

ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നിന്ന് ഒരു ക്രിസ്ത്യന്‍ കുടുംബം ബെംഗുളൂരുവിലേക്ക് കുടിയേറുന്നു. പുന്നത്തൂര്‍ രാജാവിന്റെ കാലഘട്ടം മുതലുള്ള കച്ചവട പാരമ്പര്യവും കൈമുതലാക്കിയായിരുന്നു ജോസഫിന്റെയും ത്രേസ്യയുടെയും ബെംഗുളൂരുവിലേക്കുള്ള യാത്ര. മധുര പലഹാരങ്ങളും കേക്കും വൈനുമൊക്കെയായി ആദ്യം ആരംഭിച്ചത് ബേക്കറി ബിസിനസ്, രക്തത്തിലലിഞ്ഞ ബിസിനസ് പാരമ്പര്യം അവിടെയും മുതല്‍ക്കൂട്ടായി, അവിടെ വലിയ വിജയം കൈവരിക്കാനും ഇരുവര്‍ക്കും സാധിച്ചു.
ജോസഫിന്റെയും ത്രേസ്യയുടെയും ബിസിനസ് വളര്‍ച്ചയുടെ തുടക്കം കണ്ടുകൊണ്ടാണ് മകന്‍ സിജെ റോയ് വളരുന്നത്. റോയിക്കൊപ്പം സഹോദരങ്ങള്‍ക്കും ബിസിനസിലുള്ള താല്‍പ്പര്യം വളരുന്നതും ബെംഗുളൂരുവില്‍ നിന്നു തന്നെ! ബിസിനസ് പ്രൊഫഷണലായി പഠിക്കാന്‍ സ്വിസ് ബിസിനസ് സ്‌കൂളില്‍ ചേര്‍ന്നു, ബിസിനസ് അഡ്മിനിസ്‌ട്രേഷനിലായിരുന്നു ഉന്നത വിദ്യാഭ്യാസം. അതിനു മുന്‍പ് ഫ്രാന്‍സിലും ഉന്നത പഠനം പൂര്‍ത്തിയാക്കി. കരിയര്‍ ആരംഭിക്കുന്ന ഫോര്‍ച്യൂണ്‍ 500 കമ്പനിയായ എച്ച്പിയില്‍ നിന്ന്, അക്കാലത്തെ ഉന്നത ശമ്പളത്തിലായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറായ റോയിയുടെ തുടക്കം!.
പാരമ്പര്യമായി ബിസിനസ് ചെയ്തിരുന്ന റോയിക്ക് സ്ഥിരതയുള്ള വൈറ്റ് കോളര്‍ ജീവിതം പെട്ടന്നു തന്നെ മടുത്തു തുടങ്ങിയത് അക്കാലത്താണ്. കടം വാങ്ങാതെ എങ്ങനെ ബിസിനസ് തുടങ്ങാമെന്ന ആലോചനയിലായിരുന്നു ആദ്യകാലഘട്ടത്തില്‍. സീറോ ഡെറ്റ് ബിസിനസ് മാതൃക ശ്രമകരമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും അതാണ് തന്റെ വഴിയെന്ന് റോയി ഉറപ്പിച്ചിരുന്നു. 2006ല്‍ ജോലി ഉപേക്ഷിച്ച് റോയി കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് സ്ഥാപിക്കുന്നു. ബെംഗുളൂരുവിന്റെ വളര്‍ച്ചയായിരുന്നു റോയിയുടെ ബിസിനസിന്റെ കാതല്‍. ബെംഗുളൂരു ഐടി ഹബ്ബായി മാറിയതോടെ തലവര തെളിഞ്ഞത് റോയിയുടേതാണ്. ആവേശം സിനിമയിലെ രങ്കണ്ണനെ പോലെ അക്കാലത്ത് റോയി വാങ്ങിച്ച തരിശ് ഭൂമികളെല്ലാം കോടികള്‍ക്ക് വിറ്റുപോയി. വാങ്ങിയതെല്ലാം പൊന്നുംവിലയ്ക്ക് സ്വന്തമാക്കാന്‍ ആളുകളെത്തിയപ്പോള്‍ അയാള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അതികായനായി! ആരെയും മോഹിപ്പിക്കുന്ന വളര്‍ച്ച.
ബെംഗുളൂരു വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കെല്ലാം കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പിന്റെ അപ്പാര്‍ട്ട്‌മെന്റുകളും ഫ്‌ളാറ്റുകളും തലയുയര്‍ത്തി നിന്നു, ബിസിനസ് അതിവേഗം മിഡില്‍ ഈസ്റ്റിലേക്കും അമേരിക്കയിലേക്കുമെല്ലാം വളര്‍ന്നു പന്തലിച്ചു. ഇതോടെ മറ്റു മേഖലകളിലേക്കും റോയ് ബിസിനസ് വളര്‍ത്തി. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, എന്റര്‍ടെയിന്‍മെന്റ് (സിനിമകള്‍, ടിവി സ്‌പോണ്‍സര്‍ഷിപ്പുകള്‍), ബില്‍ഡിങ് മെറ്റീരിയല്‍സ്, ഏവിയേഷന്‍, ഹെല്‍ത്ത് മേഖലകളിലേക്കും അദ്ദേഹമെത്തി. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങര്‍ വിജയിക്ക് അക്കാലത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ളാറ്റാണ് കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ നല്‍കിയത്. സംരംഭക രംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കൂടുതലൊന്നും ആവശ്യമായിരുന്നില്ല.
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ'യിലൂടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിനിമ നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഒടുവില്‍ ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രം 'അനോമി'യുടെ നിര്‍മ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്. 'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍', 'മേം ഹൂം മൂസ', 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം', 'ഐഡന്റിറ്റി' തുടങ്ങിയ ചിത്രങ്ങളും കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. സിനിമയിലൂടെ പണം സമ്പാദിക്കുക എന്നതിലുപരി സിനിമയെന്ന കലയോട് റോയ് പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നുവെന്നതാണ് അധികമാര്‍ക്കും അറിയാത്ത മറ്റൊരു വസ്തുത.
ആരും പ്രതീക്ഷിത്തൊരു ജീവിതാന്ത്യമാണ് സിജെ റോയിയുടേത്, ജീവിതത്തില്‍ എല്ലാം നേടിയെന്ന് അദ്ദേഹം അവസാന അഭിമുഖത്തില്‍ പറയുന്നുണ്ട്, ഒരുപക്ഷേ നിയോഗംപോലൊരു പറച്ചിലാകുമത്!
English Summary: C.J. Roy, founder and chairman of Confident Group, built a debt-free business empire over three decades starting from humble bakery roots in Bengaluru. A mechanical engineer who left a Fortune 500 job at HP, he expanded into real estate, hospitality, education, aviation, health, and film production—producing hits like Casanova, Marakkar, Identity, and Anomi (Bhavana’s 90th film).