

ബിസിനസ് മാത്രമല്ല തങ്ങളുടെ സ്ഥാപനമെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച് ഓക്സിജന്‍ ഗ്രൂപ്പ്. 26 വർഷമായി ആത്മാർത്ഥതയോടെ സ്ഥാപനത്തോടൊപ്പം നിന്ന പ്രവീൺ പ്രകാശിന്, ആഡംബരത്തിന്റെ പ്രതീകമായ ബി.എം.ഡബ്ല്യു iX1 കാർ സമ്മാനമായി നൽകി ഓക്സിജൻ ഗ്രൂപ്പ് സ്ഥാപകൻ ഷിജോ കെ തോമസ്. മനുഷ്യസ്നേഹത്തിനും ചേർത്തുനിർത്തലും തങ്ങള്‍ക്കിടയില്‍ എന്നും നിലനില്‍ക്കുമെന്ന് തെളിയിക്കുന്നതാണ് ഈ വിഷു സമ്മാനം
കോട്ടയം കുമരകം ബാക്ക്‌വാട്ടർ പ്ലസിൽ നടന്ന ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ വാർഷിക സംഗമമായ ‘അന്വേഷൻ’ വേദിയിലായിരുന്നു ഈ ഹൃദയഹാരിയായ സർപ്രൈസ്. യാതൊരു ടാർഗറ്റുകളോ നിർദ്ദിഷ്ട മാനദണ്ഡങ്ങളോ ഇല്ലാതെ, സമർപ്പണത്തിനും വിശ്വാസത്തിനും നൽകിയ അംഗീകാരമായി സമ്മാനം മാറി.
19-ാം വയസ്സിൽ ബിരുദം പൂർത്തിയാക്കി സർവീസ് ടെക്‌നീഷ്യനായി ഓക്സിജനിലെത്തിയ പ്രവീൺ, ഇന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയത് അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ആത്മാർത്ഥതയും തെളിയിക്കുന്നു. ശ്രദ്ധേയമായ കാര്യം, കമ്പനിയുടെ സ്‌നേഹസമ്മാനമായി ലഭിച്ച മാരുതി പ്രസ്സോ ആയിരുന്നു പ്രവീണിന്റെ ജീവിതത്തിലെ ആദ്യ വാഹനം.
'സ്ഥാപനത്തെ സ്വന്തമായി കണ്ട് പ്രവർത്തിച്ചാൽ ഉയരങ്ങൾ സ്വയം എത്തിച്ചേരും എന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് പ്രവീൺ,' എന്നാണ് ഷിജോ കെ തോമസ് പറഞ്ഞത്. അതേസമയം, തന്റെ ജീവിതത്തിൽ ഇത്ര വലിയൊരു അത്ഭുതം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പ്രവീൺ പ്രകാശ് പ്രതികരിച്ചത്.
തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസം, പരസ്പര ബഹുമാനം, സ്നേഹപൂർണ്ണ ബന്ധം എന്നിവയാണ് ഓക്സിജൻ ഗ്രൂപ്പിന്റെ ശക്തി. ഒരുമിച്ച് വളരുകയും നേട്ടങ്ങൾ പങ്കിടുകയും ചെയ്യുന്ന ഈ അപൂർവ സംസ്കാരം, ഇന്നത്തെ കോർപ്പറേറ്റ് ലോകത്തിന് പ്രചോദനകരമായ മാതൃകയായി മാറുകയാണ്.
English Summary: Oxygen Group honored its long-serving employee Praveen Prakash with a luxury BMW iX1 car for his 26 years of dedication. Starting as a technician and rising to Vice President, his journey reflects loyalty, trust, and a unique employee-first corporate culture in Kerala