ഇന്ത്യയിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യക്ക് മങ്ങൽ; തിളങ്ങി യു.എസും യു.എ.ഇയും

റഷ്യൻ ക്രൂഡ് ഓയിലിന്റെ നിരക്കിൽ യൂറോപ്യൻ യൂണിയൻ പരിധി നിശ്ചയിച്ചതും, റഷ്യൻ ഇന്ധന വ്യാപാരത്തിനെതിരെ യു.എസ്. നിയന്ത്രണങ്ങൾ കർശനമാക്കിയതും ആഗോള ക്രൂഡ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തി.
ഇന്ത്യയിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ
റഷ്യക്ക് മങ്ങൽ; തിളങ്ങി യു.എസും യു.എ.ഇയും
Published on

ഇന്ത്യയും റഷ്യയും തമ്മിൽ തുടരുന്ന ക്രൂഡ് ഓയിൽ വ്യാപാരത്തിൽ വൻ ഇടിവ്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്ത് മാസക്കാലയളവിലെ ഇന്ധന വ്യാപാര കണക്കുകളിലാണ് ഈ അപ്രതീക്ഷിത മാറ്റം വ്യക്തമായത്. നിലവിൽ യു.എസും യു.എ.ഇയും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുൻനിരയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയുമായി നടത്തുന്ന ഇന്ധന വ്യാപാരത്തിൽ ഏകദേശം 17.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം യു.എസ്.എയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 83.3 ശതമാനവും യു.എ.ഇയിൽ നിന്നുള്ളത് 8.7 ശതമാനവും വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

റഷ്യ–യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷവും റഷ്യയുമായി ഇന്ധന വ്യാപാരം തുടരുന്ന പ്രധാന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ കമ്പനികൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോഴും, വൻ ഇളവുകളിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു.

എന്നാൽ 2025-ന്റെ പകുതിയോടെ റഷ്യൻ ഇന്ധനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മർദ്ദം വർധിച്ചതോടെയാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചതെന്ന് റൂബിക്സ് റിപ്പോർട്ട് വിലയിരുത്തുന്നു. റഷ്യൻ ക്രൂഡ് ഓയിലിന്റെ നിരക്കിൽ യൂറോപ്യൻ യൂണിയൻ പരിധി നിശ്ചയിച്ചതും, റഷ്യൻ ഇന്ധന വ്യാപാരത്തിനെതിരെ യു.എസ്. നിയന്ത്രണങ്ങൾ കർശനമാക്കിയതും ആഗോള ക്രൂഡ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തി.

ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും വിതരണം ചെയ്തിരുന്ന റഷ്യൻ ഓയിൽ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് ഒക്ടോബറിൽ യു.എസ്. വിലക്ക് പ്രഖ്യാപിക്കുകയും, നവംബറോടെ അത് പ്രാബല്യത്തിൽ വരികയും ചെയ്തതോടെയാണ് സാഹചര്യങ്ങൾ മാറിമറിഞ്ഞത്.

English Summary: India’s crude oil imports from Russia have declined sharply in 2025, while imports from the United States and the UAE have increased significantly.

Related Stories

No stories found.
Madism Digital
madismdigital.com