

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ സേവനം ലഭ്യമാക്കാൻ ഗൂഗിൾ പേ അവതരിപ്പിച്ച ‘പോക്കറ്റ് മണി’ ഫീച്ചറിനെതിരെ വ്യാജവാർത്ത പ്രചരിക്കുന്നുണ്ട്. ഈ ഫീച്ചർ തട്ടിപ്പാണെന്നും ഐക്കണിൽ തൊട്ടാൽ പണം നഷ്ടമാകെന്നും ഉപഭോക്താക്കളെ മുന്നറിയിപ്പുനൽകുന്ന ശബ്ദ സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് സത്യം
‘പോക്കറ്റ് മണി’ ഫീച്ചർ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ‘യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ’ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭീം ആപ്പിൽ ആരംഭിച്ച ഈ സംവിധാനത്തിലൂടെ ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് പണമിടപാടുകൾ നടത്താനുള്ള അനുമതി നൽകാം.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. അതിനാൽ ‘പോക്കറ്റ് മണി’ ഫീച്ചറിനെതിരെ പ്രചരിക്കുന്ന തട്ടിപ്പ് ആരോപണങ്ങൾ വ്യാജമാണെന്നും ഉപഭോക്താക്കൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
English Summary: Viral claims calling Google Pay’s “Pocket Money” feature a scam are false; it is a legitimate UPI-based system designed to enable controlled transactions for users without bank accounts