

ബജാജ് പൾസർ RS200 നെ മുഖംമിനുക്കി വിപണിയിൽ അവതരിപ്പിക്കാനുള്ള പ്ലാനിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ് ഓട്ടോ. പുതുക്കിയ പതിപ്പിന്റ പരീക്ഷണയോട്ടത്തിനിടെ പുതിയ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സസ്പെൻസ് പൊളിഞ്ഞ്, ബൈക്കിൽ വരാനിരിക്കുന്ന മാറ്റങ്ങളും വ്യക്തമായിട്ടുണ്ട്. ഡിസൈനിൽ വലിയ പരിഷ്കാരങ്ങൾ ഉണ്ടാകില്ലെങ്കിലും ഹാർഡ്‌വെയറിലും സാങ്കേതിക സവിശേഷതകളിലും ശ്രദ്ധേയമായ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കാം.
യുഎസ്ഡി ഫോർക്കുകൾ എത്തും
പുതിയ RS200-ലെ പ്രധാന മാറ്റങ്ങളിലൊന്ന് മുൻ സസ്‌പെൻഷനിലായിരിക്കും. പരീക്ഷണ ബൈക്കിൽ അപ്‌സൈഡ് ഡൗൺ ഫോർക്കുകളാണ് നൽകിയിരിക്കുന്നത്. നിലവിലെ മോഡലിലെ ടെലിസ്‌കോപ്പിക് ഫോർക്കുകൾക്ക് പകരമാണിത്. പിൻഭാഗത്തെ മോണോഷോക്ക് സജ്ജീകരണത്തിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. ഡിസ്‌ക് ബ്രേക്കുകൾ, അലോയ് വീലുകൾ, ഡ്യുവൽ ചാനൽ ABS എന്നിവയും തുടർന്നേക്കും.
പുതിയ ടിഎഫ്ടി ക്ലസ്റ്റർ
പുതുക്കിയ RS200-ൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും ഇടംപിടിക്കുക. വേഗത, ഗിയർ പൊസിഷൻ, ആർപിഎം എന്നിവ കൂടുതൽ വ്യക്തമായി കാണാവുന്ന പുതിയ ലേഔട്ടാണ് പരീക്ഷണ മോഡലിൽ കാണുന്നത്. പുതുക്കിയ സ്വിച്ച് ഗിയർ, ഹസാർഡ് ലൈറ്റ് സ്വിച്ച്, ക്രമീകരിക്കാവുന്ന ക്ലച്ച്-ബ്രേക്ക് ലിവറുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയും ലഭിച്ചേക്കും.
കണക്റ്റഡ് ഫീച്ചറുകൾക്ക് സാധ്യത
പുതിയ ടിഎഫ്ടി ഡിസ്പ്ലേയുടെ വരവോടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉൾപ്പെടെയുള്ള കണക്റ്റഡ് ഫീച്ചറുകൾ RS200-ലും എത്താൻ സാധ്യതയുണ്ട്. റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ത്രോട്ടിൽ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ബജാജ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
ഡിസൈനിലും എൻജിനിലും വലിയ മാറ്റമില്ല
ഫുള്ളി ഫെയേർഡ് സ്പോർട്സ് ബൈക്കിന്റെ നിലവിലെ രൂപഭാവം തന്നെ നിലനിർത്താനാണ് ബജാജിന്റെ നീക്കമെന്നാണ് സൂചന. ട്വിൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഉയർന്ന വിൻഡ്‌സ്ക്രീൻ, ആംഗുലർ ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റ് തുടങ്ങിയവ തുടരും. നിലവിലെ 200 സിസി ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയായിരിക്കും പുതിയ മോഡലിലും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. 6-സ്പീഡ് ഗിയർബോക്സുമായി ചേർന്ന ഈ എൻജിൻ 24.5 പിഎസ് കരുത്താണ് നൽകുന്നത്. പുതിയ RS200-ന്റെ വിലയും ലോഞ്ച് തീയതിയും ബജാജ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
The new Bajaj Pulsar RS200 will feature connected technology, adjustable clutch and brake levers, and a USB charging port. The 200cc engine and 6-speed gearbox will continue unchanged.