

മുംബൈ: കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കൾ വർധിക്കുന്നതായി റിപ്പോർട്ട്. എൻവിറോകാറ്റലിസ്റ്റാണ് കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹിയാണ് ഒന്നാമത്, കേരളം രണ്ടാമതാണ്. 2024നെ അപേക്ഷിച്ച് 77 ശതമാനം വിൽപ്പന വർധനവാണ് 2025ൽ രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള അവബോധമാണ് വില്പനയുടെ ആക്കം കൂട്ടിയതെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം 8 ലക്ഷത്തിലധികം ലക്ഷം വാഹനങ്ങളാണ് കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ 106111 വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് ഏകദേശം 12.08 ശതമാനമാണ് കേരളത്തിൽ ഈ വർഷം നിരത്തിലിറങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ. എന്നാൽ ഡൽഹിയിൽ ആകെ 817705 വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ, 113742 വാഹനങ്ങളാണ് ഇലക്ട്രിക് ആയിരുന്നത്. അതോടെ 13.91 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്യപ്പെട്ടു. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് കർണാടകയാണ്, 10 .64 ശതമാനം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 9 .89 ശതമാനവുമായി ഉത്തർപ്രദേശാണ് നാലാം സ്ഥാനത്ത്. 8 .23 ശതമാനവുമായി മധ്യപ്രദേശാണ് ആദ്യ അഞ്ചിൽ അവസാനത്തേത്.
രാജ്യത്ത് 2022ൽ വെറും 5 ശതമാനം മാത്രമായിരുന്ന ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ ഇന്ന് ഇരട്ടിയിലധികമായിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവി നയത്തിന്റെ ഭാഗമായി ചാർജിങ് സ്റ്റേഷനുകൾ വർധിച്ചതോടെയാണ് ഈ മാറ്റം ഉണ്ടാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ ടു വീലറുകളുടെ വിപണിയിലും വമ്പൻ മാറ്റങ്ങൾ ഉണ്ട്. ഏഥർ എനർജി ആണ് ടു വീലർ വിപണനത്തിൽ ഒന്നാമത്. ഏകദേശം 29 ശതമാനം ഇലക്ട്രിക് ടു വീലർ വിപണനമാണ് കമ്പനി കഴിഞ്ഞ വർഷം നടത്തിയത്. ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ഒന്നാമത് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയാണ്. 53 ശതമാനം വിൽപ്പനയാണ് ഇലക്ട്രിക് കാറുകളിൽ കമ്പനി നേടിയത്.
English Summary: Kerala has emerged as the second-highest state in India for electric vehicle adoption, following Delhi, with EV registrations seeing sharp growth driven by increased awareness and supportive policies.