

പറക്കും കാർ സാങ്കേതികവിദ്യയിൽ നിർണായക മുന്നേറ്റവുമായി ചൈനീസ് വാഹന നിർമാതാക്കളായ എക്സ്പെങ്. ഇലോൺ മസ്‌കിന്റെ ടെസ്‌ല പറക്കും കാര്‍ കൺസെപ്റ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് പറക്കും കാറുമായി എക്സ്പെങ് രംഗത്തെത്തുന്നത്. 2027ൽ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഏകദേശം മൂന്ന് ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്ന വാഹനത്തിന് ആദ്യഘട്ടത്തിൽ ചൈനയിലെ ഗ്രാമപ്രദേശങ്ങളിലെ വിനോദസഞ്ചാരികളെയും സാഹസിക യാത്രികരെയുമാണ് ലക്ഷ്യമിടുന്നത്.
റോഡ് മാർഗം എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ അടിയന്തര സേവനങ്ങൾക്കും വാഹനം പ്രയോജനപ്പെടുത്താമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ലിസ്ബണിൽ നടന്ന വെബ് ഉച്ചകോടിയിൽ എക്സ്പെങ്ങിന്റെ പറക്കും വാഹന വിഭാഗം സി.ഇ.ഒ ഡെലി ഷാവോയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ പത്ത് വർഷത്തോളമായി വാഹനത്തിന്റെ രൂപകൽപ്പനയും വികസനവും പരീക്ഷണങ്ങളും നടന്നുവരികയാണെന്നും ചൈനയിലെ സിവിൽ ഏവിയേഷൻ അധികൃതരിൽനിന്ന് പരിമിതമായ ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത കാറുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയാണ് എക്സ്പെങ്ങിന്റെ പറക്കും വാഹനത്തിനുള്ളത്. റോഡിലൂടെ സഞ്ചരിക്കാൻ ചക്രങ്ങളില്ലാത്ത വാഹനത്തിൽ ആറ് ഇലക്ട്രിക് പ്രൊപ്പല്ലറുകളാണുള്ളത്. ഇവയുടെ സഹായത്തോടെയാണ് വാഹനം വായുവിലേക്ക് ഉയരുന്നത്. രണ്ട് പേർക്ക് ഇരിക്കാവുന്ന ചെറിയ ക്യാബിനുള്ള വാഹനത്തിന് വലിപ്പത്തിൽ ഫിയറ്റ് 500 കാറിനോട് സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജോയിസ്റ്റിക് ഉപയോഗിച്ചാണ് വാഹനത്തിന്റെ പറക്കൽ നിയന്ത്രിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ തുടർച്ചയായ മാനുവൽ നിയന്ത്രണം കൂടാതെ സഞ്ചരിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. അഞ്ച് മിനിറ്റ് പരിശീലനം ലഭിച്ചാൽ സാധാരണക്കാർക്ക് വാഹനം പറത്താൻ പഠിക്കാനാകുമെന്നും ഡെലി ഷാവോ പറയുന്നു. എന്നാൽ പൊതുജനങ്ങളുടെ ഉപയോഗത്തിനാവശ്യമായ പരിശീലനം, ലൈസൻസ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
പറക്കും കാർ മാത്രമല്ല, അത് കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആറ് ചക്രങ്ങളുള്ള വാനും പാക്കേജിന്റെ ഭാഗമാണ്. ഫോർഡ് ട്രാൻസിറ്റ് വാനിനോട് സാമ്യമുള്ള വലിപ്പത്തിലുള്ള വാഹനത്തിന്റെ പിൻഭാഗത്തുനിന്ന് പറക്കും കാർ പുറത്തെടുത്ത് അതിന്റെ ഘടകങ്ങൾ തുറന്ന് പറക്കാൻ സജ്ജമാക്കാനാകും. ഹോളിവുഡ് സിനിമയായ 'ട്രാൻസ്ഫോർമേഴ്സി'ലെ രൂപം മാറുന്ന വാഹനങ്ങളോടാണ് ഈ സംവിധാനത്തെ കമ്പനി താരതമ്യം ചെയ്യുന്നത്.
