

2026 സെപ്റ്റംബർ മുതൽ ഹ്യുണ്ടായ് കാറുകൾക്ക് വില കൂടുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ മുഴുവൻ മോഡലുകളുടേയും വിലയിൽ ഒരു ശതമാനം വരെ വർധന വരുത്തുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലും ചരക്ക് ചെലവുകളിലുമുണ്ടായ വർധനയാണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളും കമ്പനിയുടെ ചെലവുകളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അധിക ചെലവിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ കമ്പനി ശ്രമിച്ചുവരികയാണെങ്കിലും ചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ അതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരികയാണെന്ന് ഹ്യുണ്ടായ് അറിയിച്ചു. വില വർധനയുടെ കൃത്യമായ മോഡൽ തിരിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
മോഡലും വകഭേദവും അനുസരിച്ച് വില മാറും
ഹ്യുണ്ടായിയുടെ മുഴുവൻ മോഡലിലും വേരിയന്റിലും സെപ്റ്റംബർ മുതൽ വില വർധനയുണ്ടാകും. എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് ഐ10 നിയോസ് മുതൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 വരെയുള്ള വാഹനങ്ങൾക്കാണ് വില വർധന ബാധകമാകുക. നിലവിൽ ഹ്യുണ്ടായ് കാറുകളുടെ എക്സ്ഷോറൂം വില ഏകദേശം 5.60 ലക്ഷം രൂപ മുതൽ 55.70 ലക്ഷം രൂപ വരെയാണ്. അതേസമയം, ഓരോ മോഡലിനും എത്ര രൂപയുടെ വർധനയുണ്ടാകുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. മോഡലിന്റെയും വകഭേദത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വില വർധന നിശ്ചയിക്കുക. അതിനാൽ വാഹനങ്ങൾക്കനുസരിച്ച് വില കൂടുന്ന തുകയിലും വ്യത്യാസമുണ്ടാകും. പുതിയ വിലകൾ സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരും.
2026ൽ വില കൂട്ടുന്നത് മൂന്നാം തവണ
2026ൽ തന്നെ ഇത് മൂന്നാംതവണയാണ് ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിക്കുന്നത്. ജനുവരി ഒന്നുമുതൽ വാഹനങ്ങളുടെ വിലയിൽ ഏകദേശം 0.6 ശതമാനം വർധനയാണ് ആദ്യം വരുത്തിയത്. പിന്നാലെ ഏപ്രിലിൽ വീണ്ടും ഒരുശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചു. ജൂൺ ഒന്നുമുതൽ ഈ വർധന പ്രാബല്യത്തിൽ വന്നു.
അന്ന് മോഡലിനും വേരിയന്റിനും അനുസരിച്ച് ഹ്യുണ്ടായ് കാറുകളുടെ വിലയിൽ 12,800 രൂപ വരെ വർധിച്ചിരുന്നു. സെപ്റ്റംബർ മുതൽ നടപ്പാക്കാനിരിക്കുന്ന പുതിയ വർധന കൂടി പ്രാബല്യത്തിൽ വരുന്നതോടെ, ഈ വർഷം മാത്രം ഹ്യുണ്ടായ് കാറുകളുടെ വില മൂന്ന് തവണയാണ് ഉയരുന്നത്.
കയറ്റുമതിയിലും ഇടിവ്
ഈ വർഷം നിരവധി വെല്ലുവിളികളാണ് ഹ്യുണ്ടായിയുടെ ബിസിനസിനെ ബാധിച്ചത്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ കയറ്റുമതിയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷവും കമ്പനിയുടെ വിതരണക്കാരിലൊരാളായ മോബിസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തവും ഉൽപ്പാദനത്തെ താൽക്കാലികമായി ബാധിച്ചു. ഉൽപ്പാദനത്തിലുണ്ടായ ഈ തടസ്സത്തിന്റെ പ്രതിഫലനം കമ്പനിയുടെ കയറ്റുമതിയിലും പ്രകടമായി.
ഇടിഞ്ഞ് 19.6 ശതമാനം കയറ്റുമതി
ഹ്യുണ്ടായിയുടെ കയറ്റുമതിയിലും ഇടിവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഇതേ കാലയളവിൽ 48,140 വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്ന കമ്പനി, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതി ചെയ്തത് 38,708 യൂണിറ്റുകൾ മാത്രമാണ്.
ഇതോടെ കയറ്റുമതിയിൽ ഏകദേശം 19.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് സെപ്റ്റംബർ മുതൽ പുതിയ വില വർധന നടപ്പാക്കുന്നതെന്നാണ് ഹ്യുണ്ടായ് വ്യക്തമാക്കി.
Starting September 2026, all Hyundai cars in India will see a price hike for the third time. The main reasons cited are rising raw material costs, increased freight expenses, and global geopolitical uncertainties. Prices of all models and variants, from the Grand i10 Nios to the Ioniq 5, will increase by up to 1%. The exact model-wise price hike will be announced later.