കെടിഎമ്മിന് വെല്ലുവിളിയായി യമഹയുടെ പുതിയ സ്പോർട്സ് ബൈക്ക്; 'YZF-R2' ഓഗസ്റ്റിൽ ഇന്ത്യയിലെത്തും

ഏകദേശം 2 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ എക്സ്-ഷോറൂം വില.
കെടിഎമ്മിന് വെല്ലുവിളിയായി യമഹയുടെ പുതിയ സ്പോർട്സ് ബൈക്ക്; 'YZF-R2' ഓഗസ്റ്റിൽ ഇന്ത്യയിലെത്തും
Published on

ഇന്ത്യൻ സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് ആവേശമായി യമഹയുടെ പുതിയ മോഡൽ വിപണിയിലെത്തുന്നു. യമഹയുടെ ജനപ്രിയ മോഡലുകളായ R15-നും R3-ക്കും ഇടയിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ട് 'Yamaha YZF-R2' ആണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 27-ന് ഈ പുതിയ ബൈക്ക് വിപണിയിലെത്തുമെന്നാണ് വാഹനലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമ്പനിക്കുള്ളിൽ '070' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന R2-ന്റെ ആഗോള അരങ്ങേറ്റത്തിനാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിക്കുന്നത്. ആഭ്യന്തര വിപണിയിലെ വില്പനയ്ക്കും മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കുമായി യമഹയുടെ ചെന്നൈ പ്ലാന്റിലാകും ബൈക്ക് നിർമ്മിക്കുന്നത്. യമഹയുടെ ഭാവി പോർട്ട്‌ഫോളിയോ വിപുലീകരണ തന്ത്രത്തിന്റെ സുപ്രധാന ഭാഗമാണ് YZF-R2. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യൂറോപ്പ്, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി പ്രധാന വിപണികളിൽ ഈ വാഹനത്തിന്റെ ട്രേഡ്‌മാർക്ക് ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കെടിഎമ്മിന് വെല്ലുവിളിയായി യമഹയുടെ പുതിയ സ്പോർട്സ് ബൈക്ക്; 'YZF-R2' ഓഗസ്റ്റിൽ ഇന്ത്യയിലെത്തും
ഫെരാരി '12Cilindri Manuale': പൂർണമായും മാനുവൽ അല്ലാത്ത ഒരു 'മാനുവൽ' കാർ

ഇന്ത്യയിൽ അടുത്തിടെ പേറ്റന്റ് സ്വന്തമാക്കിയ NMax 155 സ്കൂട്ടർ അവതരിപ്പിക്കാനും യമഹയ്ക്ക് പദ്ധതിയുണ്ടെങ്കിലും കമ്പനിയുടെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ YZF-R2-ലേക്ക് തന്നെയാണെന്നാണ് സൂചന.

പ്ലാറ്റ്ഫോമും ഫീച്ചറുകളും

R15 V4-ന്റെ അതേ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് R2-ന്റെയും നിർമ്മാണം. ട്രാക്ക്-ഓറിയന്റഡ് സ്വഭാവം നിലനിർത്തുന്നതിനായി , മികച്ച ഹാൻഡ്‌ലിങ് ഉറപ്പുനൽകുന്ന യമഹയുടെ പ്രശസ്തമായ ഡെൽറ്റാബോക്സ് ഫ്രെയിം (Deltabox frame) ഇതിലുണ്ടാകും. സസ്പെൻഷൻ കൈകാര്യം ചെയ്യാൻ മുൻവശത്ത് USD ഫോർക്കുകളും പിന്നിൽ ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സെറ്റപ്പും നൽകും. സുരക്ഷയ്ക്കായി ഡ്യുവൽ-ചാനൽ എബിഎസോട് കൂടിയ ഡിസ്ക് ബ്രേക്കുകളായിരിക്കും മുന്നിലും പിന്നിലുമുണ്ടാകുക.

