

ജിഎസ്ടി 3.0 എന്ന പുതിയ പരിഷ്‌കാരത്തിലേക്കു രാജ്യം കടക്കുകയാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. തുടക്കത്തില്‍ ലളിതമായ നികുതി ഫയലിങ് സംവിധാനമായിരുന്ന ജിഎസ്‌ടി, ഇന്ന് രാജ്യത്തെ മുഴുവന്‍ ബിസിനസ് ഇടപാടുകളുടെയും ഡേറ്റ കേന്ദ്രമായി മാറിക്കഴിഞ്ഞു. ഈ ഡേറ്റയെ നിർമിതബുദ്ധി ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഒരു 'ഇന്റലിജന്‍സ് സിസ്റ്റം' ആക്കി മാറ്റാനാണ് പുതിയ ബ്ലൂപ്രിന്റിലൂടെ ലക്ഷ്യമിടുന്നത്. ലളിതമായ ബിസിനസ് സൗഹൃദ അന്തരീക്ഷം വാഗ്ദാനം ചെയ്യുമ്പോഴും സാധാരണ വ്യാപാരികളെയും വ്യവസായികളെയും ഈ പുതിയ കടുത്ത സാങ്കേതിക നിരീക്ഷണം എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്കകളാണ് ഉയരുന്നത്.
കമ്പ്യൂട്ടര്‍ സിസ്റ്റം ഉണ്ടാക്കുന്ന ചെറിയ സാങ്കേതികപ്പിഴവുകള്‍ പോലും വലിയ നികുതി തട്ടിപ്പുകളായി വ്യാഖ്യാനിക്കപ്പെടാനും വ്യാപാരികള്‍ മുന്‍കൂട്ടി തന്നെ സംശയനിഴലിലാകാനും ഇത് കാരണമായേക്കാം
ജിഎസ്ടി 3.0-ന്റെ ഏറ്റവും വലിയ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്നത് ഇന്‍വോയ്സ് ഇന്റലിജന്‍സ്, ഫ്രോഡ് സ്‌കാനര്‍, റിസ്‌ക് റഡാര്‍ തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളാണ്. നികുതി പരിശോധനകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ സിസ്റ്റം തനിയെ പിഴവുകള്‍ കണ്ടെത്തുമെന്നാണ് ഇതിന്റെ അനുകൂലികള്‍ പറയുന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കു വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ സിസ്റ്റം ഉണ്ടാക്കുന്ന ചെറിയ സാങ്കേതികപ്പിഴവുകള്‍ പോലും വലിയ നികുതി തട്ടിപ്പുകളായി വ്യാഖ്യാനിക്കപ്പെടാനും വ്യാപാരികള്‍ മുന്‍കൂട്ടി തന്നെ സംശയനിഴലിലാകാനും ഇത് കാരണമായേക്കാം. കോര്‍പ്പറേറ്റുകള്‍ക്ക് വലിയ സാങ്കേതിക സംവിധാനങ്ങളുണ്ടെങ്കിലും സാധാരണ വ്യാപാരികള്‍ക്ക് ഈ ഡിജിറ്റല്‍ റഡാറുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല.
പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈദ്യുതിയും ജിഎസ്‌ടിക്കു കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ ഘട്ടത്തിലെ മറ്റൊരു പ്രധാന നിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് ഇതു ചിലപ്പോള്‍ താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരത്തിന്മേലുള്ള കടുത്ത കടന്നുകയറ്റമായി ഇതു മാറും. നിലവില്‍ സംസ്ഥാനങ്ങള്‍ക്കു സ്വന്തമായി നികുതി ചുമത്തി വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഏക മേഖല ഇതാണ്. ഇതുകൂടി ജിഎസ്‌ടിക്കു കീഴിലാകുന്നതോടെ സംസ്ഥാനങ്ങള്‍ വരുമാനത്തിനായി പൂര്‍ണമായും കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരും. ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം നീക്കങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന വിമര്‍ശനം ശക്തമാണ്.
ഒരു സിംഗിള്‍ റിട്ടേണ്‍ ഫയലിങ്ങും തത്സമയ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങള്‍ വ്യാപാരികളില്‍ ഭീതിയാണുണ്ടാക്കുന്നത്. ജിഎസ്‌ടിയുടെ തുടക്കകാലം മുതല്‍ സാങ്കേതിക തകരാറുകള്‍ കാരണം വലഞ്ഞ ബിസിനസ് മേഖലയ്ക്കു മേല്‍ കൂടുതല്‍ ഡിജിറ്റല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
നാല് നികുതി സ്ലാബുകള്‍ മൂന്നാക്കി ചുരുക്കിയപ്പോഴും ഉയര്‍ന്ന സ്ലാബ് 40 ശതമാനമായി നിലനിര്‍ത്തിയത് വിപണിയിലെ വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ഗെയിമിങ്ങിനുമേല്‍ 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയിലൂടെ ലക്ഷക്കണക്കിനു കോടി രൂപയുടെ ബാധ്യതയാണ് വ്യവസായ മേഖലയ്ക്ക് മേല്‍ വന്നുചേര്‍ന്നിരിക്കുന്നത്. വരുമാനത്തില്‍ റെക്കോര്‍ഡുകള്‍ (23.11 ലക്ഷം കോടി രൂപ) സൃഷ്ടിക്കുമ്പോഴും ഡിജിറ്റല്‍ നിയമങ്ങളുടെ അമിത ഭാരം കാരണം സാധാരണ ബിസിനസുകള്‍ക്കു ശ്വാസം മുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജിഎസ്‌ടി 3.0 കൂടുതല്‍ കര്‍ശനമായ ഡിജിറ്റല്‍ ഭരണത്തിലേക്കു മാറുമ്പോള്‍, അത് വ്യവസായങ്ങള്‍ക്കു 'സുതാര്യത' നല്‍കുമെന്നതിനേക്കാള്‍ വലിയൊരു 'ഡിജിറ്റല്‍ നിരീക്ഷണക്കണ്ണായി' മാറുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
Reports suggest that India is preparing for GST 3.0, a major overhaul aimed at transforming the Goods and Services Tax system into an AI-driven digital intelligence platform. While GST was initially introduced as a simplified tax filing framework, it has evolved into a vast repository of business transaction data. The proposed reforms are expected to use artificial intelligence and advanced data analytics to improve compliance, detect tax evasion, and streamline tax administration. However, the increased use of technology and automated monitoring has raised concerns among traders and businesses about compliance burdens, privacy, and enhanced regulatory scrutiny.