നിലവിലെ മോഡലിന് ഒറ്റ ചാർജിൽ ഏകദേശം 30 കിലോമീറ്റർ ദൂരം പറക്കാൻ ശേഷിയുണ്ട്. പരമാവധി ഒരു കിലോമീറ്റർ ഉയരത്തിലെത്താനും വാഹനത്തിന് കഴിയും. ഭാവിയിൽ പറക്കൽദൂരം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ബാറ്ററിയുടെ ഊർജസാന്ദ്രത കിലോഗ്രാമിന് 400 വാട്ട് അവർ എന്ന നിലയിലേക്ക് ഉയർത്താനുള്ള ഗവേഷണവും വികസനപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. എന്നാൽ ഈ ലക്ഷ്യം ഇതുവരെ കൈവരിച്ചതായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
താഴ്ന്ന ഉയരത്തിലുള്ള വ്യോമഗതാഗത മേഖലയുടെ വികസനത്തിന് ചൈന നൽകുന്ന പ്രോത്സാഹനത്തിന്റെ ഭാഗമായാണ് എക്സ്പെങ്ങിന്റെ നീക്കം. ഡ്രോൺ സേവനങ്ങൾ, ചരക്കുനീക്കം, ചെറുവിമാനങ്ങൾ, പറക്കും കാറുകൾ തുടങ്ങിയ മേഖലകളെ വളർത്തുകയാണ് ചൈനയുടെ ലക്ഷ്യം. രാജ്യത്ത് ഏകദേശം 20 കമ്പനികൾ പറക്കും വാഹനങ്ങളുടെ വികസനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുഎഇയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും വിപണികളിൽ സാധ്യതകൾ തേടി എക്സ്പെങ് കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ വിപണിയിലും സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
പറക്കും വാഹന സാങ്കേതികവിദ്യയിൽ ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകുകയാണ്. അടുത്തിടെ ഇലോൺ മസ്‌ക് ഉയർന്ന മർദത്തിലുള്ള വാതകത്തിന്റെ സഹായത്തോടെ വായുവിലേക്ക് ഉയർന്ന് അഭ്യാസപ്രകടനങ്ങൾ നടത്താൻ കഴിയുന്ന ഒരു കൺസെപ്റ്റ് വാഹനം അവതരിപ്പിച്ചിരുന്നു.
എന്നാൽ മസ്‌കിന്റെ ഈ ആശയത്തെ യഥാർഥ വിമാനയാത്രയേക്കാൾ ഒരു കുതിച്ചുചാട്ടത്തോടാണ് എക്സ്പെങ് സി.ഇ.ഒ ഡെലി ഷാവോ താരതമ്യം ചെയ്തത്. സ്ഥിരതയുള്ള വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2027ൽ എക്സ്പെങ്ങിന്റെ പറക്കും കാർ വിപണിയിലെത്തുന്നതോടെ വ്യക്തിഗത വ്യോമഗതാഗത രംഗത്ത് പുതിയ അധ്യായം തുറക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നാൽ ഉയർന്ന വില, സുരക്ഷാ മാനദണ്ഡങ്ങൾ, നിയന്ത്രണാനുമതികൾ, പരിമിതമായ പറക്കൽദൂരം തുടങ്ങിയ ഘടകങ്ങൾ ഈ സാങ്കേതികവിദ്യയുടെ വ്യാപകമായ സ്വീകാര്യതയെ എത്രത്തോളം സ്വാധീനിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.
Chinese automaker XPeng's electric flying car, scheduled to hit the market in 2027, poses a challenge to Tesla's concept vehicle. The two-seater aircraft flies without wheels, using six electric propellers. With a flying range of 30 kilometres, the vehicle is primarily targeting tourists in China's rural areas.