കുറഞ്ഞ എഞ്ചിൻ സ്പീഡിലും മികച്ച ടോർക്ക് നൽകാൻ സഹായിക്കുന്ന വിവിഎ (Variable Valve Actuation), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഈ ബൈക്കിൽ പ്രതീക്ഷിക്കാം.

ഇന്ത്യയിൽ നിർമ്മിക്കുന്ന 199cc സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫോർ-സ്ട്രോക്ക് എഞ്ചിനാകും YZF-R2-ന് കരുത്ത് പകരുന്നത്. ട്രാക്ക് പെർഫോമൻസിന് ഊന്നൽ നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഈ എഞ്ചിൻ 24 Hp പവറും 18.5 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലിപ്പർ ക്ലച്ചോട് കൂടിയ 6-സ്പീഡ് ഗിയർബോക്സ്, ക്വിക്ക് ഷിഫ്റ്റർ എന്നിവ മികച്ച റൈഡിങ് അനുഭവം നൽകും.

മികച്ച റോഡ് ഗ്രിപ്പ് നൽകുന്ന വീതിയേറിയ റേഡിയൽ റിയർ ടയർ, വശങ്ങളിലെ സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ എഞ്ചിൻ സ്റ്റാർട്ടാകുന്നത് തടയുന്ന സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ബൈക്കിലുണ്ടാകും.

പ്രതീക്ഷിക്കുന്ന മൈലേജ് 30 kmpl ആണ്. പുതിയ 200cc സെഗ്മെന്റിൽ മികച്ച പെർഫോമൻസിനൊപ്പം ഭേദപ്പെട്ട ഇന്ധനക്ഷമതയും നൽകുക എന്നതാണ് യമഹ ലക്ഷ്യമിടുന്നത്. ഇതിനായി 14 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക് നൽകാൻ സാധ്യതയുണ്ട്. ഒരു തവണ ഫുൾ ടാങ്ക് അടിച്ചാൽ ഏകദേശം 420 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിലൂടെ സാധിച്ചേക്കാം.

കെടിഎമ്മിന് വെല്ലുവിളിയായി യമഹയുടെ പുതിയ സ്പോർട്സ് ബൈക്ക്; 'YZF-R2' ഓഗസ്റ്റിൽ ഇന്ത്യയിലെത്തും
കറന്റ് അറിഞ്ഞ് വാങ്ങാം; ഇല്കട്രിക് സ്കൂട്ടറുകള്‍ക്കും സ്റ്റാര്‍ റേറ്റിങ് വരുന്നു

ഏകദേശം 2 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ എക്സ്-ഷോറൂം വില. 200cc സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ നിലവിൽ ആധിപത്യം പുലർത്തുന്ന കെടിഎം ആർസി 200 (KTM RC 200), ഹീറോ കരിസ്മ XMR എന്നിവയായിരിക്കും യമഹ YZF-R2-ന്റെ പ്രധാന എതിരാളികൾ. മികച്ച പെർഫോമൻസും ആകർഷകമായ സ്റ്റൈലിങും പുത്തൻ സാങ്കേതികവിദ്യകളും കോർത്തിണക്കി എത്തുന്ന പുതിയ R2, മിഡ്-കപ്പാസിറ്റി സ്പോർട്സ് ബൈക്ക് വിപണിയിൽ യമഹയുടെ സ്ഥാനം കൂടുതൽ ഭദ്രമാക്കുമെന്നാണ് വിലയിരുത്തൽ.

Summary

Yamaha is all set to launch its highly anticipated sportbike, the YZF-R2, in India. Slated for an official debut around August 27, this new model is designed to bridge the gap between Yamaha's popular R15 and R3 models. The YZF-R2 is a key component of the company's global portfolio expansion strategy and has already been trademarked in multiple regions, including India, Australia, New Zealand, Europe, and the Philippines.

Madism Digital
madismdigital.com