ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗം പോലെ, നിരത്തുകളിൽ കുതിച്ചുപായുക മാത്രമല്ല, ആകാശത്ത് ഒരു ഫൈറ്റ് ജെറ്റ് പോലെ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സ്പോർട്സ് കാറിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും ഇതാണ് ഇപ്പോൾ വാഹനലോകത്തെ ഏറ്റവും പുതി ചർച്ച. വെറും ചർച്ച മാത്രമല്ല, അങ്ങനെ ഒരു കാർ ദാ എല്ലാരുടെയും മുന്നിലെത്തിയിരിക്കുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ പുതിയ 'റോഡ്സ്റ്റർ' കാറുകളാണ് വെറുമൊരു സൂപ്പർ കാർ എന്നതിനപ്പുറം റോക്കറ്റ് സാങ്കേതികവിദ്യയുമായി നിരത്തുകളിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്.
2017-ൽ ആദ്യമായി പ്രഖ്യാപിച്ചതിന് ശേഷം, നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിനും ലക്ഷക്കണക്കിന് ഡോളറുകളുടെ ബുക്കിങുകൾക്കുമൊടുവിലാണ് ടെസ്ല തങ്ങളുടെ രണ്ടാം തലമുറ റോഡ്സ്റ്റർ കാർ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. ടെക്സാസിലെ സ്പേസ് എക്സിന്റെ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാഹനം വായുവിൽ മലക്കം മറിയുന്നതും ട്രക്കുകൾക്ക് മുകളിലൂടെ പറക്കുന്നതും ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് കമ്പനി കാഴ്ചവെച്ചത്.
ടെസ്ലയുടെ പുതിയ റോഡ്സ്റ്റർ പ്രധാനമായും പെർഫോമൻസ്, ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുക. ഇതിൽ ഏറ്റവും ഉയർന്ന മോഡലായ റോക്കറ്റ് പതിപ്പാണ് ഏവരെയും ഞെട്ടിക്കുന്നത്. കംപ്രസ്ഡ് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 10 ത്രസ്റ്ററുകളുള്ള ഒരു സമ്പൂർണ ഫ്ലൈറ്റ് സിസ്റ്റമാണ് ഈ കാറിൽ ഘടിപ്പിച്ചിരിക്കുന്നത്.
ഇത് ഉപയോഗിച്ച് കാറിന് വായുവിൽ ഉയർന്നുപൊങ്ങാനും മലക്കം മറിയാനും വലിയ ട്രക്കുകൾക്ക് മുകളിലൂടെ ചാടാനും വരെ സാധിക്കുമെന്ന് ടെസ്ല അവകാശപ്പെടുന്നു. വെറും 0.81 സെക്കൻഡുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് സാധിക്കുമെന്നത് ഇതിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
അടിസ്ഥാന മോഡലാ പെർഫോമൻസ് വേരിയന്റിൽ ഈ റോക്കറ്റ് ത്രസ്റ്ററുകൾ ഉണ്ടായിരിക്കില്ല. എന്നാൽ രണ്ടാമത്തെ മോഡലായ ത്രസ്റ്റ് വേരിയന്റിൽ കാറിന്റെ പിന്നിലായി ആക്സിലറേഷൻ ബൂസ്റ്ററുകൾ നൽകിയിട്ടുണ്ട്. ഈ മൂന്ന് മോഡലുകളിലും റോഡിൽ മികച്ച ഗ്രിപ്പ് നൽകുന്നതിനായി ഫാൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സക്ഷൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിന്റെ സഹായത്തോടെ തലകീഴായി വരെ കാർ ഓടിക്കാൻ സാധിക്കുമെന്നാണ് കമ്പനി അടുത്തിടെ നടന്ന അവതരണ പരിപാടിയിൽ കാണിച്ചുതന്നത്.
അതേസമയം, ഏറ്റവും മികച്ച ഫീച്ചറുകളുള്ള റോക്കറ്റ് വേരിയന്റ് പണം കൊടുത്താൽ മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒന്നല്ല. ടെസ്ല നേരിട്ട് ക്ഷണിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ സിംഗിൾ സീറ്റർ കാർ വാങ്ങാൻ അവസരമുള്ളൂ. പെർഫോമൻസ് മോഡൽ ബുക്ക് ചെയ്യാൻ 50,000 ഡോളറും, ത്രസ്റ്റ് മോഡലിന് 2,50,000 ഡോളറുമാണ് കമ്പനി അഡ്വാൻസ് തുകയായി നിശ്ചയിച്ചിരിക്കുന്നത്.
പല കാരണങ്ങൾ കൊണ്ടും വൈകിയെങ്കിലും, 2028-ഓടെ ഇത് നിരത്തുകളിൽ എത്തുമെന്നാണ് ടെസ്ല ഇപ്പോൾ പറയുന്നത്. എന്നാൽ ഇത്രയും വലിയ ശബ്ദവും പറക്കുന്ന സാങ്കേതികവിദ്യയും ഉള്ള ഒരു വാഹനം സാധാരണ റോഡുകളിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപരമായ കാര്യങ്ങളിൽ ഇപ്പോഴും വലിയ വ്യക്തത വന്നിട്ടില്ല. നിലവിലെ വാർത്തകൾ സത്യമാവുകയാണെങ്കിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ഇലക്ട്രിക് സ്പോർട്സ് കാറായിരിക്കും ടെസ്ലയുടെ റോഡ്സ്റ്റർ.
After a nine-year wait, Tesla has officially unveiled its second-generation Roadster. Equipped with SpaceX-inspired technology, the top-tier 'Rocket' variant features 10 cold-gas thrusters capable of executing mid-air stunts, including jumps and barrel rolls. The electric supercar claims a 0-100 kmph acceleration in just 0.81 seconds and will be available in three variants: Performance, Thrust, and the invite-only Rocket. The launch is targeted for 2028.