

ഇന്ത്യയിൽ ആദ്യമയി ഒരു ഹാച്ച് ബാക്ക് കാറിൽ മൈക്രോ എസ് യുവി ലുക്ക് പരീക്ഷച്ച മോഡലാണ് റെനോ ക്വിഡ്. പ്രതീക്ഷിച്ചത്പോലെ ഇന്ത്യക്കാർക്ക് ആ മോഡൽ വല്ലാതെ ഇഷ്ടപ്പെട്ടു. ഇപ്പോഴിതാ ക്വിഡിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോൾട്ട്. വാഹനം ജൂലൈ മുന്നിന് വിപണിയിലെത്തുമെന്നാണ് സൂചന. പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ ഓട്ടോകാര്‍ഇന്ത്യയാണ് വാർത്ത പുറത്തുവിട്ടത്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ സ്പെക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഡാസിയ സ്പ്രിംഗ് ഇലക്ട്രിക് കാറിന്റെ ഡിസൈൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റെനോ ക്വിഡ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ ആധുനികവും സ്‌പോർട്ടിയുമായ എക്സ്റ്റീരിയർ ഡിസൈനിനൊപ്പം മുൻവശത്ത് Y-ഷേപ്പ് എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ ഉൾപ്പെടെയുള്ള പുതുമകളും പ്രതീക്ഷിക്കുന്നു. ഈ മാറ്റങ്ങൾ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്കും റോഡ് പ്രെസൻസും നൽകുമെന്നാണ് വിലയിരുത്തൽ. പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ, നവീകരിച്ച ഫ്രണ്ട് ഗ്രിൽ, കൂടുതൽ ആകർഷകമായ സ്റ്റൈലിംഗ് ഘടകങ്ങൾ എന്നിവയും പുതിയ റെനോ ക്വിഡിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
നിലവിലെ മോഡലിന്റെ എസ്‌യുവി സ്വഭാവമുള്ള ക്രോസ്ഓവർ സ്റ്റാൻസ് നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ യൂറോപ്യൻ ഡിസൈൻ ശൈലി വാഹനത്തിൽ വാഹനുണ്ടാകുമെന്നാണ് കരുതുന്നത്. എക്സ്റ്റീരിയറിലെ മാറ്റങ്ങൾക്ക് സമാനമായി, കൂടുതൽ ആധുനികമായ ഫീച്ചറുകളും മെച്ചപ്പെട്ട പ്രീമിയം എക്സ്പീരിയൻസും നൽകുന്ന രീതിയിലായിരിക്കും കാബിനിന്റെയും പുതുക്കിയ ഡിസൈൻ. നിലവിലെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് പകരം കൂടുതൽ വലിപ്പമുള്ള ആധുനിക ടച്ച്സ്ക്രീൻ സിസ്റ്റമായിരിക്കും പുതിയ ക്വിഡിൽ ഇടംപിടിക്കുക. പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം കാബിനിലെ മെറ്റീരിയലുകളുടെ നിർമാണ നിലവാരവും മെച്ചപ്പെടുത്തി, എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കൂടുതൽ പ്രീമിയം എക്സ്പീരിയൻസ് നൽകാനാണ് റെനോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എഞ്ചിനിലും മറ്റു മെക്കാനിക്കൽ സൈഡിലും വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നത്. നിലവിലെ 1.0 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ തന്നെ പുതിയ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിലും തുടരും. 67 bhp കരുത്തും 91 Nm ടോർക്കും നൽകുന്ന ഈ എൻജിൻ, സിറ്റി ഡ്രൈവിൽ മികച്ച പെർഫോമെൻസും മൈലേജും നൽകുന്നതാണ്.
ഇന്ധനക്ഷമതയും കുറഞ്ഞ മെയിന്റനൻസ് കോസ്റ്റും ഉറപ്പാക്കുന്ന അതേ പവർട്രെയിൻ തന്നെയായിരിക്കും പുതിയ ക്വിഡിലും തുടരുകയെന്നാണ് പ്രതീക്ഷ. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം, ഉയർന്ന വേരിയന്റുകളിൽ 5-സ്പീഡ് എഎംടി ഓപ്ഷനും ലഭ്യമാകാൻ സാധ്യതയുണ്ട്. സിറ്റി ട്രാഫിക്കിൽ കൂടുതൽ സൗകര്യപ്രദമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകാൻ എഎംടി പതിപ്പിനാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഈ പതിപ്പിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ നിലവിലെ മോഡലിനെ അപേക്ഷിച്ച് വിലയുടെ കാര്യത്തിൽ നേരിയ വർധനവ് മാത്രമേ പുതുക്കിയ പതിപ്പിനുണ്ടാവുകയുള്ളൂ. എതിരാളികളോട് മുട്ടിനിൽക്കാവുന്ന വിലയിലാണ് വാഹനം വിപണിയിലെത്തുക. അതുകൊണ്ട് തന്നെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മന്റിൽ സാന്നിധ്യമുറപ്പിക്കാനാകുമെന്നാണ് റെനോ പ്രതീക്ഷിക്കുന്നത്.
The Renault Kwid facelift is expected to feature a fresh design inspired by the Dacia Spring, with Y-shaped LED lighting, new alloy wheels, a redesigned grille, and a more premium cabin. It is also likely to get a larger touchscreen infotainment system, a digital instrument cluster, and wireless connectivity. Mechanically, the hatchback is expected to retain the existing 1.0-litre petrol engine with manual and AMT gearbox options. Expected to launch with a slight price hike, the new Kwid will compete with the Maruti Suzuki Alto K10 and S-Presso in the entry-level hatchback segment.