡ്രൈവിങ് അനുഭവവും ഈ വാഹനങ്ങളെ വിപണിയിൽ വീണ്ടും സജീവമാക്കുന്നു.
പഴയ വില്ലീസ് ജീപ്പുകൾ മുതൽ പുതിയ തലമുറ ഇലക്ട്രിക് എസ്യുവികൾ വരെയുള്ള വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ശ്രദ്ധ നേടിയിരുന്നു. സാമൂഹിക മാധ്യമമായ എക്സിൽ അദ്ദേഹം പങ്കുവെച്ച എ.ഐ. നിർമിത വീഡിയോയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
മഹീന്ദ്രയുടെ പഴയ മോഡലുകൾക്കു പുറമേ വില്ലീസ്, മാരുതി ജീപ്പുകൾക്കും ഹൈറേഞ്ചിൽ ആവശ്യക്കാരുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങൾ കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇടനിലക്കാർ ഒരു ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് വിവരം. വാഹനത്തിന്റെ വിലയ്ക്കു പുറമേ ഗതാഗതച്ചെലവും രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട ചെലവുകളും വാങ്ങുന്നവർ വഹിക്കേണ്ടിവരും.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പഴയ ജീപ്പുകൾക്ക് ചട്ടങ്ങൾ പാലിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഇടുക്കി ആർടിഒപിഎ സമീർ വ്യക്തമാക്കി. സാധാരണ വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. നേരത്തേ സൈന്യത്തിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങളും കേരളത്തിലെത്തുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്ക് 15 വർഷത്തെ ഫിറ്റ്നസ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Old-model jeeps are regaining popularity in Kerala, with vehicles arriving from various states, from Tamil Nadu to Rajasthan. Priced between ₹3.5 lakh and ₹10 lakh, these jeeps attract buyers primarily for the unique driving experience they offer across rugged terrain.